പച്ചപ്പിലൂടെ കവിത നടക്കുന്നു

സത്യാനന്തരകാലം കഴിയാറായി ഇപ്പോൾ മനുഷ്യാന്തര കാലഘട്ടത്തിലാണ് നാമെങ്കിലും മനുഷ്യാനുഭവങ്ങൾ മനുഷ്യാനുഭവങ്ങൾ തന്നെയല്ലേ. അവിടെ ചാറ്റ് ജി.പി.ടിക്കും മറ്റ് എ.ഐകൾക്കും അവക്കൊരു ബദലാകാൻ കഴിയുമെന്നു തോന്നുന്നില്ല. ഈ ഒരു പശ്ചാത്തലത്തിൽനിന്നുകൊണ്ടാണ് പുതു കവിതയെ വായിക്കേണ്ടതെന്ന് തോന്നുന്നു. പുതുകവിതയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അത് പലരും കണ്ടില്ലെന്നു നടിക്കുന്നു. കാലമാണ് കവിതകളും ഇതര കലകളും നിയന്ത്രിക്കുന്നത്.

ഇന്നകാലത്തെ കവിതകൾ മെച്ചം ഇന്നകാലത്തെ കവിതകൾ മോശം എന്ന് പറയാൻ കഴിയില്ല. കാൽപനികമെന്നോ റിയലിസമെന്നോ വേർതിരിക്കാനാവാത്ത വിധത്തിൽ പുതു കവിതയുടെ ഭാഷ കലർന്നു കാണുന്നു. സങ്കരമെന്നോ വെങ്കലമെന്നോ പറയാവുന്ന ഒരു ഭാഷാ ശരീരമാണ് അക്ബറിന്റെ മൂന്നാമത്തെ സമാഹാരമായ ‘കുയിൽ വെറുമൊരു പക്ഷി മാത്രമല്ല’ എന്ന കവിതസമാഹാരം വായിച്ചപ്പോൾ തോന്നിയത്. അതായത് പുതു കവിതകളിൽ ഒന്നിനും വിലക്കുകളില്ല. സ്വാഭാവികതയുമുണ്ട്.

നമുക്ക് അറിയാവുന്ന കുയിൽ പാട്ടുപാടുന്ന, എതിർകൂക്കു വിളിക്കുന്ന, മറഞ്ഞിരുന്നു പാടുന്ന, കാക്കക്കൂട്ടിൽ മുട്ടയിടുന്ന മടിയനാണ്. അക്ബറിന്റെ കുയിൽ വെള്ളത്തിലെ ഒഴുക്കിനോടും അതിന്റെ തണുപ്പിനോടുമാണ് പാട്ടുപാടുന്നത്. ഇവിടെ കുയിൽ ഒരു മീനാണ്. പെരിയാറിന്റെ കരയിലാണ് അക്ബർ താമസിക്കുന്നത്. അക്ബറിന്റെ കുയിൽ കടലുമായി പാട്ടു പങ്കുവെക്കുമെന്നു പറയുന്നില്ല. പുഴയിലെ ഒഴുക്കിനോട് പാടുന്ന പാട്ട് തീർച്ചയായും കടലുമായും പങ്കുവെക്കുമായിരിക്കും.

കുയിൽ എന്ന ബിംബത്തിൽ മറഞ്ഞിരുന്നു പാടുന്ന ഒരു കവിയുണ്ട്. അത് അക്ബറാണെന്നും പറയാമെന്നു തോന്നുന്നു. ചൂണ്ടക്കെണിയിൽ വായുയർത്തുമ്പോൾ അത് ചതിയാണോ, സ്‌നേഹവായ്പാണോ എന്ന് ഈ കുയിലിന് തിരിച്ചറിയാനാവുന്നില്ല. ഈ കുയിൽ മീനുകൾക്കിടയിൽ പേരുകൊണ്ട് വേർപെട്ട് ഒറ്റക്ക് കഴിയുന്നു. തെളിഞ്ഞ ഭാഷയാണ് അക്ബറിന്റേത്. പുഴ ഒഴുക്കുനിർത്തി കെട്ടിക്കിടക്കുകയാണെങ്കിലും എപ്പോഴെങ്കിലും ആ പാട്ട് പുറംലോകമെത്താം. ഒഴുകുന്നതിനെയാണല്ലോ പുഴയെന്ന് പറയുന്നത്, കവിതയെന്നു പറയുന്നത്.

അക്ബറിന്റെ കൃതി വായിച്ചപ്പോൾ ഈ സമാഹാരത്തിൽ മൂന്ന് ലെയറുകളുണ്ടെന്ന് എനിക്ക് തോന്നി. ഒന്ന് നേര്യമംഗലം കാടും കാടനുഭവങ്ങളും പുഴയും ഉമ്മയുമൊക്കെ ചേർന്നുവരുന്ന പരിസരങ്ങൾ വരുന്ന കവിതകൾ. ഇതൊരു വ്യക്തിയനുഭവങ്ങളുമാണ്. മലയാളത്തിൽ നേരത്തേയും സ്വാനുഭവങ്ങളെ കവിതപ്പെടുത്തിയ കവിതകൾ വന്നിട്ടുണ്ട്.

