സാമുദ്രകം: ശാകുന്തളം പൊറാട്ട് നാടകത്തിൽനിന്ന്
പട്ടാമ്പി ഗവ. കോളജ് കാർണിവലിന്റെ ഇത്തവണത്തെ കലാലയ നാടകം ‘ശാകുന്തള’ത്തിന്റെ പുനരാഖ്യാനമായിരുന്നു –‘സാമുദ്രകം: ശാകുന്തളം പൊറാട്ട്’. കാളിദാസ ശാകുന്തളത്തിന്റെ ജലപക്ഷ ആഖ്യാനം എന്ന നിലയിലാണ് നാടകം വിഭാവനം ചെയ്യെപ്പട്ടത്. ജലവും നദിയും ഇളകിമറിയുന്ന കടലും കടൽജീവികളും കടലിൽ മുങ്ങിപ്പൊങ്ങുന്ന മുക്കുവനുമൊക്കെ നാടകത്തിന്റെ കേന്ദ്രസ്ഥലത്തേക്കെത്തുന്നു. ജലംകൊണ്ട് മുറിവേറ്റവൾ എന്നാണ് ശകുന്തള സ്വയം പരിചയപ്പെടുത്തുന്നത്. സഞ്ചാരിയായ മുക്കുവൻ പ്രണയസമ്മാനമായി പത്നിക്ക് നൽകുന്നത് നദീജലം നിറഞ്ഞ കുടങ്ങളാണ്. നദികൾ സ്വയം ഉറവകണ്ടെത്തി പുറത്തൊഴുകും എന്നാണ് അയാൾ അവളോട് പറഞ്ഞിട്ടുള്ളത്.
നദീജലം നിറഞ്ഞ കുംഭങ്ങൾ പൊട്ടിയൊഴുകുന്നത് നാടകത്തിലെ അന്ത്യരംഗങ്ങളിലൊന്നാണ്. കാളിദാസകൃതിയിൽ അദൃശ്യപ്പെട്ട ജലജീവിതങ്ങളെ ആഴങ്ങളിൽനിന്ന് പൊന്തിച്ചെടുക്കുന്നു എന്നതിന് പൊറാട്ട് നാടകം മുന്നോട്ടുവെക്കുന്ന പ്രതിമാന കൽപനയാണത്. അനുരാഗമുദ്രകൾ വിഴുങ്ങുന്ന മത്സ്യം അധികാരരൂപികളുടെ മറവിയുടെയും ആഴക്കടലിൽചെന്ന് അതിന്റെ ഉടൽ പിളർന്ന് മുദ്ര വീണ്ടെടുത്ത് അധികാരരൂപികൾക്ക് കൈമാറുന്ന മുക്കുവൻ ഓർമയുടെയും രൂപങ്ങളായി നാടകത്തിൽ വെളിപ്പെടുന്നു. അനുരാഗത്തിന് അടയാളങ്ങൾ വേണമോ എന്ന ചോദ്യത്തെയാണ് ഷൂബ കെ.എസ്. രചിച്ച ഈ നാടകം നിർദ്ധരിക്കാൻ ശ്രമിച്ചത്. അടയാളത്താൽ മാത്രം ഓർമിക്കപ്പെടുന്ന അനുരാഗം, എന്തുതരം അനുരാഗമാണ് എന്നാണ് നാടകം ചോദിച്ചത്.
മറവിരോഗം ബാധിക്കുന്ന അധികാരികൾക്ക് ഓർമ കൊടുക്കുന്ന അധഃസ്ഥിതജീവിതങ്ങൾ ചരിത്രത്തിൽ എപ്രകാരമാണ് കാണാമറയത്താകുന്നത് എന്നാണ് നാടകം വിവരിച്ചത്. ആകാശഗംഗകളല്ല, കുട്ടികൾ ഇളകിക്കളിക്കുന്ന ഭൂമിയിലെ പുഴകളാണ് യഥാർഥമെന്നും, യഥാർഥജീവിതമെന്നുമുള്ള പ്രത്യഭിജ്ഞാനങ്ങളിലാണ് മനുഷ്യരുടെ ഓർമകൾ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്, എന്നതാണ് ശാകുന്തളം പൊറാട്ട് നാടകത്തിന്റെ സത്ത.
ക്ലാസിക്കലിന്റെയും ഫോക്കിന്റെയും സങ്കേതങ്ങളുടെ സമ്മിശ്രണമായാണ് നാടകം സംവിധാനം ചെയ്യപ്പെട്ടത്. സൂത്രധാരനും കഥാപാത്രങ്ങളുടെ ആത്മഭാഷണങ്ങളും ക്ലാസിക്കൽ നാടകസങ്കേതവിധികളാണെങ്കിൽ ദുർവാസാവിന്റെ ശാപകഥ നാടകത്തിൽ വിശദീകരിക്കുന്നതും ശകുന്തളയെ മുക്കുവക്കുടിലിലെത്തിക്കുന്നതും നാടകാന്തത്തിൽ ദുഷ്യന്തന്റെ അനുരാഗത്തെയും അടയാളത്തെയും ഹാസ്യാത്മകമായി വിചാരണ ചെയ്യുന്നതും പൊറാട്ട് സംഘങ്ങളാണ്.
