കുട്ടിക്കാലത്ത് ‘മാതൃഭൂമി’ ബാലപംക്തിയിൽ ഞാൻ കുഞ്ഞുകഥകൾ എഴുതിയിരുന്നു. കൗമാരകാലത്ത് വിജയനെയും മാധവിക്കുട്ടിയെയും അനുകരിച്ചുകൊണ്ടും ആ ഭാഷ സ്വാംശീകരിച്ചുകൊണ്ടുമൊക്കെ എഴുതാൻ ശ്രമിച്ചിരുന്നു. രാപ്പകൽ ഇരുന്ന് കഥ വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്ന കൗമാരകാലമായിരുന്നു. സ്കൂളിൽ അധ്യാപകനായ ശേഷം എഴുത്ത് നിലച്ചുപോയി. പത്ത് പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കവിതപോലുള്ള എഴുത്തുകൾ തുടങ്ങിയത്. അതിന് പ്രേരണയായത് വൈദ്യശാസ്ത്രം മാസികയാണ്. ആ മാസികയിൽ ‘ഇളനീരും പുതുമഴയും’ എന്നൊരു ചെറിയ കോളമുണ്ടായിരുന്നു. ചെറിയ പേജാണ് വൈദ്യശാസ്ത്രം മാസികയുടേത്. ആളുകളെ ഒരു ആന്തരിക ലോകത്തെ അഭിമുഖീകരിക്കാൻ പ്രാപ്തിയുള്ള തരത്തിൽ വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള മാസികയായിരുന്നു, അത്. ഒരു ബസ്സ്റ്റോപ്പിലൊക്കെ ഇരുന്ന് വായിക്കാൻ പറ്റുന്ന തരത്തിലായിരുന്നു അതിെൻറ രൂപകൽപന. അതിന് വേണ്ടി എഴുതുേമ്പാഴാണ് വാക്ക് വളരെ ശ്രദ്ധയോടെ ഉപയോഗിച്ചുകൊണ്ട് എങ്ങനെ എഴുതാം എന്നുള്ള ഒരു പ്രശ്നം ഉയരുന്നത്. ആ കോളത്തിൽ എഴുതിയ കുറിപ്പുകളിലൂടെയാണ് പതുക്കപ്പതുക്കെ എെൻറ ആദ്യത്തെ കവിത രൂപപ്പെടുന്നത്.
നമ്മുടെ ജീവിതത്തിൽ നമ്മൾ കാണാത്തതും നമ്മൾ ഉൗഹിക്കാത്തതുമായ പല കാര്യങ്ങളും ദിശാബോധങ്ങളും ഉണ്ടാവും. അവ ഉൗറിക്കൂടുേമ്പാഴായിരിക്കും ഒരാൾ കവിതയിൽ എത്തുന്നത്. എെൻറ കാലത്തിന് മുന്നിലുള്ള ഏറ്റവും വലിയ പ്രശ്നം എന്ന് ഞാൻ വിചാരിക്കുന്നത് അധികാരത്തോടുള്ള ആന്തരിക തൃഷ്ണ ജീവിതത്തിന് ഉണ്ടാക്കുന്ന മൂല്യരാഹിത്യവും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതുമാണ്. ഒരു വ്യക്തി വളരെ സൂക്ഷ്മതലത്തിൽ അധികാരത്തോടുള്ള തൃഷ്ണ അനുഭവിക്കുന്നുണ്ടാവും. രാമന് മാത്രമല്ല, എല്ലാ സാധാരണക്കാരനും അതുണ്ട്. ഒരുപക്ഷേ, ജ്ഞാനം മനുഷ്യനെ പ്രാപ്തമാക്കുന്നത് ഇൗ ആസക്തിയിൽനിന്ന് മനുഷ്യനെ മുക്തനാക്കാനായിരിക്കും. മനുഷ്യെൻറ മുക്തി ആന്തരികമായ അധികാര തൃഷ്ണയിൽനിന്നുള്ള മുക്തിയാണ്. രാമനെ മുക്തിദാതാവായി കാണുേമ്പാൾ മനുഷ്യനെ അധികാരതൃഷ്ണയിൽനിന്ന് മോചനം നൽകുന്ന ഒരു പാതയായിട്ട് രാമൻ വളരുകയാണ്. അതിന് തന്നിൽതന്നെ ഉൗറിക്കിടക്കുന്ന അധികാരവാഞ്ഛയിൽനിന്ന് രാമൻ മുക്തനാവണം. ആ അധികാരവാഞ്ഛയുടെ പ്രതീകമായിട്ടാണ് അയോധ്യയെയും അതിെൻറ പാരമ്പര്യ നിയമങ്ങളെയും അതിന് മേൽ അർപ്പിക്കപ്പെട്ട വിശ്വാസങ്ങളെയും വിശ്വാമിത്രൻ അടക്കമുള്ള സന്ന്യാസിമാർ കൊണ്ടുവന്ന വിശ്വാസസംഹിതകളെയും ഞാൻ വിശകലനം ചെയ്തത്. ഇൗ അധികാര വ്യവസ്ഥയിൽനിന്ന് യാദൃച്ഛികമായിട്ട് പുറത്തുപോകാൻ രാമന് ഒരു അവസരം കിട്ടുകയാണ്. അധികാര ജീവിതത്തിൽനിന്ന് വ്യത്യാസമായിട്ട്, ജീവിതത്തെ നോക്കിക്കാണാനുള്ള ഒരു അവസരം കൊടുക്കുകയാണ്. വനജീവിതം തനിക്ക് എത്രമാത്രം ഉപയോഗപ്പെടുത്താൻ കഴിഞ്ഞു എന്ന് അവസാനകാലത്ത് തന്നെ തന്നെ നോക്കുന്നതരത്തിലാണ് ‘ഹരിതരാമായണ’ത്തിൽ രാമെൻറ ചിന്തകൾ വരുന്നത്. രാമായണത്തിലെപോലെ, ഒരു ശാപമായിട്ടല്ല, മാനവ നാഗരികതയിൽനിന്ന് പുറത്തുപോവാനുള്ള ഒരു സാധ്യതയായിട്ട് വനവിഹാരത്തെയും വനജീവിതത്തെയും കാണാമെന്നാണ് ഞാൻ വിചാരിച്ചത്. അതാണ് ഹരിതരാമായണത്തിൽ പറയുന്നത്.
രാമൻ നമ്മെ പ്രചോദിപ്പിക്കുന്നത് ഇൗ വഴിയിൽ പോകൂ എന്നാണോ, പോകാതിരിക്കൂ എന്നാണോ? ഇൗ രണ്ട് തരത്തിലും രാമെൻറ കഥ നമുക്ക് ഉപയോഗിക്കാം. ആദർശനിഷ്ഠ എത്രമാത്രം വ്യക്തിജീവിതത്തിന് നേരെ പരീക്ഷണം ഉയർത്തുന്നതാണ് എന്ന കാര്യം രാമായണത്തിൽ ഉണ്ട്. ആന്തരികമായിട്ടുള്ള മൂല്യങ്ങളെ തിരസ്കരിച്ചുകൊണ്ട് മാത്രമേ രാഷ്ട്രീയ ജീവിതം കഴിയൂ എന്ന് രാമൻ തെൻറ ജീവിതത്തിലൂടെ മനസ്സിലാക്കുകയാണ്. വ്യക്തിയുടെ നിർമലമായ ഗുണങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് മാത്രമേ ഒരാൾക്ക് രാഷ്ട്രീയമായി വിജയിക്കാൻ പറ്റൂ എന്ന് പറയുന്നത്, രാഷ്ട്രീയ ജീവിതത്തിന് മേൽ രാമായണം ഉയർത്തുന്ന വലിയ വെല്ലുവിളിയാണ്. അത് മനുഷ്യന് നേർക്കുള്ള എന്നത്തേയും ഒരു വെല്ലുവിളിയാണെന്ന് ഞാൻ വിചാരിക്കുന്നു. അതിനെ മായ്ച്ചുകളയാനാണ് രാഷ്ട്രീയ രംഗത്തുള്ളവർ ഇന്ന് ശ്രമിക്കുന്നത്. മഹാഭാരതം എത്രത്തോളം തീവ്രമായിട്ട് ഹിംസയിൽനിന്ന് പുറത്തുപോകാൻ മനുഷ്യനെ സഹായിക്കുന്നുണ്ടോ, അത്രതന്നെ രാഷ്ട്രീയ ജീവിതത്തിന് നേരെ സംശയത്തോടെ നോക്കാനും പ്രേരിപ്പിക്കുന്നുണ്ട്. നേരെമറിച്ച്, മനുഷ്യനെ കൂടുതൽ സാമൂഹികജീവിതത്തിെൻറ അപകടം നിറഞ്ഞ ചതുപ്പിലേക്ക് കൊണ്ടുപോവാൻ രാമായണത്തെ ഉപയോഗിക്കുന്നുവെന്നത് ഒരു വിരോധാഭാസമാണ്. ഒരാളുടെ ജീവിതം നമുക്ക് പാഠമാകുന്നത്, അത് നമുക്ക് ഒാജസ്സുണ്ടാക്കുേമ്പാഴാണ്. അല്ലാതെ, നമ്മെ കൂടുതൽ ഹിംസയിലേക്കും വിരുദ്ധചിന്താഗതികളിലേക്കും ജീവിത സങ്കീർണതകളിലേക്കും കൊണ്ടെത്തിക്കുേമ്പാഴല്ല. ആ തരത്തിൽ, ഏത് പുരാണ കഥാപാത്രത്തെയുംപോലെ, സ്പർധകളില്ലാതെ, മുൻധാരണകളില്ലാതെ, ആഭിമുഖ്യങ്ങളില്ലാതെ, ഭയമില്ലാതെ, ഭക്തിയില്ലാതെ രാമനെ നോക്കിക്കാണാൻ നമുക്ക് കഴിയണം.
പുരാണങ്ങളെയും മിത്തുകളെയും ഉടച്ചെടുത്ത് ആവശ്യമുള്ളത് മാത്രം എടുക്കുന്ന ഒരു രീതി ഇന്നുണ്ട്. രാമായണം ഒരു വലിയ ഇരുമ്പുപാത്രമാണെങ്കിൽ അതിനെ ഉരുക്കിയെടുത്തിട്ട് ആയുധമാക്കുന്നതുപോലുള്ള ഒരു കാര്യമാണ് രാമനെ ഉപയോഗിച്ച് ആയുധമുണ്ടാക്കി രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കുന്നത്. ഇന്ന് ഒരാൾക്കുപോലും രാമായണത്തിലെ സംഗീതമോ കവിതയോ സന്ദേഹമോ ഉൾെക്കാള്ളാൻ കഴിയുന്നില്ല. ലോകത്തിന് മുന്നിൽ ആന്തരികമായ സന്ദേഹം അവതരിപ്പിച്ച രണ്ട് കൃതികളാണ്, രാമായണവും മഹാഭാരതവും. വിശ്വാസത്തിെൻറ മൂല്യത്തിൽ രാമായണത്തെയും മഹാഭാരതത്തെയും വായിക്കുേമ്പാൾ അത് ചോർത്തിക്കളയുന്നത് സന്ദേഹങ്ങളെയാണ്. പാർഥെൻറയും രാമെൻറയും സന്ദേഹങ്ങളെ ചോർത്തിക്കളഞ്ഞുകൊണ്ട് രാമായണവും മഹാഭാരതവും വായിക്കുന്നവർക്ക് അതിലെ കവിതയാണ് നഷ്ടപ്പെടുന്നത്. ജ്ഞാനവും ഹിംസയും വിരുദ്ധമായിട്ടുള്ള രണ്ട് ആശയങ്ങളാണ്. എവിടെയാണോ ജ്ഞാനം അവസാനിക്കുന്നത്, അവിടെയാണ് ഹിംസ തുടങ്ങുന്നത്. ഹിംസക്കുള്ള ഒരേയൊരു പരിഹാരം ജ്ഞാനമാണ്. അധ്യാത്മരാമായണത്തിൽ ക്രോധിയായ ലക്ഷ്മണനോട് രാമൻ പറയുന്നത്, നിെൻറ ക്രോധം നിന്നെ നശിപ്പിക്കും എന്നാണ്. ക്രോധത്തിൽനിന്നാണ് ഹിംസ ഉണ്ടാകുന്നത്. എന്താണോ മനുഷ്യനെ ഹിംസയിൽനിന്ന് മോചിപ്പിക്കുന്നത്, അതിനെയാണ് രാമായണം വിദ്യാഭ്യാസം എന്നോ വിദ്യ എന്നോ പറയുന്നത്. അതാണ് ജ്ഞാനം. ഇതാണ് രാമായണത്തിെൻറ ഹൃദയം. ആ ഹൃദയം മുറിച്ചുമാറ്റിയാൽ രാമായണം വെറും കൽക്കൂമ്പാരം മാത്രമായിട്ട് മാറും. ആ കൽക്കൂമ്പാരത്തെയാണ് ഇന്ന് രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത്. രാമായണത്തിെൻറയും മഹാഭാരതത്തിെൻറയും സത്യത്തിൽ ആമഗ്നനാവുന്ന ഒരാൾക്ക്, ദേശങ്ങളും രാജ്യങ്ങളുമില്ല. മഹാഭാരതത്തിലായാലും രാമായണത്തിലായാലും പറയുന്നത്, ഇന്ത്യ എന്ന അല്ലെങ്കിൽ ഭാരതം എന്ന പ്രത്യേക ഭൂഭാഗത്തിെൻറ പ്രശ്നമല്ല. ദശാവതാര കഥ തന്നെ ഭൂമിയുടെ പ്രശ്നം എന്നനിലയിലാണ്. രാമായണത്തെയും മഹാഭാരതത്തെയും കേവലം ഭാരത ഭൂഖണ്ഡത്തിെൻറ അല്ലെങ്കിൽ ഏതെങ്കിലുമൊരു ഭാഷയിലെ ആളുകളുടെ പ്രശ്നവുമായിട്ടല്ല കാണേണ്ടത്. കവിത ഏത് രാജ്യത്തിെൻറയും പ്രശ്നത്തിനുള്ള മരുന്നാണ്. രാമായണത്തിെൻറ കവിതയാണ് ഉപയോഗപ്പെടേണ്ടത്. ആ കവിതയിൽനിന്ന് അകന്നുപോകുേമ്പാഴാണ് മനുഷ്യൻ ഹിംസയിൽ എത്തുന്നത്.
മനുഷ്യനുതന്നെ തന്നെ കാണാനും ആവിഷ്കരിക്കാനും സത്യം തേടാനുമുള്ള ശ്രമത്തിനെയാണ് ഞാൻ കവിത എന്ന് പറയുന്നത്. അജ്ഞാനം എന്ന് ഞാൻ പറയുന്നത് ഞാൻ നിങ്ങളിൽനിന്ന് സവിശേഷനായ ഒരാളാണ് എന്ന ചിന്തയാണ്. നിങ്ങളും ഞാനും ഒന്നാണെന്ന തിരിച്ചറിവാണ് ജ്ഞാനം. നിങ്ങളിൽനിന്ന് വ്യത്യസ്തനായ ഒരാളാണെന്ന് എനിക്ക് തോന്നുന്ന സമയം ലോകം പ്രശ്നകലുഷിതമായി മാറാൻ തുടങ്ങും. നിങ്ങളുടെ വിശപ്പ് എെൻറ വിശപ്പല്ലാതായി മാറും. നിങ്ങളുടെ മതം എെൻറ മതമല്ലാതായി മാറും. നിങ്ങൾ മോശക്കാരനും ഞാൻ മികച്ചവനുമാകും. ആ അജ്ഞാനമാണ് ലോകത്തിെൻറ മുഴുവൻ സ്പർധക്കും കാരണം. ഒരേയൊരു ജ്ഞാനമേ മനുഷ്യന് ആവശ്യമുള്ളൂ. ഞാൻ എന്ന് പറഞ്ഞാൽ നിങ്ങൾ തന്നെയാണ് എന്ന സത്യം. മൂന്ന് തരത്തിൽ പഠിക്കാൻ ബുദ്ധൻ അത് പഠിപ്പിച്ചിട്ടുണ്ട്. ആദ്യത്തേത് ബോധമാണ്. ഞാൻ തന്നെയാണ് നിങ്ങൾ എന്നതാണ് ആ ബോധം. ഒരു കുഞ്ഞുതിര കടൽ അന്വേഷിച്ച് പോയ കഥയുണ്ട്. എന്താണ് കടൽ എന്നാണ് തിരയുടെ അന്വേഷണം. തിരക്ക് കിട്ടിയ ജ്ഞാനം നീ തന്നെയാണ് കടൽ എന്ന മറുപടിയാണ്. ഞാൻ എന്നെ തിരിച്ചറിയുക എന്ന് പറഞ്ഞാൽ, ഞാൻ നിങ്ങളാണെന്ന് തിരിച്ചറിയലാണ്. അതാണ് ബുദ്ധെൻറ ബോധം എന്ന് പറയുന്നത്. അങ്ങനെ ബോധം കിട്ടിയ ഒരാൾ ധർമിയായിരിക്കും. ധർമത്തിലെത്തിക്കഴിഞ്ഞാൽ സംഘമാവും. ബുദ്ധെൻറ ഇൗ മൂന്ന് പാഠങ്ങൾ മാത്രം അനുധ്യാനം ചെയ്താൽ ഒരാൾ അൾട്ടിമേറ്റ് ജ്ഞാനത്തിലെത്തും. അങ്ങനെയുള്ള ഒരാൾക്ക് നീതിബോധമുണ്ടാവും. പക്ഷേ, മനുഷ്യൻ ഇന്ന് ഉണ്ടാക്കുന്ന സംഘങ്ങൾക്കൊന്നും ധർമവുമില്ല, ബോധവുമില്ല. ഈ ആത്മീയതയെ കവിതയിലേക്ക് ആവാഹിക്കണം. അങ്ങനെയാണ് കവിതക്ക് സംഘർഷങ്ങളെ നേരിടാൻ കഴിയുക. കടലിലൂടെ കൂരാകൂരിരുട്ടിൽ ദിശയറിയാതെ നടക്കുന്ന ഒരാൾക്ക് കുഞ്ഞുനക്ഷത്രം ആനന്ദമാകുന്നേപാലെ എവിടെയൊക്കെയാണോ വെളിച്ചം ആവശ്യമുള്ളത്, ഇരുട്ടിൽപെട്ട് മനുഷ്യർ അലയുന്നത്, അവരുടെ ആകാശത്തിെൻറ മുകളിൽ ഒറ്റ നക്ഷത്രമായി കവിത കത്തിനിൽക്കുന്നുണ്ട്.