പക്ഷേ, അക്ബർ അവയിൽ കെട്ടിക്കിടക്കുന്നില്ല. ലോകൈകമായ അനുഭവങ്ങളിലേക്ക് പോകാൻ അയാൾ തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. ഇതിൽവരുന്ന പ്രധാനപ്പെട്ട കവിതകൾ ഇവയൊക്കെയാണ്; ഈറ്റക്കോൽപാട്ട്, പക്ഷിക്കണ്ണിലെ കാഴ്ചകൾ, കുയിൽ, പച്ചവഴികൾ, ഈറ്റവീട്, കാടുള്ളം, നീലമരം, പച്ചനടത്തം, കാട്ടുകൂടൽ...

ഈ കവിതകളിലെല്ലം നേര്യമംഗലവും അവിടത്തെ പച്ചപ്പും പല പല രൂപങ്ങളിൽ മിന്നിമറിയുന്നുണ്ട്. ഈറ്റവെട്ടാൻ പോകുന്ന പെണ്ണുങ്ങളുണ്ട്. ഈ ഗണത്തിലെ പച്ചനടത്തം എന്ന കവിത നോക്കാം. ഉമ്മയോടൊപ്പം കാടുണരുന്നു. അല്ലെങ്കിൽ കാടിനൊപ്പം വീടുണരുന്നു. മരങ്ങൾക്കിടയിലൂടെയുള്ള സൂര്യരശ്മി അരിച്ചിറങ്ങുന്നത് നമുക്ക് കാണാം. തെളിഞ്ഞ ഭാഷതന്നെ, പക്ഷേ ഇത് ചിലപ്പോഴൊക്കെ വാചാലതയിലേക്ക് വഴുതുന്നുണ്ട്. പുതുകവിതയിൽ അത് വലിയൊരു ദോഷമല്ലെങ്കിലും അൽപമൊന്ന് മുറുകുന്നത് നന്നാകുമെന്ന് തോന്നുന്നു.

‘‘ഉമ്മ നടക്കുന്നതീ പച്ചയിൽ ഞാനോ ചെരിപ്പിനുള്ളിലെ ലോകത്ത്’’ എന്ന് രണ്ടു കാലത്തെ വ്യക്തമായ് ഡോക്യുമെന്റ് ചെയ്യാൻ അക്ബറിന് കഴിയുന്നുണ്ട്. ഉമ്മ പച്ചയിലൂടെ നടക്കുന്നു. മകൻ ചെരിപ്പിട്ട് പച്ചയെ ചവിട്ടി മെതിച്ച് നടക്കുന്നു. കാടും വീടും അവിടത്തെ അനുഭവങ്ങളും ഒന്നാകുന്ന കവിതയാണ് പച്ച നടത്തം. ഗോത്ര കവിതയിലെ കാടും അക്ബറിന്റെ കാടും രണ്ടാണ്. എന്നാൽ, ഒന്നുമാണ്.

രണ്ടാമത്തെ ലെയർ മുസ്‍ലിം ജീവിതവുമായി ബന്ധപ്പെട്ടു വരുന്ന കവിതകളാണ്. ‘ഞാൻ പാകിസ്താനിലേക്ക് പോകാം, പക്ഷേ നേര്യമംഗലവും കൊണ്ടു പോകുമെന്ന് മാത്രം’ എന്ന് അക്ബർ തന്റെ രണ്ടാമത്തെ കവിതാസമാഹാരമായ അക്ബറോവ്‌സ്‌കിയിൽ ‘ഞാൻ പാകിസ്താനിലേക്ക് പോകാം’ എന്ന കവിതയിൽ നിലപാടായി പറയുന്നുണ്ട്. ഇത്തരം കവിതകളുടെ തുടർച്ചയായി വരുന്ന കവിതകളാണ് ഈ ഗണത്തിലുള്ളവ.

ഈ സമാഹാരത്തിലെ മൂന്നാമത്തെ ലെയർ മാനക മലയാള അനുഭവങ്ങളുമായി വരുന്ന കവിതകളാണ്. സ്‌നേഹേകാന്തത, യുദ്ധവും സമാധാനവും, മുറി(വ്), തട്ടേക്കാട്, വിപരീത പദങ്ങൾ, അദ്വൈതം, ഒരുവളെ പ്രണയിക്കുമ്പോൾ, മുറിവായി സംസാരിക്കാം, തമിഴ്പാട്ടിലെ കറുത്ത വഴി, ഉമ്മകളുടെ ദിവസം, കൊലക്കളി എന്നിവ.

ഇങ്ങനെ സ്വപരിസരങ്ങളിലും അപര പരിസരങ്ങളിലും സ്വത്വ പ്രതിസന്ധിയിലും കലർന്ന്, വേർപെട്ട് നമ്മുടെ അനുഭവങ്ങളിലേക്ക് കലരുന്ന കവിതകളാകുന്നു ‘കുയിൽ വെറുമൊരു പക്ഷി മാത്രമല്ല’ എന്ന അക്ബറിന്റെ മൂന്നാമത്തെ സമാഹാരം.

കുയിൽ വെറുമൊരു പക്ഷി മാത്രമല്ല

കവിത സമാഹാരം

അക്ബർ

ലോഗോസ് പബ്ലിക്കേഷൻ

Tags:    
News Summary - Poetry walks through greenery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT