കുഞ്ഞിക്കാദറിന് ഏകമകൾ സുലൈഖയുടെ വിവാഹ കാര്യത്തിൽ ഒരേ ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, കെട്ടുന്നവൻ മതബോധമുള്ളവനായിരിക്കണം. നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കറായ മൊയ്തീൻകുട്ടി ഒരു വെള്ളിയാഴ്ച ദിവസം ചെറുക്കനെ തിരഞ്ഞ് പൊന്നാനി ഭാഗത്തേക്കു പോയി. വലിയ പള്ളിയിൽ നിസ്കാരത്തിനു കയറിയപ്പോഴാണ് വെള്ളതൊപ്പിയും വെള്ളമുണ്ടും ജുബ്ബയുമൊക്കെ ധരിച്ച് സുന്ദരനായ ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉടക്കിയത്. പ്രാർഥന കഴിഞ്ഞപ്പോൾ നയത്തിൽ ടിയാനെ ഒന്ന് പരിചയപ്പെട്ടു.
പേര് ചോദിച്ചപ്പോൾ ഷുക്കൂർ എന്ന മറുപടിയും കിട്ടി. നല്ല പെരുമാറ്റം, ബഹുമാനം പൊതിഞ്ഞുള്ള സംസാരം, ഇവൻ തന്നെ കാദർക്കാന്റെ മകൾക്ക് എന്തുകൊണ്ടും യോഗ്യൻ. അയാൾ മനസ്സിലുറപ്പിച്ചു. പള്ളിയിൽനിന്നും പുറത്തിറങ്ങി നാലഞ്ചുപേരോട് അവനെപ്പറ്റി വിശദമായി അന്വേഷണം നടത്തി. ചോദിക്കുന്നവർക്കെല്ലാം അവനെപ്പറ്റി നല്ലത് മാത്രമേ പറയാനുള്ളൂ. വലിയൊരു തറവാട്ടിലെ ഏക സന്തതി. വാപ്പയിൽനിന്നും കൈമാറി വന്ന വലിയ കച്ചവടക്കാരൻ.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. പെണ്ണ് കാണലും മറ്റുമൊക്കെ. ചെറിയ പെരുന്നാൾ കഴിഞ്ഞു ഒരു ദിവസത്തേക്ക് കല്യാണവും ഉറപ്പിച്ചു. ഇതിനിടയിൽ മരുമകനാവാൻ പോകുന്ന ഷുക്കൂറിനെ നോമ്പ് തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചു. നോമ്പ് തുറക്കുശേഷം ഷുക്കൂർ നമസ്കാരത്തിന് നേതൃത്വം വഹിച്ചു. കാദർക്ക: മോനേ നിനക്ക് സുലൈഖാനെ കണ്ട് സംസാരിക്കണ്ടെ? ഷുക്കൂർ: വേണ്ട ഉപ്പ നിക്കാഹ് കഴിയട്ടെ എന്നിട്ടാവാം. ഇത് കേട്ട അദ്ദേഹം മനസ്സിൽ ഒന്നു പുഞ്ചിരിച്ചു.
അയാളുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞു തുളുമ്പി. രണ്ട് ദിവസത്തിനുശേഷം കല്യാണം നടക്കില്ലാ എന്ന വാർത്ത ഷുക്കൂറിനേയും വീട്ടുകാരേയും അറിയിക്കണമെന്ന് പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ മൊയ്ദീൻ കുട്ടി അന്തം വിട്ട് നിന്നു. എന്താണ് ഈ കാക്കാക്ക് പറ്റിയത്???. അയാൾക്ക് ഒന്നും മനസ്സിലായില്ല. കാരണം അന്വേഷിച്ചപ്പോൾ ചെറുക്കൻ മുഴുവനായും ദീനിബോധമില്ല എന്ന് കാദർക്കാന്റെ മറുപടി. മൊയ്തീൻകുട്ടി: അതെന്താ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഒരു മോശവും കേൾക്കാൻ ഇടയായില്ലല്ലോ കാദർക്ക മൊയ്തീൻകുട്ടിയുടെ കൈ പിടിച്ച് മുറിയിലേക്ക് പോയി കാര്യം പറഞ്ഞു.
അന്ന് നടത്തിയ നോമ്പ് തുറയുടെ പിറ്റേ ദിവസം ഇരുപത്തി ഏഴാം രാവിന്റെ ദിനം കാദർക്ക വീടിന്റെ ഉമ്മറപ്പടിയിൽ ഇരിക്കുമ്പോൾ പടിവാതിൽ തുറന്ന് സഹായാഭ്യർഥനയുമായി ഒരു സ്ത്രീ കടന്ന് വരുന്നു. കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, ഒരു വിധവയായിരുന്നു ഞാൻ എന്റെ സകാത്തിന്റെ ഒരു വിഹിതം അവർക്ക് കൊടുക്കാൻ ആ മഹല്ലിൽ പോയി അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ആ സ്ത്രീ എന്റെ മകളെ വിവാഹം കഴിക്കാൻ പോകുന്ന ഷുക്കൂറിന്റെ വാപ്പയുടെ സഹോദരിയാണെന്ന്.
ഇതറിഞ്ഞ ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി. ഷുക്കൂറുമായി കാര്യങ്ങൾ തിരക്കിയപ്പോൾ ഉമ്മയുടെ വൈരാഗ്യമുണർത്തുന്ന വാക്കുകൾ കേട്ട് നല്ലതെന്നോ ചീത്തയെന്നോ എന്ന് മനസ്സിലാക്കാതെ രക്തബന്ധത്തിൽ അകലം പാലിക്കുന്നയാളാണ് ഷുക്കൂർ എന്ന് മനസ്സിലായി. ഒന്നുകൂടി അന്വേഷിച്ചപ്പോൾ എന്റെ ആഗ്രഹം പോലെയല്ല സകാത്തിന്റെ കാര്യത്തിലും വലിയ സൂക്ഷ്മത ഉള്ളവനല്ല എന്റെ മരുമകനാവാൻ പോവുന്ന ഷുക്കൂർ എന്നു മനസ്സിലായി.
ഇതൊക്ക ചേർത്ത് നോക്കിയപ്പോൾ ഈ വിവാഹം എന്റെ മകൾക്ക് ചേർന്ന ബന്ധമല്ല എന്ന് തോന്നി. ഈ സമയത്ത് ഞാൻ ഒരു നബിവചനം കൂടി ഓർത്തു നിന്റെ അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ അവരെ പരിഗണിക്കാതെ ആഹാരം കഴിക്കരുതെന്നും നീ നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും കുടുബത്തേയും സ്നേഹിക്കണമെന്നുള്ള ആ വചനം എന്റെ മനസ്സിൽ വല്ലാതെ മാറ്റൊലി കൊണ്ടു.
‘‘മൊയ്തീനെ, മതബോധം എന്നത് വെള്ളക്കുപ്പായവും, തലേക്കെട്ടും, നിസ്കാരവും മാത്രല്ലടോ, കുടുംബത്തിന്റെയും, കൂട്ടുകാരെയും, നാട്ടുകാരെയുമൊക്കെ സ്നേഹം കൊണ്ടും സമ്പത്ത് കൊണ്ടുമൊക്കെ ചേർത്ത് പിടിക്കൽ കൂടിയാണെടോ’’ ആ വർത്തമാനം ശരിവെക്കും പോലെ അപ്പോൾ പള്ളിയിൽനിന്നും അസർ ബാങ്ക് മുഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.