എന്താണ് സമൂഹം എന്ന് പറഞ്ഞാൽ? പല തരത്തിലുള്ള സമൂഹം ഉണ്ട്. ഒരു ജാതി, വർണവ്യവസ്ഥയൊക്കെ പല സമൂഹങ്ങളിലും നിലനിന്നിട്ടുണ്ട്. ബ്രാഹ്മണരുടെ സമൂഹം, കൊല്ലപ്പണിയെടുക്കുന്നവരുടെ സമൂഹം. ഇതെല്ലാം ഒാരോരോ കുടുസ്സ്, കുടുസ്സ് സമൂഹങ്ങളാണ്. സമൂഹത്തിന് വേണ്ടി കവിതയെഴുതുന്ന കവി ഏത് സമൂഹത്തിന് വേണ്ടിയാണ് എഴുതുന്നത്? ഏത് സമൂഹത്തിലാണ് ഞാൻ ഉൾപ്പെട്ടത്? എെൻറ ഭാഷ മനസ്സിലാകുന്ന, ആളുകൾ ഉൾെപ്പട്ട സമൂഹത്തിലാണോ ഞാൻ? കവിത എഴുതുന്ന, വായിക്കുന്ന ആളുകളുടെ സമൂഹത്തിലാണോ ഞാൻ? കവിതയെഴുതുേമ്പാൾ ഒരുപക്ഷേ ഞാൻ കവിയാണ്. എെൻറ കവിത ഇന്ന മാഗസിനിൽ പ്രസിദ്ധീകരിക്കണം എന്ന് ഞാൻ വിചാരിക്കുന്നു. അപ്പോൾ അബോധമായിട്ട് എനിക്ക് ഒരു ധാരണയുണ്ടാകും ആ മാഗസിൻ വായിക്കുന്ന ആളുകൾ ഏത് തരം കവിത വായിക്കുന്ന ആളുകൾ ആണെന്ന്? അപ്പോൾ ഞാൻ നിർമിക്കുന്ന കവിത അറിഞ്ഞോ അറിയാതെയോ ഞാൻ ഒരു പ്രത്യേക ചെറിയ സമൂഹത്തെ ഉണ്ടാക്കുന്നു. അപ്പോൾ സമൂഹബദ്ധമായിട്ട് കവിതയെഴുതുക എന്ന് പറഞ്ഞാൽ അത് സമൂഹത്തിെൻറ ധാരണകളെ പൊട്ടിക്കുമോ? എെൻറ തൊഴിൽ സമൂഹത്തെ ഞാൻ പൊട്ടിക്കുേമാ? എെൻറ ദേശത്തെ പൊട്ടിക്കുമോ? എെൻറ മനുഷ്യൻ എന്ന അതിർത്തിയെ ഞാൻ പൊട്ടിക്കുമോ? സമൂഹത്തിൽ മാറ്റം വേണം എന്ന് ഞാൻ ആഗ്രഹിക്കുേമ്പാൾ നിഗൂഢമായി ആഗ്രഹിക്കുന്നത് നിങ്ങൾ മാറണം എന്നാണ്. എന്നെപ്പോലെ നിങ്ങളും ആവണം എന്നുള്ള എെൻറ ചിന്താഗതിക്ക് ഞാൻ മാറ്റം എന്ന് പേര് കൊടുക്കുകയാണ്. ഞാൻ എന്നുള്ളത് ഒരു അധികാരമുള്ള/വെളിച്ചമുള്ള അവസ്ഥയിലാണ്. മറ്റുള്ളവർ അത് കിട്ടാത്തവരാണ്. എെൻറ അവസ്ഥയിലേക്ക് മറ്റുള്ളവരെ മാറ്റുന്നതിനെയാണ് ഞാൻ സമൂഹ പരിവർത്തനം എന്ന് പറയുന്നത്. ഞാൻ എന്ന് പറയുന്നതിന് തന്നെ ഒരു പരിമിതിയുണ്ട്. ശരിയായ വിപ്ലവം എന്ന് പറഞ്ഞാൽ എന്താണ്? അതാണ് നാം മനസ്സിലാക്കേണ്ടത്. സമൂഹത്തിൽ മാറ്റം ഉണ്ടാക്കുക എന്നതിൽനിന്ന് വ്യത്യസ്തമായി, എന്താണ് മാറ്റം എന്നതിനെ കുറിച്ച് വളരെ ആഴത്തിൽ അറിയുക എന്നതാണ് വേണ്ടത്. എന്താണ് യഥാർഥ വിപ്ലവം? ഇൗ ചോദ്യത്തെ അഭിമുഖീകരിക്കാത്തതാണ് എല്ലാ സാമൂഹിക മാറ്റങ്ങളുടെയും പരിമിതി.
