പാലക്കാട്ടുകാരൻ ഫൈസൽ ഒരിക്കൽ തന്റെ മകൻ അമൻ മുഹമ്മദിന്റെ ഡ്രോയിങ് ബുക്ക് ചുമ്മാ മറിച്ചുനോക്കിയപ്പോൾ അതിലെ വര കണ്ട് തെല്ലൊന്നമ്പരന്നു. ‘എന്ന് നിന്റെ മൊയ്തീനി’ൽ പൃഥ്വിരാജിന്റെ കഥാപാത്രമായ മൊയ്തീന്റെ മുഖം അതേ രൂപത്തിലും ഭാവത്തിലും വരച്ചിട്ടിരിക്കുന്നു.
തന്റെ മകനാണ് ഇത്രയും ഭംഗിയായി ഇത് വരച്ചതെന്ന് ഫൈസലിനോ ഭാര്യക്കോ ആദ്യം വിശ്വസിക്കാനായില്ല. അമനാണെങ്കിൽ ‘ഇതിത്ര വലിയ കാര്യമാണോ’ എന്ന ഭാവത്തിലും. എന്നാൽ കണ്മുന്നിൽ വരച്ച് കാണിച്ച മകന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ പിന്നെ അവരുടെ കടമ ചെയ്തു തുടങ്ങാൻ ഒട്ടും അമാന്തിച്ചില്ല.
ഉചിത സമയത്ത് പ്രോത്സാഹനങ്ങൾ കിട്ടാത്തത് കൊണ്ട് തിരിച്ചറിയാതെ പോയ പ്രതിഭകൾ നമുക്കിടയിൽ ഏറെയുണ്ടെന്ന് ഈ കുറിപ്പ് വായിക്കുന്ന ആർക്കും നിസ്സംശയം പറയാം. എന്നാൽ ഇക്കാര്യത്തിൽ അമൻ ഭാഗ്യവാനാണ്. സ്റ്റെൻസിൽ ഡ്രോയിങ്ങിൽ കാണിച്ച കഴിവും താൽപര്യവും തിരിച്ചറിഞ്ഞ മാതാപിതാക്കളും അധ്യാപകരും കൂട്ടുകാരും മത്സരിച്ച് പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി പ്രശസ്തരും അല്ലാത്തവരുമായ ഒട്ടേറെ മുഖങ്ങൾ അമനിന്റെ വിരലുകുടെ മാന്ത്രികതയിൽ പിറവി കൊണ്ടു.
സിനിമ- ഫുട്ബോൾ താരങ്ങളും യു.എ.ഇ രാജകുടുംബാംഗങ്ങളും സ്വന്തക്കാരെയും മറ്റുമായി ഒട്ടനവധി മുഖങ്ങൾ കടലാസിലൂടെ വീട്ടിൽ വിരുന്ന് വന്ന് തുടങ്ങി. പെൻസിൽ കൊണ്ട് രേഖാചിത്രം തയാറാക്കി അതിലൂടെ കറുപ്പ് നിറമുള്ള മാർക്കർ പേന ഉപയോഗിച്ച് ഓരോ മുഖങ്ങൾക്കും വേണ്ട ഭാവങ്ങൾ പതിച്ചു നൽകുന്നതാണ് ഈ കൊച്ചു കലാകാരന്റെ രീതി.
പാലക്കാട് കുമ്പിടി സ്വദേശികളായ അമൻ മുഹമ്മദ് മാതാപിതാക്കൾക്കൊപ്പം അബൂദാബിയിലാണ് താമസം. ഫൈസൽ ഷംനാ ദമ്പതികൾക്ക് അമനിനെ കൂടാതെ രണ്ട് പെൺമക്കളും ഒരു മകനും കൂടെയുണ്ട്. അബൂദാബി ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അമൻ മുഹമ്മദ് എന്ന ഈ ഭാവി വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.