റിയാദ്: റിയാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എം.പി. ഷഹ്ദാന്റെ ആദ്യപുസ്തകം ‘നോ മാൻസ് ലാൻഡ്’ എന്ന കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യുകയാണ്. ഒപ്പം തന്നെ മകളും റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ (സേവ) പത്താം ക്ലാസ് വിദ്യാർഥിനിയുമായ നൈറ ഷഹ്ദാനും ഒരു കവിതാസമാഹാരവുമായി പിതാവിന്റെ കൂടെ പുസ്തകലോകത്തേക്ക് ചുവടുവെക്കുന്നു. പ്രവാസലോകത്ത് മാത്രമല്ല, സാഹിത്യ ചരിത്രത്തിൽ തന്നെ അപൂർവമായൊരു രംഗപ്രവേശനമാണിത്.
ഹരിതം ബുക്സ് കോഴിക്കോടാണ് ഇരുവരുടെയും ആദ്യകൃതികൾ ഒരുമിച്ച് പ്രസാധനം ചെയ്യുന്നത്. ആനുകാലികങ്ങളിൽ വെളിച്ചം കണ്ട ഷഹ്ദാന്റെ 11 കഥകളുടെ സമാഹാരമാണ് ‘നോ മാൻസ് ലാൻഡ്’. നിത്യജീവിതത്തിന്റെ വൈവിധ്യമാർന്ന പ്രതലങ്ങൾ, പ്രവാസത്തിലെ സംഘർഷങ്ങൾ, ദേശാടനത്തിന്റെ ചതുപ്പുനിലങ്ങൾ തുടങ്ങി സുപരിചിതമായ നമ്മുടെ ചുറ്റുപാടിലൂടെയാണ് ഷഹ്ദാന്റെ കഥകൾ സഞ്ചരിക്കുന്നത്. ലളിതമായ ഭാഷയും സരസമായ അവതരണവുമാണ് ഓരോ കഥയും.
ജീവിതത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം നമ്മുടെ പൊതുബോധത്തിലെ നെല്ലും പതിരും വേർതിരിക്കാനുള്ള എളിയ ശ്രമം കൂടിയാണ് തന്റെ കഥകളെന്നും ഷഹ്ദാൻ പറഞ്ഞു. പ്രവാസലോകത്ത് എഴുത്തും വായനയും കൂടുതൽ ജനകീയമായി വരികയാണെന്നും ഉത്സവാന്തരീക്ഷം നൽകുന്ന ഷാർജയിലേയും റിയാദിലേയും പുസ്തകമേളകൾ അതിനുള്ള സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘ട്രീ ഓഫ് ഗ്രോത്ത്’ എന്ന ഒരുപിടി ഇംഗ്ലീഷ് കവിതകളുമായിട്ടാണ് നൈറ ഷഹ്ദാൻ എന്ന കൗമാരക്കാരിയായ കവിയുടെ രംഗപ്രവേശം.
ആത്മാംശമുള്ള സ്വന്തം വളർച്ചയുടെ ഓരോ ഘട്ടങ്ങളാണ് ‘ട്രീ ഓഫ് ഗ്രോത്ത്’ എന്ന കവിതകളിൽ. ജീവിതപ്രയാണത്തിലനുഭവപ്പെട്ട സന്തോഷവും സന്താപവും പ്രതീക്ഷകളുമാണ് ഉള്ളടക്കമെന്ന് നൈറ പറയുന്നു. ക്ലാസിൽ പഠിക്കാനുള്ള കവിതകളിൽനിന്നും രചയിതാക്കളിൽനിന്നുമാണ് കവിതകളിലേക്ക് നീങ്ങിയത്, ഒപ്പം മാതാപിതാക്കളുടെ പ്രചോദനവും. റൂമിയുടെ സ്പിരിച്വൽ കവിതകളും റോബർട്ട് ഫ്രോസ്റ്റിന്റെ ക്ലാസിക്കൽ കവിതകളുമാണ് തെൻറ ഇഷ്ടവായന. എന്നാൽ എല്ലാതരത്തിലുള്ള കൃതികളെയും എഴുത്തുകാരെയും വായിക്കാറുണ്ടെന്നും നൈറ പറഞ്ഞു. സ്കൂളിലെ നല്ലൊരു പ്രഭാഷകയും ഗായികയും ഒപ്പം മികച്ച ഒരു ബാസ്കറ്റ് ബാൾ താരവുമാണ് നൈറ ഷഹ്ദാൻ. പഠനത്തോടും കരിയറിനോടുമൊപ്പം എഴുത്തിലും ശ്രദ്ധിക്കണമെന്നാണ് തെൻറ ആഗ്രഹമെന്ന് നൈറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.