സൂര്യഗായത്രിയുടെ കവിതകൾ...

സൂര്യഗായത്രിയുടെ കവിതകൾ...

ഒറ്റമരം
ഞാനെന്നയൊരൊറ്റയക്ഷരം ...
നമ്മളില്ലാതെ ജീവിത വീഥിയിൽ
പകുത്ത വഴികളായി

ഒരുടലിൽ നിന്നു വേർപെട്ട മറ്റൊരുടലോ
ഒരൊറ്റ മരം പിളർന്നുണ്ടായ മറ്റൊരു മരമോ?
സമസ്യാപൂരണത്തിലിനിയുമെത്രയോ ബാക്കി...
.
അറിഞ്ഞു കൊണ്ടറിഞ്ഞില്ലെന്നു നടിക്കുന്ന
നടനവൈഭവം
അറിയാപ്പൊരുളറിയുമ്പോൾ
ദൂരമകന്നളവുകോൽ ബാക്കി

തിരിഞ്ഞു നടക്കുവാനാവില്ല
കാലത്തിൻ നിയതിയ്ക്കു
മുൻപോട്ടേ പ്രയാണം.
സമയമൊശ്വരഥവേഗസഞ്ചാരി
ദിനരാത്രങ്ങളെണ്ണാകണക്കുകൾ
ജീവിതമൊരു യന്ത്രഘടികാരം
സമയമളവിൽ സഞ്ചാരം

എന്നറിയുമവർ
കാലം സാക്ഷിയാക്കുന്ന കോലങ്ങളെ?
നമ്മളില്ലാതെ നിങ്ങളുണ്ടാകുന്ന കാലം
ഇനിയുമെത്രയോ ദൂരേ?

ശാസ്ത്രം തിരുത്തിയൊടുവിൽ
പിഴച്ച കണക്കിലെ പരിദേവനം
നിഴൽ മായാത്തൊരൊറ്റ മരമായി
ഞാനും ദൃക്സാക്ഷിയാവട്ടെ.

തോറ്റമിഴിവ്


പാടിയുണർത്തുകയെന്നെ
നിന്റെ തോറ്റത്തിന്നൂറ്റത്തിൽ
എന്നിലെയാവിയുണരട്ടെ
ഞാനുറയട്ടെ തെയ്യമായി.

വരവിളിയിലുയരുന്നൊരാദിനാദം
അയ്യടി അഞ്ചടിയായി പതഞ്ഞുപൊങ്ങി
ഉടൽക്കരുത്തിലുദയം ചെയ്യുന്നു വാക്കുരിയായി
.തോറ്റുപോയവനെങ്കിലും തോറ്റിയെടുത്തൊരാ തോറ്റത്തിലുണരുന്നു ഞാൻ
ശിരസ്സറ്റു പോയവനെങ്കിലും
ഞാനുയർക്കുന്നു തെയ്യമായി

പഴുത്ത മണ്ണിലെ
ചിതയണഞ്ഞു പോയെങ്കിലും
മേലേരി വാരിപ്പുണരുന്ന
കനലാളുന്നൊരു കനലാടി ഞാൻ.

തീയാടിയാടി വടുകെട്ടിയ തിണർപ്പുകൾ
കാലപ്പഴക്കത്തിലും മായാത്ത മുദ്രയായി
ഉലയൂതിയുയരുന്നു വെളിപാടു ചൊല്ലലായി
അവതാരമായിരമാടുമ്പോഴും
കളിയാട്ടമാടുവാനാവുകില്ല
വെറ്റിലച്ചാറിനാൽ ചുണ്ടു ചുവപ്പിച്ച തൊണ്ടച്ഛന്മാരുടെ വെളിപാടു പെറ്റൊരു
സത്യമാണെന്നും തെയ്യം.
അധർമ്മത്തിനെ പെരുംതീയിലുരച്ചൊരു ധർമ്മമാണെന്നും തെയ്യം.

ആറുമരങ്ങളിൽ നിന്നുറവ കൊള്ളുന്നൊ
രേഴാം കാതലായി തെയ്യം
തോറ്റം പാടിപ്പതിയുന്നവായ്ത്താരിയിൽ
പുത്തനവതാരമാകുന്നു തെയ്യം.
വാ പൊത്തി മൂടിയ ദുഃഖങ്ങളൊക്കെയും
വാക്കിനാലോതി തിളക്കുന്നു തെയ്യം.

Tags:    
News Summary - Poems of sooryagayathri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-11 08:39 GMT
access_time 2025-01-05 07:39 GMT