ഇവരാണ് ധൈര്യശാലികളായ ആ അഞ്ചു സ്ത്രീകൾ

ഇവരാണ് ധൈര്യശാലികളായ ആ അഞ്ചു സ്ത്രീകൾ

നടപ്പുശീലങ്ങളെ പൊളിച്ചെഴുതുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. വിവിധ മേഖലകളിൽ സ്ത്രീസമൂഹത്തിനും രാജ്യത്തിനും വഴികാട്ടികളാകുന്ന സ്ത്രീകളെ അടയാളപ്പെടുത്താനും ആഘോഷിക്കാനുമായി ഒരു സ്വകാര്യ സംഘടന നടത്തുന്ന കാമ്പയിനിന്‍റെ അഞ്ചാം സീസണിൽ അഞ്ചു പേരെയാണ് തിരഞ്ഞെടുത്തത്. പ്രചോദനമേകുന്ന, ധൈര്യശാലികളായ ആ സ്ത്രീകളെ പരിചയപ്പെടാം...

ഹസീന ഖർബിഹ്

1. ഹസീന ഖർബിഹ്

മേഘാലയയിലെ ഷില്ലോങ്ങിൽനിന്നുള്ള ഹസീന രണ്ടു പതിറ്റാണ്ടിലേറെയായി വടക്കുകിഴക്കൻ മേഖലയിലെ മനുഷ്യക്കടത്തിനെതിരെ പോരാടുന്നു.

17ാം വയസ്സിൽ അവർ രൂപവത്കരിച്ച ഇംപൾസ് എൻ.ജി.ഒ നെറ്റ്‌വർക്കിന്‍റെ ആഭിമുഖ‍്യത്തിലാണ് പ്രവർത്തനങ്ങൾ. മേഖലയിലെ 30,000ത്തിലധികം കരകൗശലത്തൊഴിലാളികളെ ശാക്തീകരിക്കാൻ ഹസീനയുടെ പ്രവർത്തനങ്ങൾ മൂലം സാധിച്ചു.

ചൂഷണങ്ങൾക്കിരയാകാത്ത സാമൂഹിക-ഭൗതിക സാഹചര്യങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ഒരുക്കിക്കൊടുക്കുന്ന പ്രവർത്തനങ്ങളിൽ സജീവമാണ് അവരിപ്പോൾ.

വസുധ മാധവൻ

2. വസുധ മാധവൻ

വസുധയുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഓസ്റ്റാറ അഡ്വൈസേഴ്‌സ്’ ഇലക്ട്രിക് മൊബിലിറ്റിയിലും ക്ലൈമറ്റ് ടെക്കിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ബോട്ടിക് ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കാണ്.

ഇലക്ട്രിക് വാഹന വ്യവസായം ഞാണിന്മേൽ കളിയാണെന്ന് പലരും കരുതിയിരുന്ന കാലത്താണ് വസുധ സധൈര്യം ഈ മേഖലയിലേക്കിറങ്ങിയത്.

ഒരു ഇലക്ട്രിക് വാഹന കമ്പനി ഏറ്റെടുത്തായിരുന്നു വസുധയുടെ ചുവടുവെപ്പ്. 2018 മുതൽ 1,30,000നിന്ന് 2023ൽ 1.5 ദശലക്ഷത്തിലധികം യൂനിറ്റുകളായി ഇലക്ട്രിക് വാഹന വിൽപന കുതിച്ചുയർന്നു.

