ജ്ഞാനത്തിന്റെ പെരുങ്കളിയാട്ടം

ഒരു പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും എഴുതാനിരിക്കുമ്പോൾ ഉള്ളിലൊരു വിറയൽ വരുന്നത് ഇതാദ്യമാണ്. ആത്മാവിനെ മൗനത്തിലാഴ്ത്തിയ അക്ഷരങ്ങളെ അനുഭവിച്ച വായനക്കാർ ധാരാളമുണ്ട്; അവബോധത്തെ പ്രകോപിപ്പിച്ച് ഉന്നതമായ ആശയലോകങ്ങളിലൂടെ സഞ്ചരിച്ച വായനാമുഹൂർത്തങ്ങൾ. അപൂർവമായി ഫിക്ഷന്റെ സൗന്ദര്യവും നമ്മളൊക്കെ നുകർന്നിട്ടുണ്ട്.

ധ്യാനത്തിന്റെയും മരണത്തിന്റെയും ഭ്രമാത്മകമായ സ്ഥലികളിലൂടെ യാത്രചെയ്തിട്ടുണ്ട്. എന്നാൽ ‘മരണക്കൂട്ട്’ എന്ന പുസ്തകം ഒരു വായനക്കാരൻ എന്നനിലയിൽ എന്നെ തകർത്തുകളഞ്ഞു.

‘ശവംവാരിയുടെ ആത്മകഥ’ എന്ന ഉപശീർഷകം കണ്ടപ്പോൾ ഉള്ളിൽ എന്തോ ആളിക്കത്തി. ‘ശവംവാരി’ എന്ന് സമൂഹം പേരിട്ടുവിളിച്ച വിനുവിന്റെ ജീവിതം രേഖപ്പെടുത്തിയിട്ടുള്ളത് മാധ്യമപ്രവർത്തകൻ നിയാസ് കരീമാണ്.

വിലാസം നഷ്ടപ്പെട്ട്, അനാഥമായി ജലോപരിതലത്തിൽ അലയുന്ന മനുഷ്യ മൃതശരീരങ്ങളെ കരയിലേക്ക് കൊണ്ടുവരുന്ന വിനു എന്ന മനുഷ്യൻ. ‘‘ഈ മനുഷ്യന് വേറെ എന്തെങ്കിലും ജോലി ചെയ്യാമായിരുന്നല്ലോ’’ എന്ന് വായനക്കാർ ഒരിക്കലെങ്കിലും ചിന്തിക്കും. അപ്പോഴും നാം മറക്കുന്ന ഒന്നുണ്ട്, ഈ ജോലിചെയ്യാൻ എല്ലാവർക്കും സാധിക്കുമോ എന്നത്.

ഇതൊരു ജോലി മാത്രമല്ല എന്നറിയുന്നിടത്താണ് ഈ പുസ്തകം അതിന്റെ ലക്ഷ്യം നേടിയെടുക്കുന്നത്. കുട്ടിക്കാലത്തു മരിച്ച തന്റെ സുഹൃത്തിന്റെ മൃതദേഹം പുഴയിൽ ചാടി എടുക്കുകയും അത് കരയിലേക്ക് കൊണ്ടുവരുകയും ചെയ്ത ആ ദിവസമാണ് വിനുവിനെ മാറ്റിമറിച്ചത്. പിന്നീടുള്ള വിനുവിന്റെ അനുഭവങ്ങളെ ആഗ്നേയമായ ഭാഷയിൽ (വിനുവിന്റെ തന്നെ വാക്കുകളിൽ) അയത്ന ലളിതമായ ശൈലിയിൽ നിയാസ് കരീം വരച്ചിടുന്നു.

മനസ്സിൽ കൂടുകെട്ടി പാർക്കുന്ന അഹംബോധവും ശരീരബോധവുമൊക്കെ ഏതോ ഒരു നിമിഷത്തിൽ ഇല്ലാതാകുമെന്ന് നമുക്കറിയാം. മരണബോധമാണ് ഏറ്റവും പ്രധാനപ്പെട്ട ജ്ഞാനസ്രോതസ്സ്. ഇഹലോകത്തിൽ നാം അവസാനമായി പഠിക്കുന്ന പാഠവും അതുതന്നെ.

ശരീരനാശത്തിന്റെ താക്കീതുകൾ മനസ്സിൽ ഉയരുമ്പോൾ മാത്രമേ ഇത്തരം പുസ്തകങ്ങളെ ഉൾക്കൊള്ളാൻ സാധിക്കൂ. അവസാനം വരെ കൂടെയുണ്ടാവുമെന്ന് നാം കരുതുന്ന ധിഷണയും അവബോധവും ഓർമയും സമ്പത്തും അഭിമാനവും ബന്ധങ്ങളും ആരോഗ്യവുമൊക്കെ വളരെപ്പെട്ടെന്നാണ് നമ്മെ ഉപേക്ഷിക്കുന്നത്.

ശവങ്ങളെ കൂട്ടുകാരെപ്പോലെ കാണുന്ന വിനു, അറപ്പും വെറുപ്പുമില്ലാതെ അവയെ ഉറ്റവരുടെയടുത്തേക്ക് എത്തിക്കുന്നു. സമൂഹത്തിൽനിന്നും തനിക്കേറ്റ അപമാനങ്ങളും അകറ്റിനിർത്തലുമൊക്കെ വിനു പറയുമ്പോൾ ഒരു വിങ്ങലോടെയല്ലാതെ നമുക്കത് വായിക്കാനാവില്ല. അന്തസ്സുള്ള ജോലി എന്നൊക്കെ ഈ സമൂഹം പറയുന്നത് ചെയ്യാൻ വിനുവിന് സാധിക്കില്ലായിരുന്നു.

മനുഷ്യനോടുള്ള സേവനം എന്ന നിലയിൽ തുടങ്ങി സ്വയം ലാവയിലേക്ക് എടുത്തെറിഞ്ഞ ജീവിതമായി മാറിയ ഒരു കഥ. ചെയ്യുന്ന ജോലിയുടെ പേരിൽ ആട്ടിയോടിക്കപ്പെടുന്ന അനുഭവങ്ങളുണ്ടായിട്ടും, പ്രിയപ്പെട്ടവർ ഉപേക്ഷിച്ചുപോയിട്ടും വിനു മറ്റാരുടെയും ജീവിതം ജീവിക്കാൻ തയാറായില്ല. തന്റെ കർമം മൃതദേഹങ്ങളോടുള്ള അവസാനത്തെ ആദരവും സ്നേഹവുമാണ് എന്നയാൾ കരുതുന്നു.

വിനുവിനെ ആത്മാർഥമായി സ്നേഹിച്ച ഒരു കൂട്ടുകാരിയെ ജീവിതത്തിന്റെ രണ്ടാമൂഴത്തിൽ പങ്കാളിയായി ലഭിച്ചു എന്നറിയുമ്പോൾ വായനക്കാർ അനൽപമായ ആനന്ദമാണ് അനുഭവിക്കുന്നത്. ഭാര്യയും കുഞ്ഞുമായി വിനു തൃപ്തനായി ജീവിക്കുന്നു.

ജീവിതമെന്ന ഈ അസംബന്ധ നാടകം അവസാനിക്കുന്നതിനു മുമ്പ് വിനുവിനെ നേരിട്ടൊന്ന് കാണണം എന്ന ആഗ്രഹമാണ് എനിക്കുള്ളത്. കേവലമായ ആദരവോ വിസ്മയമോ ഒന്നുമല്ല.

നാലുപാടും നിന്ന് ഇരമ്പിയെത്തി, ആക്രമിച്ചു നിലംപരിശാക്കുന്ന സമൂഹത്തിന്റെ തിരമാലകളെ അതിജീവിച്ചു നീന്തുന്ന മനക്കരുത്തിന്റെ ഈ ആൾരൂപത്തെ ഒന്ന് കാണാൻ. മരണമെന്ന ഒരേയൊരു സത്യത്തെ ഇത്ര നേരത്തേ തിരിച്ചറിഞ്ഞ ഈ മനുഷ്യനോടൊപ്പം നിശ്ശബ്ദമായി അൽപസമയം ഇരിക്കാൻ; ചോദ്യങ്ങളും ഉത്തരങ്ങളുമൊന്നും ഇല്ലാതെ.

