റായ്പുർ: ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിൽ ഭർത്താവും കാമുകനും ചേർന്ന് യുവതിയെ കൊന്ന് മൃതദേഹം വനത്തിൽ കുഴിച്ചുമൂടി. പിടിക്കപ്പെടാതിരിക്കാൻ ഇരുവരും ചേർന്ന് ബോളിവുഡ് സിനിമയായ ‘ദൃശ്യം’ കണ്ട ശേഷമാണ് കൊല നടത്തിയതും മൃതദേഹം മറവ് ചെയ്തതുമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ഉപേക്ഷിച്ചുപോയ ഭർത്താവ് ലുകേഷ് സാഹു (29), യുവതിയുമായി അടുപ്പമുണ്ടായിരുന്ന രാജാറാം സാഹു (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 19ന് നടന്ന സംഭവത്തിൽ, ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും പിടിയിലായത്.
ജൂലൈ 22ന് യുവതിയുടെ പിതാവും കല്യാൺപുർ സ്വദേശിയുമായ രാംഘിലാവൻ സാഹു, മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മൂന്ന് വർഷം മുമ്പ് യുവതിയെ ഭർത്താവായ ലുകേഷ് ഉപേക്ഷിച്ചിരുന്നു. പിന്നീടിവർ പിതാവിന്‍റെ വീട്ടിലാണ് താമസിച്ചുവന്നത്. കോടതി ഉത്തരവ് പ്രകാരം ഭാര്യക്കും മൂന്ന് മക്കൾക്കും ലുകേഷ് ജീവനാംശം നൽകിയിരുന്നു.
പ്രതിമാസം ഭാര്യക്കും കുട്ടികൾക്കും ചെലവിനുള്ള തുക നൽകി താൻ കടക്കാരനായെന്ന് ലുകേഷ് പൊലീസിനോട് പറഞ്ഞു. യുവതിയോട് അടുപ്പമുണ്ടായിരുന്ന രാജാറാം, പലപ്പോഴായി അവർ തന്നിൽനിന്ന് ഒന്നരലക്ഷം രൂപയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കൈപ്പറ്റിയതായി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. യുവതിക്ക് പണം നൽകുന്ന സാഹചര്യം ഇല്ലാതാക്കാൻ ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
അജയ് ദേവ്ഗൺ നായകനായ ദൃശ്യം കണ്ടപ്പോൾ മുതൽ യുവതിയെ കൊല്ലാനുള്ള പദ്ധതികൾ ഇരുവരും ചേർന്ന് ആലോചിച്ചു. രാജാറാം നാല് തവണയും ലുകേഷ് രണ്ട് തവണയും സിനിമ കണ്ടു. ജൂലൈ 19ന് രാജാറാം യുവതിയോടൊപ്പം അവരുടെ ഇരുചക്ര വാഹനത്തിൽ വനത്തിലെത്തി. നേരത്തെ തീരുമാനിച്ചതു പ്രകാരം ലുകേഷും സ്ഥലത്ത് എത്തിയിരുന്നു. ഇരുവരും ചേർന്ന് യുവതിയെ സാരി ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയും താഴ്വരയിൽ കുഴിച്ചുമൂടുകയും ചെയ്തു.
യുവതിയുടെ വാഹനവും മൊബൈൽ ഫോണും സമീപത്തെ തടയണയിൽ താഴ്ത്തി. ആഭരണങ്ങൾ അഴിച്ചെടുത്ത് ഗ്രാമത്തിലെ വൈദ്യുത തൂണിനു സമീപം കുഴിച്ചിട്ടു. കുഴിയെടുക്കാൻ ഉപയോഗിച്ച മൺവെട്ടി മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു. തെളിവെടുപ്പ് വേളയിൽ പൊലീസ് ഇവയെല്ലാം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.