മൂന്ന് നീണ്ടകഥകളുടെ സമാഹാരമാണ് ‘കൈകസീയം’ എന്ന പുസ്തകം. ‘ഇതിഹാസങ്ങളിൽനിന്നു കണ്ടെടുത്ത മുത്തുകളെ രാകിമിനുക്കിയാണ് ഡോ. ശ്രീരേഖ പണിക്കർ നമുക്ക് മുന്നിൽ എത്തിച്ചത്’ എന്ന് പ്രസാധകരായ ചിന്ത പബ്ലിഷേഴ്സ് രേഖപ്പെടുത്തുന്നത് അക്ഷരംപ്രതി ശരിയാണ്. ഈ കഥകളിലൂടെ കടന്നുപോകുന്നവർ ആയുഷ്കാലം ഓർമിക്കുന്നവ മാത്രമല്ല, ആവർത്തിച്ച് അവ മനസ്സിനെ കുത്തിനോവിച്ചുകൊണ്ടിരിക്കും. എത്രമാത്രം ഹൃദയ ദ്രവീകരണങ്ങളാണ് ഈ കഥകൾ.
രാവണമാതാവായ കൈകസിയും സുയോധന പത്നിയായ ഭാനുമതിയും അത്രിപുത്രിയായ അപാലയും കഥാപാത്രങ്ങളായ ഈ കഥകൾ ആഖ്യാനത്തിൽ അസാധാരണ ചാരുതവെളിവാക്കുന്നു. അസൂയാവഹമായാണ് അവതരണം. കഥ പറയുന്ന കഥാകൃത്ത് പതുക്കെ കഥാപാത്രമായി മാറുന്ന വിസ്മയകരമായ കാഴ്ച വായനക്കാരനെ വല്ലാതെ ഉലക്കുന്നതാണ്. ഹൃദയംകൊണ്ടാണെന്നു തോന്നുന്നു ഈ കഥകൾ രചിച്ചിരിക്കുന്നത്.
സുയോധനന്റെ (ദുര്യോധനൻ) പത്നി ഭാനുമതിയുടെ കണ്ണീർ ഒരിക്കലും നിലക്കുന്നില്ല. ‘അവൾ തിരിഞ്ഞ്-സമന്തപഞ്ചകത്തിലെ ശോണഹൃദയങ്ങളിലേക്ക് നോക്കി. പരശുരാമൻ ക്ഷത്രിയ നിഗ്രഹം നടത്തി രുധിരംകൊണ്ട് നിറച്ച കയങ്ങൾ. പിന്നീട് ഋചികമുനി തീർഥമാക്കിയ രാമകുണ്ഡങ്ങൾ. ആ പുണ്യഹൃദയങ്ങൾ തന്നെ മാടിവിളിക്കുന്നതുപോലെ അവൾക്ക് തോന്നി. ഭാനുമതി മെല്ലെ കൈകൾ കൊണ്ട് ചലനമറ്റ് മടിയിൽ കിടന്ന പുത്രന്റെയും ഭർത്താവിന്റെയും മൃതദേഹങ്ങൾ കുരുക്ഷേത്രത്തിലെ രക്തപങ്കിലമായ ഭൂമിയിലേക്ക് ചേർത്തുവെച്ചു.’ ഒരിക്കലും അവസാനിക്കുകയില്ലെന്നു കരുതിയിരുന്ന ആ ജീവിതയുദ്ധത്തിന്റെ നേർക്ക് തിരശ്ശീല ഒച്ചയുണ്ടാക്കാതെ അഴിഞ്ഞുവീഴുന്നത് നടുക്കമുളവാക്കുംവിധമാണ് ആഖ്യാനം ചെയ്തിരിക്കുന്നത്.