കോർപറേറ്റ് ഗുരുക്കന്മാരും സെൽഫ് ഹെൽപ് മോട്ടിവേഷൻ പ്രഭാഷകരും ബുദ്ധിജീവികളുമൊക്കെ അരങ്ങുവാഴുന്ന നമ്മുടെ സമൂഹത്തിൽ തീജ്വാല പോലെ സ്വയം എരിയുന്നയാളെ കാണാൻ ഒരാഗ്രഹം.

‘മൃതദേഹങ്ങൾ തന്നോട് സംസാരിക്കാറുണ്ട്’ എന്ന വിനുവിന്റെ വാക്കുകൾ ഉള്ളിൽ സൃഷ്ടിക്കുന്ന പ്രകമ്പനം വാക്കുകൾക്കതീതമാണ്. ഒടുവിലത്തെ യാത്രക്കുശേഷം ‘ദേഹി’ ഉപേക്ഷിച്ചുപോയ തങ്ങളെ കരയിലേക്കെത്തിക്കുന്ന വിനുവിനോട്, അങ്ങേതീരത്തേക്ക് പോയിക്കഴിഞ്ഞ മനുഷ്യർ എന്താവും പറയുന്നത്? നമുക്ക് ഒരിക്കലും അത് അറിയാനാവില്ല. കാരണം സമയ-കാലങ്ങളാൽ ബന്ധിക്കപ്പെട്ട, ശരീരമെന്ന ഈ തടവറയിൽ കറങ്ങിത്തിരിയുകയാണ് നമ്മൾ.

ഏതാണ്ട് 2500 വർഷങ്ങൾക്കു മുമ്പ്, ഒരു പൗർണമി രാത്രിയിൽ ജ്ഞാനാന്വേഷിയായ ആ രാജകുമാരനെത്തേടിയെത്തിയ പ്രകാശം വിനുവിലും ഉണ്ട്. നമ്മുടെയിടയിൽ ജീവിക്കുന്ന, നമുക്ക് ഒരിക്കലും അറിയാൻ സാധിക്കാത്ത ബുദ്ധനാണ് വിനു. അത് അയാൾക്കും അറിയില്ല. അക്ഷരങ്ങളിലൂടെ സഞ്ചരിക്കുന്ന, ധ്യാനിക്കുന്ന മനുഷ്യർക്ക് അത് മനസ്സിലാകും, വായന എന്നത് കേവലം യാന്ത്രികമായ പ്രക്രിയ ആയല്ലാതെ ‘മരണക്കൂട്ട്’ വായിച്ചാൽ.

വിനുവിന്റെ ജീവിതത്തെ അടുത്തുനിന്നു ദർശിക്കുകയും, അതിന്റെ അപൂർവമായ മാനങ്ങൾ തിരിച്ചറിയുകയും ചെയ്‌താൽ മാത്രമേ ഇത്തരമൊരു പുസ്തകം സാധ്യമാകൂ. വിനുവിന്റെ അനുഭവങ്ങളെ സ്വന്തം അനുഭവങ്ങളായി കൽപനചെയ്യാനും, തന്മയീഭാവത്തോടെ അവയെ നിരീക്ഷിക്കാനും നിയാസ് കരീമിന് സാധിച്ചിട്ടുണ്ട്. വിനുവിനോട് ഒന്നും പറയാനില്ല. അഹന്തയും അജ്ഞതയും കൊണ്ടുനടക്കുന്ന കേവലജീവിയായ എനിക്ക് അതിനുള്ള അർഹതയില്ല. പുസ്തകം ആഴത്തിൽ വായിക്കപ്പെടണം.

Tags:    
News Summary - Book reading-maranakoottu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.