കാക്കനാട്: പൊലീസ് സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ഹരിപ്പാട് വെട്ടുവേണി ഈരേഴിയിൽ വീട്ടിൽ അൽ അമീനാണ് (24) തൃക്കാക്കര പൊലീസ് പിടിയിലായത്. മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയ സ്ഥലത്തുനിന്ന് തൃക്കാക്കര പൊലീസ് കണ്ടെത്തിയ ബൈക്കാണ് അടുത്ത ദിവസം കാണാതായത്. വ്യാഴാഴ്ച പാലച്ചുവട് വ്യാസ വിദ്യാലയത്തിന് സമീപത്തുനിന്നാണ് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടിയത്.
സമീപത്തുതന്നെ ഉണ്ടായിരുന്ന ഉടമസ്ഥൻ ഇല്ലാത്ത ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പരിശോധനയിൽ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി. അപകടത്തിൽ തകർന്ന് കൊല്ലം ജില്ലയിലെ വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരുന്ന വാഹനത്തിന്റെ നമ്പറായിരുന്നു ബൈക്കിൽ പ്രദർശിപ്പിച്ചിരുന്നത്. മറ്റു നടപടികൾക്കായി സ്റ്റേഷൻ വളപ്പിലെ പാർക്കിങ് ഏരിയയിൽ സൂക്ഷിച്ച വാഹനം വെള്ളിയാഴ്ച ഉച്ച മുതൽ കാണാതാവുകയായിരുന്നു. സ്റ്റേഷനിൽനിന്ന് വാഹനം മോഷണം പോയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുനടത്തിയ അന്വേഷണത്തിലാണ് പച്ചാളത്ത് ഈ ബൈക്ക് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.ബി. അനീഷ്, എൻ.ഐ. റഫീഖ്, വൈശാഖ്, റോയി കെ. പുന്നൂസ്, സി.പി.ഒമാരായ ജാബിർ സലീം, അയ്യപ്പദാസ്, ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ബൈക്കിന്റെ എൻജിൻ നമ്പറും ഷാസി നമ്പറും ഉപയോഗിച്ച് യഥാർഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.