പാഴ് വസ്തുക്കളാണ് സൂര്യയുടെ കാൻവാസ്

 നമ്മളൊക്കെ ഒഴിവാക്കുന്ന പാഴ് വസ്തുക്കള്‍ മികവും ഭംഗിയുമുള്ള കരകൗശല വസ്തുക്കളായി മാറ്റുന്നൊരു കലാകാരിയുണ്ട് യു.എ.ഇയിൽ. കുപ്പിയും, പാട്ടയും, തെർമോക്കോളും എന്തിന് ഒരു ചട്ടപ്പെട്ടി വരെ അതിമനോഹരമായ കാൻവാസാക്കി മാറ്റുന്ന സൂര്യ മനു എന്ന കണ്ണൂരുകാരി.

യൂട്യൂബിലും, ഇൻസ്റ്റഗ്രാമിലുമൊക്കെ പാഴ്‌വസ്തുക്കളുടെ രൂപവും ഭാവവുമൊക്കെ മാറ്റുന്ന സൂര്യയുടെ വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. യൂട്യൂബിൽ ഗോൾഡൻ പ്ലേ ബട്ടണും സൂര്യ സ്വന്തമാക്കിയിട്ടുണ്ട്. റോഡിൽ ഒഴിവാക്കിയ എന്ത് വസ്തുക്കള്‍ കണ്ടാലും സൂര്യയുടെ മനസ്സിൽ അതുവെച്ചൊരു കരകൗശല വസ്തു തെളിയും.

നന്നായി ചിത്രം വരയും പെയിന്‍റിങ്ങും അറിയുന്നതുകൊണ്ട് വിചാരിച്ചതിലും മനോഹരമാക്കി മാറ്റുകയും ചെയ്യും. നാട്ടിൽനിന്ന് ചെയ്‌തിരുന്ന ഇത്തരം ആർട്ട്​ വർക്കുകൾ യു.എ.ഇയിലെത്തിയ ശേഷവും തുടർന്നു. ഇമാറാത്തി വ്ലോഗ്ഗർമാരായ ഖാലിദ് സലാമ ദമ്പതികളുടെ ആരാധക കൂടിയായ സൂര്യ അവരുടെ പോർട്ടറേറ്റ് ചിത്രം വരച്ചാണ് യു.എ.ഇയിൽ നിന്ന് കലയുടെ ലോകത്തേക്ക് ചുവടുവെക്കുന്നത്.

അന്ന് അവരത് കണ്ടില്ലെങ്കിലും കുറച്ചു കാലങ്ങൾക്കുശേഷം തന്നെ ടാഗ് ചെയ്ത് അവർ നന്ദിയറിയിച്ചു. ഇത് തനിക്കേറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണെന്ന് സൂര്യ പറയുന്നു. ലോക്ക്ഡൗൺ സമയത്ത് എല്ലാവരെയും പോലെ ആർട് വർക്കുകൾ ചെയ്ത് യൂട്യൂബിൽ ഇട്ടു തുടങ്ങി. ആക്രി പെറുക്കലും ഒപ്പം തന്‍റെ കഴിവുകൾ കൂടി പുറത്തെടുത്ത് അത് എങ്ങനെ നല്ലൊരു ആര്‍ടാക്കി മാറ്റാമെന്നും വീഡിയോയിൽ കാണിച്ചു. അങ്ങനെ ആരാധകരും ഏറെയായി. ചെറുപ്പം മുതലേ ചിത്രം വരയും പെയിന്‍റിങ്ങും ഇഷ്ടമായിരുന്നു സൂര്യക്ക്.


നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. ആർട്ട്​ വർക്കുകൾ ചെയ്യാനും എക്സിബിഷനിൽ ആർട്ട് മോഡലുകൾ നിർമിക്കാനുമൊക്ക സൂര്യയുണ്ടാവും. സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. പണ്ട് ഇത്തരം കരകൗശല വസ്തുക്കൾ നന്നായുണ്ടാക്കാറുണ്ടായിരുന്ന തന്‍റെ അമ്മ സുനിതയിൽനിന്നാവണം തനിക്ക് ലഭിച്ച ഈ കലാവാസനയെന്ന് സൂര്യപറയുന്നു.

പെയിന്‍റിങ്ങിനും ചിത്രം വരക്കുമൊക്കെ അമ്മ കൂടെ തന്നെയുണ്ടാവും. തന്‍റെ ഈ ക്രിയേറ്റീവ് വർക്കുകൾക്ക് ഭർത്താവ്​ മനുവും വീട്ടുകാരും ഒക്കെ നല്ല പിന്തുണയാണ് നൽകുന്നത്. യൂട്യുബിൽ ആർട്ടുകൾ ചെയ്ത് വീഡിയോ ചെയ്യാൻ തനിക്ക് ഏറ്റവുമധികം പ്രോത്സാഹനം തന്നിട്ടുള്ളതും തന്‍റെ ഭർത്താവ് മനുവാണെന്നും സൂര്യ പറയുന്നു. ഭർത്താവിനും എട്ട് മാസം പ്രായമുള്ള മകൾ നൈഹ മനുവിനുമൊപ്പം യു.എ.ഇയിൽ കൽബയിലാണ് താമസം.


Tags:    
News Summary - arts from scraps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.