മാല ഹോന്നാട്ടി

3. മാല ഹോന്നാട്ടി

1992ലെയും 2011ലെയും പരാജയപ്പെട്ട രണ്ടു ശ്രമങ്ങൾക്ക് ശേഷം 2015ൽ എവറസ്റ്റിലെ മൂന്നാമത്തെയും അവസാനത്തെയും പര്യവേക്ഷണത്തിന് മാല ഹോന്നാട്ടി ഒരുങ്ങി. പക്ഷേ, ശക്തമായ ഭൂകമ്പം മൂലം ആ ശ്രമവും നടന്നില്ല. എന്നാൽ, സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ തയാറാകാതെ അവർ മാരത്തണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അങ്ങനെ അന്‍റാർട്ടിക്കയിലും എവറസ്റ്റ് ബേസ് ക്യാമ്പിലും മാരത്തൺ ഓടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവർ മാറി. ഇന്ന് ഈ 71ാം വയസ്സിൽ ഹിമാലയത്തിലുടനീളം നൂറുകണക്കിന് ട്രെക്കിങ്ങും പര്യവേക്ഷണങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 26 ഫുൾ മാരത്തണുകളും അവർ പൂർത്തിയാക്കി.

നിഹാരിക നായർ

4. നിഹാരിക നായർ

ആദിവാസി സമൂഹത്തിന്‍റെ ശബ്ദമാവാൻ നിഹാരിക എന്ന എട്ടാം ക്ലാസുകാരി ‘ട്രൈബലി’ എന്ന പേരിൽ പ്രോജക്ട് ആരംഭിച്ചു. അറിയപ്പെടാത്ത ആദിവാസി ഗോത്രങ്ങളെയും അവരുടെ നാടോടി നൃത്തങ്ങളെയും ഇതര സമൂഹങ്ങൾക്ക് പരിചയപ്പെടുത്താനായി തുടക്കം കുറിച്ച പ്രോജക്ടിലൂടെ, അവരുടെ സംസ്കാരങ്ങൾ നശിക്കുകയാണെന്നും ജീവിതം ഭീഷണിയിലാണെന്നും നിഹാരിക മനസ്സിലാക്കി.

വിവിധ പ്രവർത്തനങ്ങളിലൂടെ 10,000ത്തിലധികം ആദിവാസികളുടെ ജീവിതത്തിലേക്ക് പുതുവെളിച്ചം കൊണ്ടുവരാൻ ഈ ബംഗളൂരുകാരിക്ക് കഴിഞ്ഞു. 2023ൽ യു.എൻ ആസ്ഥാനത്ത് നടന്ന ആക്ടിവേറ്റ് ഇംപാക്ട് ഉച്ചകോടിയിൽ ‘ട്രൈബലി’ പ്രോജക്ട് അവതരിപ്പിച്ച് ആഗോളശ്രദ്ധ ക്ഷണിക്കാൻ ഈ 17കാരിക്ക് സാധിച്ചു.

ഡയാന പണ്ടോൾ

5. ഡയാന പണ്ടോൾ

2024ൽ ചെന്നൈയിൽ നടന്ന ഇന്ത്യൻ നാഷനൽ കാർ റേസിങ് ചാമ്പ‍്യൻഷിപ്പിൽ സലൂൺ വിഭാഗത്തിൽ ജേതാവായതോടെ ഡയാന പണ്ടോൾ എന്ന അധ‍്യാപിക നാഷനൽ സെൻസേഷനായി.

എട്ടുവർഷം മുമ്പ് കോയമ്പത്തൂരിൽ നടന്ന കാർ റേസിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തുകൊണ്ടാണ് അവർ ഫോർമുല വൺ റേസിങ്ങിന്‍റെ ലോകത്തേക്ക് ചുവടുവെച്ചത്. തെരഞ്ഞെടുക്കപ്പെട്ട 200 സ്ത്രീകളിൽ അവരും ഉൾപ്പെട്ടു.

കൃത്യമായ പരിശീലനത്തിലൂടെ നിശ്ചയദാർഢ്യം കൈമുതലാക്കി ട്രാക്കിലിറങ്ങി ഏറ്റവും മികച്ച ആറു മത്സരാർഥികളിൽ ഒരാളായി ഫിനിഷ് ചെയ്യാൻ അവർക്കായി.

Tags:    
News Summary - five courageous women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.