ഒരു പക്ഷി കൂടുണ്ടാക്കുേമ്പാൾ അതിെൻറ ജ്ഞാനം ഉപയോഗിക്കുന്നുണ്ട്. അതിനെ മുന്നോട്ട് നയിക്കുന്നത് ഒരു സ്ട്രീമാണ്. ഒരു ഇല ഞെട്ടറ്റ് വീഴുക എന്നതുപോലെ തന്നെയാണ് ഒരു പക്ഷി കൂടുണ്ടാക്കുന്നതും. മനുഷ്യന് ഒരു വ്യത്യാസമുണ്ട്. താൻ കൂടുണ്ടാക്കുകയാണ് എന്ന് പക്ഷി തിരിച്ചറിയുന്നില്ല. മനുഷ്യനിൽ എത്തുേമ്പാഴുള്ള വ്യത്യാസം ഇൗ സിസ്റ്റം അതിനെ തിരിച്ചറിയാൻ തുടങ്ങുന്നു എന്നതാണ്. അതായത്, ഞാൻ ഉണ്ടാക്കുകയാണ് പക്ഷേ, ഞാനല്ല ഉണ്ടാക്കുന്നത് എന്ന് പറയുന്ന വലിയ ഒരു സമന്വയം മനുഷ്യനിൽ സംഭവിക്കുന്നുണ്ട്. ഒരു ഇലയെപ്പോലെ മനോഹരമായ ഒരു കവിതയുണ്ടോ? ഒരു പൂവിനേക്കാൾ മനോഹരമായ ഒരു പുഷ്പകവി എവിടെയെങ്കിലും ഉണ്ടോ? ഒരു പനിനീർ ചെടിയുടെ മേൽ നൂറുകണക്കിന് വർഷമായി ഒരേ പനിനീർ പൂവാണ് വിടരുന്നത്. ഒരിക്കൽപോലും ഒരു പനിനീർ പൂവിനെ നോക്കി ഇത് നിെൻറ എത്രാമത്തെ പതിപ്പാണ് എന്ന് നാം ചോദിക്കാറില്ല. അതിെൻറ ഇതളുകളിൽ, നിറത്തിൽ, ഗന്ധത്തിൽ വ്യത്യാസമില്ല. എന്നിട്ടും ഇന്ന് വിരിഞ്ഞ പൂവ് ഇന്നത്തെ പൂവ് മാത്രമാണ്. അവിടെയാണ് നമ്മൾ മനുഷ്യേൻറതായ ഒന്ന് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. മനുഷ്യെൻറ ഉള്ളിലുള്ള ഒരു ഫ്ലവറിങ് ഉണ്ടല്ലോ അവനിൽനിന്ന് പുറപ്പെടുന്ന ഒന്ന്, ഒരു കുഞ്ഞിെൻറ ചിരി അതിമനോഹരമായ ഒരു കവിതയാണ്. ഒരാളുടെ കൈയിൽ മറ്റൊരാൾ മുറുകെപ്പിടിക്കുന്നതിൽ, അറിയാതെ വരുന്ന ഒരു കുറുകലിൽ, സ്നേഹത്തിൽ കവിതയുണ്ട്. ഒരു മനുഷ്യെൻറ ജീവിതത്തിൽനിന്ന് സ്വാഭാവികമായിട്ടുണ്ടാകുന്ന ഫ്ലവറിങ്ങിനെയാണ് കവിത എന്ന് പറയുന്നത്. ചിലപ്പോൾ ഒരു കവിതയേ ഉണ്ടാകൂ. ചിലപ്പോൾ നിരന്തരം ഉണ്ടായെന്ന് വരാം. കവിത ഭാഷയിലാവാം, ചായങ്ങളെകൊണ്ടാവാം. വെറുതെയുള്ള ഒരു കരചലനംകൊണ്ടാവാം. ഒരു നോട്ടംകൊണ്ടാവാം. ശിൽപമാവാം.
