ഇന്ത്യക്കാർക്കിടയിൽ പ്രത്യേക ആമുഖത്തിന്റെ ആവശ്യമില്ലാത്ത നാമമാണ് ഹർഷ്ദീപ് കൗർ. വേറിട്ട സ്വരമാധുര്യം കൊണ്ട് സൂഫി-സിനിമ സംഗീത ശ്രേണിയിൽ നിലയിറപ്പിച്ചിരിക്കുകയാണ് ഹർഷദീപ് കൗർ. ഹിന്ദി, പഞ്ചാബി, ഇംഗ്ലീഷ്, സൂഫി സംഗീത ശാഖകളിൽ ഹർഷ ദീപ് ഇതിനോടകം ശബ്ദം പകർന്നു കഴിഞ്ഞു. അച്ഛന്റെ സംഗീത ഉപകരണങ്ങളുടെ ഫാക്ടറിയിൽ നിന്ന് തുടങ്ങുന്നതാണ് ഹർഷദ്ദീപിന്റെ സംഗീതത്തിലേക്കുള്ള ജൈത്ര യാത്ര. യു.എ.ഇയിൽ അടക്കം വിവിധ രാജ്യങ്ങളിൽ സംഗീത മഴ പെയ്യിക്കുന്ന ഹർഷ്ദീപ് ‘ഗൾഫ് മാധ്യമ’വുമായി വിശേഷങ്ങൾ പങ്കുവെക്കുന്നു.
എന്റെ സംഗീത യാത്രയെ മാതാപിതാക്കളുടെ അനുഗ്രഹമായാണ് കാണുന്നത്. അഞ്ചാം വയസ്സിലാണ് ആദ്യമായി വലിയ ജനസാഗരത്തിനു മുന്നിൽ പാടുന്നത്. എന്നെയും എന്റെ സംഗീതത്തെയും കുറിച്ചു രണ്ട് പേർ സംസാരിക്കുന്നുവെങ്കിൽ അതിന് പിന്നിൽ മാതാപിതാക്കളുടെ പരിശ്രമങ്ങൾ മാത്രമാണ്. എന്നോടൊപ്പം മുംബൈയിലേക്ക് ചേക്കേറി ഊർജം പകർന്ന് അവരെന്നെ കൃത്യമായി പരിപാലിച്ചു. അവരോടുള്ള കടപ്പാടുകൾ വാക്കിൽ ഒതുക്കാനാവില്ല.
ഒരേസമയം വെവ്വേറെ ഭാഷകളിൽ പാടുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. വ്യത്യസ്ത അക്ഷരങ്ങൾ, വ്യത്യസ്ത ഉചഛാരണ ശൈലി തുടങ്ങിയവ ഭാരിച്ച കടമ്പകളാണ്. അതുകൊണ്ടുതന്നെ എല്ലാ ഭാഷകളിലെ വരികളും ഹിന്ദിയിലേക്ക് മാറ്റിയെഴുതി ഭാരം തോന്നുന്നവ വേറിട്ട് രേഖപ്പെടുത്തി അവയിൽ ശ്രദ്ധ പതിപ്പിക്കുകയാണ് പതിവ്. സാധാരണഗതിയിൽ ഗാന രചിയതാവോ സംഗീത സംവിധായകനോ നമ്മെ സഹായിക്കാൻ സദാ സജ്ജമായിരിക്കും.
എ.ആർ. റഹ്മാൻ, വിശാൽ ശേഖർ, ശങ്കർ, അമിത്ത്രി വേദി
ഇവരുടെയെല്ലാം കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. ഓരോ സംഗീതസംവിധായകനും ഓരോ രീതിയിലാണ് സംഗീതത്തെ ചിട്ടപ്പെടുത്തുന്നത്. അതിനാൽ തന്നെ വേറിട്ട ഓരോ സംവിധാന ശൈലിയിലൂടെയും പഠിച്ചെടുക്കുന്നത് പുതിയ കാര്യങ്ങളാണ്. എന്റെ ശബ്ദത്തിന് അനേകം ട്യൂൺ സൃഷ്ടിച്ചെടുക്കുന്നത് സംഗീത സംവിധായകരുടെ ശ്രേഷ്ഠതയായാണ് ഞാൻ കണക്കാക്കുന്നത്.
വാസ്തവത്തിൽ ഞാൻ വളരെ അനുഗ്രഹീതയാണ്. ഹോളിവുഡ് ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാന്റെ കൂടെ അവരുടെ ലണ്ടൻ സ്റ്റുഡിയോയിൽ പാടിയതാണ് ഓർമ്മ വരുന്നത്. 127 മണിക്കൂറോളം ഇവിടെ ചിലവഴിച്ചു. സംഗീതത്തിന്റെ ഭാഷ സംഗീതമാണ്. രാജ്യം, ഭാഷ, സംസ്കാരം എന്നതിനെല്ലാമതീതമാണ് സംഗീതം.
ടർബന്റെ രഹസ്യം
സാധാരണ ജീവിതത്തിൽ ഞാൻ ടർബൺ ധരിക്കാറില്ല. ‘സിക്ക്’ ഐഡന്റിറ്റി എന്നതിലുപരി സൂഫി സംഗീതങ്ങൾക്ക് ഊന്നൽ നൽകുന്നതിനാലാണ് ഇത് ധരിക്കുന്നത്. ഗസൽ വേദികളിൽ തല മറയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ടർബനോട് കൂടി അംഗീകരിക്കുന്നതിനാൽ അതെന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കൂടിയായി മാറിയിരിക്കുകയാണ്.
ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഭക്തി ഗാനങ്ങൾ. എന്റെ ശബ്ദത്തിലൂടെ ആത്മീയ സംഗീതം ആസ്വദിക്കുന്നതും അതിലൂടെ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗവാക്കാകാനാകുന്നതും വലിയ ഭാഗ്യമാണ്. വ്യക്തിപരമായും സംഗീതപരമായും ആത്മീയ ഗാനങ്ങളെ വളരെയധികം സ്നേഹിക്കുന്നു.
പുതുതലമുറ
യുവതലമുറ പ്രധാനമായും സോഷ്യൽ മീഡിയയിൽ തരംഗമാകാനാണ് ശ്രമിക്കുന്നത്. ചെറിയ സമയത്തേക്കുള്ള ഫെയിം ആണ് അവർ ആഗ്രഹിക്കുന്നത്. സംഗീതത്തിന്റെ ഔദ്യോഗിക പഠനങ്ങൾ സ്വാംശീകരിക്കാൻ വരും തലമുറ തയ്യാറാകണമെന്നാണ് എന്റെ കാഴ്ചപ്പാട്.
മനുഷ്യന്റെ ലക്ഷ്യ സ്ഥാനം നിർണയിക്കുന്നതിൽ കുടുംബം ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. വിവാഹത്തിന് മുൻപും ശേഷവും ഇരു കുടുംബവും അളവറ്റ രീതിയിൽ സഹായിച്ചു. പലപ്പോഴും നല്ല വിമർശകരായും നിരൂപകരായും കുടുംബം നിലകൊണ്ടു. എനിക്കുവേണ്ടി എല്ലാം ത്യജിച്ചവരാണ് കുടുംബം.
കോവിഡും ലോക് ഡൗണും കൊണ്ടുപോയ വർഷങ്ങളാണ് കഴിഞ്ഞത്. 2023നെ സംഗീതത്തിന് വേണ്ടി മാത്രം ഉഴിഞ്ഞുവെക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.