ആയിശ ഇസ്സ
താരാട്ടുപാട്ടും കഥകളുമൊക്കെ കേട്ടുറങ്ങുന്ന പ്രായത്തിലാണവള് കുത്തിക്കുറിച്ചു തുടങ്ങിയത്. അവ്യക്തമായ വാക്കുകള്‍ക്കപ്പുറത്തേക്ക് ആ കുരുന്നിന്റെ വരികള്‍ നീണ്ടു. തന്റെ തന്നെ
പ്രായക്കാര്‍ മനസ്സില്‍ കാണുന്ന നിറമാര്‍ന്ന കഥകള്‍ക്ക് അങ്ങനെ മഷി പുരണ്ടു, വിരിഞ്ഞതോ രണ്ട് കുഞ്ഞ് കുട്ടിക്കഥാ പുസ്തകങ്ങള്‍. ആയിഷ ഇസ്സ, അഞ്ചാം വയസ്സിലാണ് ആദ്യമായി തന്റേതായ രീതിയില്‍ കിസ്സ എഴുതിത്തുടങ്ങിയത്. അതിന് പുസ്തക രൂപമായപ്പോള്‍ പേര് ‘ഓഹ് നോ ഐ ആം എ മെര്‍മെയ്ഡ്’. ഈ കുഞ്ഞുമോള്‍ അത്ഭുതമാവുന്നത് ഇതുകൊണ്ടു മാത്രമല്ല, തൊട്ടടുത്ത വര്‍ഷം ഒരു കഥാ പുസ്തകം കൂടി അവളുടെ കുരുന്നു കരങ്ങളില്‍ പിറവികൊണ്ടു. ‘ബഗ്ഗി ആന്‍ഡ് ഡോള്‍ഫി’.
രണ്ട് പുസ്തകങ്ങളും കുട്ടികളുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാണ്. ബ്രൈ ബുക്സ് എന്ന ഓണ്‍ലൈന്‍ പബ്ലിഷിങ് പോര്‍ട്ടലിലൂടെയാണ് ഈ രണ്ട് കലാസൃഷ്ടികളും ആദ്യം പ്രകാശനം ചെയ്തത്. പിന്നീട് അച്ചടി മഷി പുരളുകയും ചെയ്തു.
അബൂദബി ഗ്ലോബല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലാണ് പഠനം ആരംഭിച്ചത്. കെ.ജി 2വില്‍ പഠിക്കുമ്പോഴായിരുന്നു ഒന്നാമത്തെ കഥാ പുസ്തകം എഴുതിയത്. ഇപ്പോള്‍ ഒന്നാം ക്ലാസില്‍ എത്തിയിരിക്കുന്നു ഈ ഏഴു വയസ്സുകാരി. 2023, 2024 വര്‍ഷങ്ങളില്‍ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലും ആയിശയുടെ രചന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇക്കഴിഞ്ഞ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ എഴുത്തുകാരന് ഷിഹാബുദ്ദീന് പൊയ്ത്തും
കടവ് പുസ്തകം പ്രകാശനം ചെയ്തിരുന്നു. അബൂദബി ഇസ്ലാഹി സെന്ററിന്റെ കീഴിലുള്ള നര്‍ച്ചര്‍ മദ്റസയിലെ പഠിതാവായ ആയിശ ഇസ്സയെ യു.ഐ.സി അബൂദബി കുടുംബ സംഗമത്തിലും ആദരം ഏറ്റുവാങ്ങി. ചിത്ര രചനയിലും അഭിരുചിയുള്ള ആയിഷയ്ക്ക് രണ്ട് സഹോദരങ്ങളുമുണ്ട്. ഐന്‍ മെഹവിഷ്, എയ്സല്‍ മര്‍യം. എടപ്പാള്‍ സ്വദേശിയായ പിതാവ് മുഹമ്മദ് അനസിന് റെസ്പോണ്‍സ് പ്ലസ് ഹോള്‍ഡിങ്ങിലെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തിലാണ് ജോലി. മാതാവ് റെയ്സ എന്‍ജിനീയറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.