മനുഷ്യൻ എന്ന ജീവിവർഗം നിലനിൽക്കണമെങ്കിൽ ഒരുപാട് തരം സവിശേഷമായിട്ടുള്ള ഘടനകൾ അതിനുള്ളിൽതന്നെ വേണം. കുഞ്ഞുങ്ങളിലൂടെ പുതിയ തലമുറകളെ ഉണ്ടാക്കാനുള്ള കൂട്ടങ്ങൾ വേണം. സമ്പത്തുണ്ടാക്കാൻ ശേഷിയുള്ളവർ വേണം. അതിനോടൊപ്പം ജീവിതജ്ഞാനത്തെ പകർത്തിവെക്കാനുള്ള കുറച്ചുപേരും വേണം. തോട്ടം നിറയെ ചക്കയുണ്ടാകുന്നു. കുറെ പേർ വെട്ടി, പുഴുങ്ങി, പുഴുക്കാക്കി. കുറെ പേർ തിന്നു. കുറെപേർക്ക് കൊടുത്തു. എന്നിട്ടും ബാക്കിയുള്ള കുറച്ചെണ്ണം എടുത്ത് വേവിച്ച് വരട്ടി, എല്ലാകാലത്തേക്കും വേണ്ടി സൂക്ഷിച്ചുവെക്കും. അങ്ങനെ കുറച്ചുപേരെ മനുഷ്യസമൂഹത്തിെൻറ ആന്തരികജ്ഞാനത്തെ അടുത്ത തലമുറയിലേക്ക് പകർത്താൻ വേണ്ടി ഉപയോഗപ്പെടുത്തും. അങ്ങനെയുള്ള മനുഷ്യർക്ക് എന്തൊക്കെ സവിശേഷത വേണം? എല്ലാ ലോകവും എനിക്കറിയണം എന്നുണ്ടെങ്കിൽ ഞാൻ എെൻറ ലോകത്ത് തൃപ്തനാവരുത്. എനിക്ക് നിങ്ങളിൽ താൽപര്യമുണ്ടാവണമെങ്കിൽ ഞാൻ എന്നിൽ അവസാനിക്കരുത്. സാധാരണക്കാരുടെ ജീവിതം സാധ്യമാക്കുന്ന ഭാര്യ, മക്കൾ, മക്കളുടെ മക്കൾ അവരുടെ തമാശ...ഇങ്ങനെ വളരെ ലളിതമായ ചില സാധാരണ സുഖങ്ങളുണ്ട്. അതിൽ ജീവിച്ചവസാനിക്കാവുന്ന ബോധങ്ങളേ സാധാരണ മനുഷ്യർക്ക് ഉണ്ടാകൂ. ഒരെഴുത്തുകാരനും സാധാരണ ജീവിതംകൊണ്ട് തൃപ്തരായിരിക്കില്ല. ജീവിതത്തിെൻറ സമഗ്രസത്യം എങ്കിൽ മാത്രമേ അയാൾക്ക് ആവിഷ്കരിക്കാൻ സാധിക്കൂ. ഒരു പത്രത്തിലെ റിപ്പോർട്ടർക്ക് അതിർത്തിയിൽ യുദ്ധം നടക്കുേമ്പാൾ അവിടെ പോകാതെ എങ്ങനെ റിപ്പോർട്ട് ചെയ്യാൻ കഴിയും? വീടിെൻറ സുഖങ്ങളുമായി ജീവിച്ച് നിങ്ങൾക്കെങ്ങനെ മനുഷ്യെൻറ വേദന ആവിഷ്കരിക്കാൻ കഴിയും? ഏതെഴുത്തുകാരനും അയാളുടെ ജീവിതത്തിൽ നിരന്തരം േവദനകൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. അയാൾ മനുഷ്യവേദനയുടെ, നിത്യസത്യത്തിെൻറ ആവിഷ്കാര കർത്താവായിരിക്കാൻ സൃഷ്ടിക്കപ്പെട്ടയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.