‘ഇനി എനിക്ക് കരയാൻ വയ്യ മകളേ, നഷ്ടസ്വപ്നങ്ങളുടെ മരുപഥത്തിൽ അലയാനും വയ്യ. ഞാൻ യാത്രാമൊഴി ചൊല്ലുന്നു.’ കൈകസിയുടെ (രാവണമാതാവ്) കണ്ണീർ വീണു നനഞ്ഞ ഒരു അധ്യായമാണ് ‘കൈകസീയ’ത്തിൽ ആഖ്യാനം ചെയ്യുന്നത്. എല്ലാം നഷ്ടപ്പെട്ട വിശുദ്ധയായ ആ മാതാവിന്റെ അവസാന നിമിഷങ്ങൾ രേഖപ്പെടുത്തിയതിങ്ങനെയാണ്. ‘അകലെ ദശരഥപുത്രൻ മനുഷ്യജന്മത്തിൽ അനുഭവിച്ച നിസ്സഹായതയും ജന്മവ്യഥകളും ഏറ്റുവാങ്ങിയ സരയൂ നദി മധ്യത്തിലെ ഗോപ്രതാരഹൃദം തന്നെ കാത്തിരിക്കുന്നതുപോലെ കൈകസിക്ക് തോന്നി. അവൾ തിരിഞ്ഞുനോക്കാതെ നടന്ന് സരയുവിന്റെ ശീതള ജലത്തിലേക്കിറങ്ങി. നദിയുടെ വക്ഷസ്സിൽ മുഖം ചേർത്തവൾ മിഴികൾ മുറുക്കെ അടച്ചു. അലകൾ ആയിരം കൈകൾകൊണ്ട് അവളെ ഗാഢം പുണർന്നു. അകലെ നിലാവു വറ്റിയ വനത്തിലെവിടെയോ ഒരു ചകോരം നിർത്താതെ കരയുന്നു.’ മനസ്സിനെ നുള്ളിക്കീറുന്ന വ്യഥയിൽ സ്വയം നഷ്ടപ്പെടുന്ന കൈകസിയുടെ ദുരന്തം ഇതിനു മുമ്പ് ആരും പറഞ്ഞിട്ടില്ല. രാവണന്റെ മാതാവാണ് കൈകസിയെന്ന അറിവുപോലും ഈ കഥയിലൂടെ വായനക്കാരന്റെ ഓർമയുടെ ഭാഗമാകുന്നു.
അപാല ആത്രേയി എന്ന കഥയും തീവ്രാനുഭവം സൃഷ്ടിക്കുന്ന രചനയാണ്. ‘ദാരിദ്ര്യം ഒരു കുറവല്ല. രോഗം ഒരു കുറ്റവുമല്ല. അത് മനസ്സിലാക്കാത്തവർക്ക് എന്ത് അനുഗ്രഹമാണ് ഞാൻ നൽകേണ്ടത്.’ അതിസുന്ദരിയായ അപാല രോഗിയായി, വിരൂപയായി മാറുകയും ഭർത്താവിനാൽ പരിത്യജിക്കപ്പെട്ടശേഷം, കഠിനമായ വ്രതാനുഷ്ഠാനവും ഔഷധസേവയും കൊണ്ട് വീണ്ടും സുന്ദരിയാവുന്നതും അതീവ സൂക്ഷ്മമായാണ് കഥയിൽ പ്രതിപാദിക്കുന്നത്. തകർച്ചയുടെ പടുകുഴിയിൽ വീണുപോകുന്ന ആ തരുണിയുടെ ദീനവിലാപം മാറ്റൊലികൊള്ളുന്നതാണ് ഈ കഥ.
അങ്ങനെ പുരാണങ്ങളിൽനിന്നും നുള്ളിയെടുക്കുന്ന കഥാബിന്ദുക്കൾ അതീവ ശ്രദ്ധയോടെയാണ് കഥാകാരി പട്ടുകമ്പളമായി നെയ്തെടുക്കുന്നത്. മലയാള ചെറുകഥ സാഹിത്യത്തെ ഏറെ സമ്പന്നമാക്കുന്നതാണ് ഈ നീണ്ടകഥകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.