ഗ്രാമീണ നന്മകളുടെ ഗൃഹാതുരകാലം

മലയാളികളുടെ മഹോത്സവങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ വിഷു മേടം ഒന്നിനാണ്. മിക്കവാറും അത് ഏപ്രിൽ 14 ആയിരിക്കും. ജ്യോതിഷ വിധിപ്രകാരം, അപൂർവമായി സൂര്യസംക്രമത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം മുന്നോട്ടുപോകും. ഇത്തവണ ഏപ്രിൽ 15നായത് അങ്ങനെയാണ്. കഠിന വേനലിന്റെ തീക്ഷ്ണതയിൽ ചുട്ടുപൊള്ളുന്ന മലയാളക്കരയുടെ വരണ്ട ഭൂമിയിലേക്ക് ഇടമഴയുടെ ആർദ്രതക്കൊപ്പം കടന്നുവരുന്നതാണ് വിഷു. ചുട്ടുപൊള്ളുന്ന കർഷകന്റെ മനസ്സിനും അത് കുളിരുനൽകുന്നു. ഉല്പന്നങ്ങൾക്കൊരു വിപണി, പാടങ്ങളിൽ തൊഴിലവസരം ഇതെല്ലാം ചേർന്നതാണ് ഗ്രാമീണ കർഷകന്റെ വിഷു.

വിഷുവിന് വിഷുവം എന്നും വിഷുവത് എന്നും രണ്ട് പര്യായങ്ങളുണ്ട്. ഇതിൽ വിഷുവത് പുണ്യകാലം എന്ന പ്രയോഗം പ്രചാരത്തിൽ ഉള്ളതാണല്ലോ. വിഷു എന്നതിന് പകലും രാത്രിയും തുല്യമായ സമയം എന്നാണർഥം. അങ്ങനെ രണ്ടു സമയമാണുള്ളത്. ഒന്ന് മേടമാസത്തിൽ, മറ്റേത് തുലാമാസത്തിൽ. ഇതിൽ മേടമാസത്തിലെ സമയമാണ് 'വിഷുവത്'. പുണ്യകാലം മേടമാസം ഉത്തരായന കാലമാണെന്നതുകൊണ്ടുകൂടിയാണ് വിഷുവത് പുണ്യകാലം എന്ന് പറയുന്നത്. 'വിഷുവം' ദക്ഷിണായനത്തിലാണ്.

നവവത്സരദിനം, ശകവർഷാരംഭ ദിനം എന്നിവയുമായി ബന്ധപ്പെട്ടതുകൂടിയാണ് വിഷു. മലയാളികൾ ഉത്തര മലബാർ ഒഴികെ പുതുവത്സരത്തെ ചിങ്ങത്തിൽ ആരംഭിക്കുന്നതായി ഗണിക്കുമ്പോൾ കന്നി ഒന്നാണ് വടക്കെ മലബാറിന്റെ പുതുവർഷം. കന്നിയാർ ഒന്ന് എന്ന് ഉത്തര മലബാറുകാർ പറയുന്നു. എന്നാൽ, രാശിഗണനയിൽ മേടം ആണ് ഒന്നാം രാശി. അതുതന്നെ ഒന്നാം മാസം. അതായത്, വർഷാരംഭം വിഷുവിന് തൊട്ടുമുമ്പുള്ള ദിവസത്തെ വിഷു സംക്രാന്തി എന്നുപറയുന്നു. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകന് വിഷു അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്റെ കാലമാണ്. പാടങ്ങളിൽ വിത്തെറിയാനുള്ള മുഹൂർത്തമാണ്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ മൂപ്പുകുറഞ്ഞ വിത്തിറക്കിയവർക്ക് കൊയ്ത്തുകാലമാണ്. ഇപ്പോൾ പാടത്തിടുന്ന വിത്താണ് കന്നിക്കൊയ്ത്തിന്റെ വിളവെടുപ്പ്. കന്നിക്കൊയ്ത്തെന്നു പറയുമെങ്കിലും ചിങ്ങത്തിൽ ഓണത്തിനു മുമ്പുതന്നെ കൊയ്ത്തുതുടങ്ങും. ആ കൊയ്ത്തുകാലം ദീർഘമാണ്. അതുമായി താരതമ്യപ്പെടുത്തിയാൽ വിഷു ഒരു കൊയ്ത്തുകാലമല്ല. വിഷു പച്ചക്കറി വിളവിന്റെ കാര്യത്തിലാണ് പ്രധാനം. അടുത്ത കന്നിക്കൊയ്ത്തിന് പാടം ഒരുക്കുക എന്നതുതന്നെയാണ് വിഷുവിന് പ്രധാനം.


