പ്രസീന

ഒരു 19 വയസ്സുകാരനുണ്ടായിരുന്നു.

യുദ്ധവാർത്തകളിലേക്ക് ആവേശപൂർവം മുഖം പൂഴ്ത്തുമായിരുന്നു.

ലോഹചക്ഷുസ്സുള്ള അവൻറെ ഭടന്മാർ!

ഇങ്ങു തെക്കേയറ്റത്ത്

അവനുറങ്ങുമ്പോഴും

അവർ പൊരുതിക്കൊണ്ടേയിരിക്കുന്നു..

ആയുധശക്തിയളക്കുന്ന താരതമ്യപ്പട്ടികകൾ അന്വേഷിച്ച് അവൻ വാരികത്താളുകൾതോറും കയറിയിറങ്ങി.

കോളേജ് ലൈബ്രറി:

പോർവിമാനമൂക്കുകൾ കണക്ക്

കൂർപ്പിച്ചുയർന്നുപോകും ഗ്രാഫുകൾ

കണ്ടങ്ങനെ കോരിത്തരിച്ചിരിക്കവേ,

രണ്ടാം പേജിലേക്ക് അവളവനെ തള്ളിയിട്ടു.

പ്രസീന:

മൂന്നുമാസപ്രായമാം വിവാഹത്തിൽനിന്നും വൈധവ്യത്തിലേക്ക് കുടിയിറക്കപ്പെട്ടവൾ;

പൂ പോലുള്ളവൾ !

പുഷ്പചക്രങ്ങൾക്കിടയിൽ

അവൾ

ഏങ്ങലടിക്കുന്നു..

മണിയടിച്ചതു കേട്ട്

തലയുയർത്തിയപ്പോൾ,

വളഞ്ഞു നിൽക്കും ശത്രുപട്ടാളക്കാർ പോലവേ

തുറിച്ചു നോക്കുന്നൂ പുസ്തകാലമാരകൾ.

ഡസ്കിൻമേൽ അവളുടെ സന്ദേശത്തുണ്ട്:

" ഇരുപക്ഷത്തേയും

വിധവകളുടെ കണക്കുകളും ചേർത്ത്

നിൻറെ താരതമ്യപ്പട്ടിക പൂർണ്ണമാക്കിയാലും.."

Tags:    
News Summary - Madhyamam Literature Kavitha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.