കുറുങ്കഥകളുടെ തമ്പുരാനായി മലയാളി കാലമേറെയായി ഹൃദയത്തിലേറ്റിയ പി.കെ. പാറക്കടവ് എന്ന എഴുത്തുകാരൻ ഒരിക്കൽക്കൂടി നമ്മെ വിസ്മയിപ്പിക്കുകയാണ് ‘ഇലകളുടെ നൃത്തം’ എന്ന കൃതിയിലൂടെ. 129 ചെറുകഥകളുള്ള സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും അവതരണ ചാരുതകൊണ്ടും പ്രമേയ വൈവിധ്യംകൊണ്ടും നമ്മെ വായനയുടെ തടവുകാരാക്കും. അതിലേറെ ചുറ്റുമുള്ള വലിയ ജീവിത യാഥാർഥ്യങ്ങളിലേക്ക് നമ്മെ വഴി നടത്തും. മഴയിലും കാറ്റിലും ഞെട്ടറ്റ് നിലത്തുവീണ പൂവ് ‘‘കാറ്റിന്റെ മൂളിപ്പാട്ടിനെ കുറിച്ചും മഴയുടെ താളത്തെ കുറിച്ചും എന്നോട് പറയരുത്’’ എന്ന് ഒരു കഥ പറയുന്നു.
ലോകത്ത് മഹാഭൂരിപക്ഷം മനുഷ്യരുടെയും മനഃസാക്ഷിയെ കരയിച്ച് ഗസ്സയിൽ അരങ്ങേറുന്ന കുരുതി പശ്ചാത്തലമായുള്ള ‘ഗസ്സയുടെ ആകാശം’ അവസാനിക്കുന്നത് കുരുന്നുകളോട് പട്ടാളക്കാരുടെ ഈ വാക്കുകളിലാണ്: ‘‘കല്ലുകൾകൊണ്ട് കളിക്കരുത്. ഞങ്ങളെ നോക്കൂ. മനുഷ്യരെകൊണ്ടാണ് ഞങ്ങൾ കളിക്കുന്നത്.’’ ആകാശത്തിലൊഴുകുന്ന പഞ്ഞിക്കെട്ടുകളിൽ തലവെച്ചും മേഘങ്ങൾ പിഴിഞ്ഞു ദാഹം മാറ്റിയും മരിച്ചവർ വായന തുടരുകയാണെന്നും അതിനാൽ ഭൂമിയിൽ വായന മരിക്കുന്നില്ലെന്നും മറ്റൊരിടത്ത്.
‘പളുങ്കുപാത്രത്തിൽ നുരഞ്ഞുപൊന്തിയ ചോരയും കണ്ണീരും. തിന്നാൻ വറുത്തെടുത്ത മനുഷ്യത്തലകളും... സമാധാന ചർച്ചയായിരുന്നു’ എന്ന് ഒരിടത്ത് പാറക്കടവ് പരിഹസിക്കുന്നു.
ആശുപത്രിയിൽ ശസ്ത്രക്രിയ കാത്തിരിക്കവെ കഥയെഴുതിയവന്റെ കഥ പറയുന്നുണ്ട് എഴുത്തുകാരൻ. ചന്ദനക്കുറിയും നിസ്കാരത്തഴമ്പും കുരിശുമാലയും ചുമലിൽ കൈകോർത്തുനടന്ന നാട്ടിൽ എങ്ങനെയാണ് മതത്തിന്റെ പേരിൽ കലാപമുണ്ടായതെന്ന ചോദ്യവുമുണ്ട്.
ഇങ്ങനെ ജീവിതത്തിലെ ചെറു സത്യങ്ങളും അനുഭവങ്ങളും ഒപ്പം വലിയ തത്ത്വചിന്തയും കുഞ്ഞുവരികളിൽ ഹൃദയം ചേർത്തെഴുതിയ വരികൾ എങ്ങനെ വായിക്കാതെ പോകും. മുമ്പും അൽപം വരികളിലായി അദ്ദേഹം പങ്കുവെച്ച ചിന്തകളെ ഏറ്റെടുത്ത വായനസമൂഹം ഈ കൃതിയും തീർച്ചയായും നെഞ്ചോടുചേർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.