പൊലിക പൊലിക ദൈവമേ

തൻ നെൽ പൊലിക

എന്ന ഓണക്കാലത്തെ പുള്ളുവൻപാട്ട് വരാനിരിക്കുന്ന നെൽസമൃദ്ധിക്കുവേണ്ടിയുള്ള പ്രാർഥനയാണ്. വിഷുവിന്റെ പ്രസക്തി ഒരു കാർഷികോത്സവം എന്ന നിലക്കാണ്. സമാനമായ ഉത്സവങ്ങൾ ഇന്ത്യയിലെ പല മേഖലകളിലും ഉണ്ട്. അവയിൽ പലതും തദ്ദേശീയരുടെ പുതുവത്സരവുമായി ബന്ധപ്പെടുത്തിക്കൂടിയാണ് ആഘോഷിക്കപ്പെടുന്നത്. ബിഹാറിലെ ബൈഹാഗ്, പഞ്ചാബിലെ വൈശാഖി, തമിഴ്നാട്ടിലെ പൂത്താണ്ട്, കർണാടക-ആന്ധ്ര സംസ്ഥാനങ്ങളിലെ ഉഗാദി (യുഗാദി) എന്നിവ ഉദാഹരണം. തുടക്കം നന്നായാൽ ആ വർഷം മുഴുവൻ നന്മ കൈവരുമെന്ന വിശ്വാസമാണിതിനുപിന്നിൽ. ഒരു പുതുവർഷത്തെ പ്രാർഥനപൂർവം എതിരേൽക്കുന്നതാണ് ഈ ഉത്സവങ്ങൾ എന്നു പൊതുവേ പറയാം. ഏറെ കാലപ്പഴക്കമുള്ളതാണ് വിഷു ആഘോഷം. സംഘകാലം മുതൽ ഇത് ഉണ്ടെന്നതിന് തെളിവ് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രാചീനമായ പതിറ്റുപത്ത് കൃതിയിൽ ഈ ആഘോഷത്തെക്കുറിച്ച് പരാമർശമുണ്ട്.

വിഷു ആഘോഷം എന്നത് മലയാളിയുടെ മനസ്സിലെ മാഞ്ഞുപോകുന്ന സ്മരണകളിൽ ഒന്നായി മാറുകയാണോ. സീസണൽ എന്ന് വിശേഷിപ്പിക്കാറുള്ള നാടൻ പച്ചക്കറി വിഭവങ്ങൾപോലും ഇന്ന് വിപണിയിൽ ഇല്ല. പടക്കം വാങ്ങുന്നതിന് പണം സമാഹരിക്കാൻ സ്വന്തം തൊടിയിൽ നട്ടുവളർത്തിയ ഇഞ്ചിയും മഞ്ഞളും കശുവണ്ടിയും കുരുമുളകും മുളകും നാട്ടുമാങ്ങയുമൊക്കെയായി വിപണിയിലേക്കു പോകുന്ന യുവാക്കളെ എവിടെയും കാണാനില്ല. കെട്ടുകണക്കിന് കൊന്നപ്പൂ ശേഖരിച്ച് വീടുകളിൽ കണികാണാൻ നൽകി വീട്ടുകാരോട് കൈനീട്ടം വാങ്ങി വിഷു ആഘോഷം ആർഭാടമാക്കുന്ന ബാലന്മാർ ഇല്ലേയില്ല. പന്തലിൽ കാവൽ നിൽക്കുമ്പോഴുള്ള വിരസത അകറ്റാൻ വെള്ളരിപ്പാടത്ത് രാത്രികളുടെ നിശ്ശബ്ദത ഭേദിച്ച് വെള്ളരി നാടകം പുലരുവോളം കളിച്ച്, വിളകൾ സംരക്ഷിച്ച് വിളവെടുത്ത് വിപണിയിലെത്തിക്കുന്ന നാടൻ കർഷക കൂട്ടായ്മയുടെ ചിത്രം ഇന്നത്തെ തലമുറ കണ്ടിട്ടില്ല.

ദാരിദ്ര്യം കൊണ്ട് ഒരാൾ ഒരു ചക്കമോഷ്ടിച്ചെങ്കിൽ, നീയതാരോടും പറയണ്ട അവൻ തിന്നുകൊള്ളട്ടെ എന്ന അർഥംവരുന്ന ഒരു വിഷുപ്പാട്ട് ഓർമയിൽവരുന്നു. വിത്തും കൈക്കോട്ടുംകണ്ട് പാടത്തെത്തിയ വിഷു ഇങ്ങനെ പാടിയത്രെ

മേട വിഷുപ്പക്ഷി

പാടീ ചങ്ങായീ

വിത്തും കൈക്കോട്ടും

കള്ളൻചക്കേട്ടു

കണ്ടാൽ മിണ്ടണ്ട

കൊണ്ടോയ് തിന്നോട്ടെ

ഈ പാട്ടിനു പിന്നിൽ നാടൻ കൃഷിക്കാരന്റെ ഹൃദയത്തിലെ സരളതയുണ്ട്, നിഷ്കളങ്കതയുണ്ട്. നമ്മുടെ ഗ്രാമീണജീവിതത്തിൽനിന്നും ചോർന്നുപോയതും നഗരജീവിതത്തിൽനിന്ന് അന്യംനിന്നുപോയതുമായ ഈ നന്മകൾ തിരിച്ചുപിടിക്കാൻ വിഷു ആചരണത്തിലൂടെ നമുക്ക് സാധിച്ചെങ്കിൽ!

Tags:    
News Summary - vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-14 09:07 GMT