സാമ്പ്രദായിക നാടകാവതരണരീതികളെ അട്ടിമറിക്കുന്ന ഈ സമീപനം പട്ടാമ്പി കലാലയത്തിലെ കാർണിവൽ നാടകങ്ങളുടെ പൊതുസ്വഭാവമാണ്. കാർണിവലിലെ എട്ടാമത്തെ നാടകമാണ് ‘സാമുദ്രകം -ശാകുന്തളം പൊറാട്ട്’. എല്ലാ നാടകങ്ങളുടെയും സംവിധായകൻ കോളജിലെ രസതന്ത്രവിഭാഗം അധ്യാപകൻ കെ.ബി. റോയിയും. മറവികളായും മറച്ചുെവക്കലുകളായും ചരിത്രത്തിൽ ഒടുങ്ങിപ്പോയ ജീവിതങ്ങളെ വെളിപ്പെടുത്തുക എന്നതുതന്നെയാണ് ഈ കലാലയനാടകങ്ങളെ പ്രസക്തമാക്കുന്ന ഘടകം.
കലാലയനാടക നിർവചനങ്ങളിൽ അനിവാര്യമായിത്തീരുന്ന സോദ്ദേശ്യപരത പട്ടാമ്പി കലാലയ നാടകങ്ങളിൽ എക്കാലവുമുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നത് മലയാളനാടക ചരിത്രമാണ്. പലകാലങ്ങളിൽ കേരളത്തിലെ പല രാഷ്ട്രീയസംഭവങ്ങളിൽ പട്ടാമ്പി കലാലയം സംവദിച്ചത് നാടകങ്ങളിലൂടെയാണ് എന്ന് ആ ചരിത്രം നമ്മോട് പറയും.
1986ൽ ‘മാനുഷി’ എന്ന സ്ത്രീവിമോചനസംഘടന പട്ടാമ്പികലാലയത്തിലവതരിപ്പിച്ച ‘സ്ത്രീ’ എന്ന തെരുവുനാടകം കേരളത്തിലെ സോദ്ദേശ്യ സ്ത്രീപക്ഷനാടകവേദിയുടെ നാന്ദി കൂടിയായിരുന്നു. പട്ടാമ്പി കലാലയത്തിലെ അധ്യാപകരും വിദ്യാർഥികളുമായ സാറാ ജോസഫ്, ആർ. സുമംഗലക്കുട്ടി, എൻ. പാർവതി, കെ.എ. ഇന്ദിര, കെ.എം. രമ, ഗീതാ ജോസഫ്, കെ.വി. ശ്രീജ തുടങ്ങിയവരായിരുന്നു ആ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചത്.
ഷൂബ കെ.എസ്.,കെ.ബി. റോയ്
സ്ത്രീധനം, സ്ത്രീപീഡനങ്ങൾ എന്നിവക്കെതിരെ നിലകൊണ്ട ആ നാടകം, പട്ടാമ്പി കലാലയത്തിലെ അരങ്ങിലാരംഭിച്ച് തെരുവിലേക്കിറങ്ങുകയായിരുന്നു. കണ്ടുനിന്നവരെയൊക്കെ അരങ്ങിൽ ലയിപ്പിച്ച ‘സ്ത്രീ’ നാടകം പിന്നീട് തൃശൂരും പാലക്കാടും കോഴിക്കോടും കണ്ണൂരും കാസർകോടുമൊക്കെ പുനരവതരിപ്പിക്കപ്പെട്ടു.
1981ൽ സംസ്ഥാന സർക്കാറിന്റെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രപ്രസാദിന്റെ ‘സൗപർണിക’ എന്ന നാടകത്തെ, ആഡംബരദൃശ്യങ്ങളാൽ വീർത്തുപോയ, ഫോക് സങ്കേതങ്ങൾ കൃത്രിമമായി സന്നിവേശിപ്പിച്ചതിനെതിരെ ആദ്യം പ്രതിഷേധിച്ചത് നരേന്ദ്രപ്രസാദിന്റെ സുഹൃത്തുകൂടിയായിരുന്ന കഥാകൃത്ത് വി.പി. ശിവകുമാറായിരുന്നു. വേണം, നാട്യം കുറഞ്ഞ നാടകങ്ങൾ എന്ന പേരിൽ ഒരു ദീർഘപ്രബന്ധം അദ്ദേഹം എഴുതി.
പട്ടാമ്പി കോളജിലെ അധ്യാപകനായിരുന്ന അദ്ദേഹം, തന്റെ കുട്ടികളെയും സഹപ്രവർത്തകരെയും സംഘടിപ്പിച്ചുകൊണ്ട് ചെറുകാടിന്റെ മുത്തശ്ശി നോവലിനെ നാടകമാക്കി കലാലയത്തിലവതരിപ്പിച്ചു. അമ്പതോളം കുട്ടികളെ അരങ്ങത്ത് നിർത്തിയ ആ നാടകം, വാസ്തവത്തിൽ, എടുപ്പുകുതിരകളായി മാറിയ പെരുംനാടകങ്ങൾക്കെതിരെ ഉച്ചക്കഞ്ഞിപ്പാത്രവുമായി നിന്ന കുട്ടികളുടെ കല്ലേറുകളും കൂക്കുവിളികളും കൂടിയായി മാറുകയായിരുന്നു.
ചരിത്രം നിങ്ങൾ പറഞ്ഞതൊന്നുമല്ല, ഞങ്ങൾ കാണിച്ചു തരാം എന്നുപറഞ്ഞ് പട്ടാമ്പി കാർണിവലിലെ നാടകങ്ങളിൽ പട്ടാമ്പിയിലെ അധ്യാപകരും വിദ്യാർഥികളും ആളുമ്പോൾ, അത് യാദൃച്ഛികമായി സംഭവിച്ച ഒന്നല്ല എന്നും ആ ആളലിന് പിന്നിൽ നാടകത്തെ രാഷ്ട്രീയ സംവാദമാക്കി മാറ്റിയ വലിയൊരു പാരമ്പര്യത്തിന്റെ ഊർജമുണ്ട് എന്നുമാണ് ഇവിടെ വ്യക്തമാകുന്നത്. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.