ന്യൂഡൽഹി: ബോളിവുഡ് സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 18കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. രോഹൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നോർത്ത് ഡൽഹിയിലെ ബുരാരിയിലാണ് ദാരുണ സംഭവം നടന്നത്.
10 ലക്ഷം രൂപ മോചനദ്രവ്യത്തിനായാണ് പ്രതികൾ കൗമാരക്കാരനെ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ബോളിവുഡ് ചിത്രമായ അപഹരനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ കൃത്യം ആസൂത്രണം ചെയ്തത്. ബുരാരിയിലെ മുറിയിൽ നിന്നും പൊലീസ് മൃതദേഹം കണ്ടെത്തി.
ഷോറൂമിലെ ജീവനക്കാരനായ പ്രതി ഗോപാലും രോഹനും സുഹൃത്തുക്കളായിരുന്നു. ബർത്ത്ഡേ പാർട്ടിക്കെന്ന വ്യാജേനയാണ് രോഹനെ പ്രതി വീട്ടിൽ നിന്നും കൊണ്ടുപോയത്. പിന്നീട് കൂട്ടാളികളുടെ സഹായത്തോടെ ബുരാരിയിലെ മുറിയിലെത്തിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മുറിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതികൾ പിറ്റേദിവസം രോഹന്‍റെ കുടുംബത്തെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടു.
പതിവു പോലെ ജോലിക്ക് പോകുന്നതിനിടെ രോഹന്റെ കുടുംബം പൊലീസിനെ സമീപിച്ച വിവരം ഗോപാൽ അറിഞ്ഞു. സുഹൃത്ത് ഗോപാലിനൊപ്പം പിറന്നാളാഘോഷത്തിന് പോയ രോഹൻ തിരിച്ചെത്തിയില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകി. ഇതോടെ പ്രതികൾ രോഹന്റെ മൊബൈൽ ഫോൺ യു.പിയിലേക്ക് കടത്തുകയും ലോക്കേഷൻ തുടർച്ചയായി മാറ്റുകയും ചെയ്തു. അവാസനം ഗോപാലിനെ ബുരാരിയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.