അന്ത്രുക്കയുടെ കൈനീട്ടവും അമ്പലത്തിലെ ഉത്സവവും...

തുർക്കിതൊപ്പിയും ഓവർകോട്ടുമണിഞ്ഞ്​ വെളുക്കനെ ചിരിച്ചുകൊണ്ട് വിഷുദിവസം പടികയറിവരുന്ന​ അന്ത്രുക്കയാണ്​ ഇന്നും മറക്കാത്ത വിഷുഓർമ. ​അന്ത്രുമാനെന്നാണ്​ പേരെന്ന്​ അച്​ഛൻ വിളിച്ചറിയാം. നാടും വീടും ഒന്നുമറിയില്ല. അച്​ഛ​ന്റെ പ്രിയ സുഹൃത്താണ്​. കലണ്ടറും ഫോണുമൊന്നും ഇല്ലാത്ത കാലം വിഷുദിവസം ഇത്രകൃത്യമായി അന്ത്രുക്ക കയറിവരുന്നത് ഞങ്ങൾ കുട്ടികൾക്ക്​​ അത്​ഭുതമായിരുന്നു. പാദസരം കണക്കെ കിലുങ്ങുന്ന കീശയിൽ നിറയെ ഒറ്റരൂപ നാണയങ്ങളുണ്ടാവും. ഇന്നത്തെപോലെ തിളക്കമേറെയില്ലാത്ത പിച്ചള നാണയം വിഷുക്കൈനീട്ടമായി കൈയിലെത്തു​േമ്പാൾ ഞങ്ങൾ ഓരോരുത്തരുടെയും കണ്ണിലെ തിളക്കം ഇരട്ടിയാവും.

വേനലവധിയിൽ ​ബന്ധുവീടുകളിൽനിന്നും പാർക്കാനെത്തുന്ന കുട്ടികളുടെ എണ്ണം കണക്കാക്കിയെന്നോണം അദ്ദേഹത്തി​െൻറ കീശയും വീർത്തിരുന്നു. ഞങ്ങളുടെ വീട്ടിൽ വെജിറ്റേറിയൻ സദ്യയാണ്​ പതിവ്​. ഇത്രരുചിയോടെ ഒരാൾ ഊണുകഴിക്കുന്നത്​ അന്ത്രുക്കക്ക്​ ശേഷം ഞാൻ ഇതുവരെ കണ്ടിട്ടില്ല. കൈനീട്ടവും തന്ന്​ അച്​ഛനോടും ഞങ്ങളോടും യാത്രപറഞ്ഞ്​ അദ്ദേഹം പോകു​േമ്പാൾ ഈ ഒരു രൂപ നാണയം ചെലവഴിക്കേണ്ട ബജറ്റ്​ ചർച്ച മനസ്സിൽ തുടങ്ങിയിട്ടുണ്ടാവും. ഒരുരൂപ വലിയ തുകയാണ്​. അന്ന്​ ആറ്​ പൈസക്ക്​ ചായകിട്ടും. പണം വിനിയോഗിക്കേണ്ട മനക്കണക്കുകൂട്ടൽ തലശ്ശേരി സൈബൂസ്​ ഐസ്​ക്രീം പാർലറിലെ തണുപ്പൻ രുചിയിൽ ചെന്നവസാനിക്കും. അന്ന്​ ഐസ്​ക്രീം പാർലറുകളൊന്നും സജീവമായിട്ടില്ല. അതുകൊണ്ടുതന്നെ ഐസ്​ക്രീം ഒരാഡംബരമായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കു​േമ്പാൾ അച്​ഛൻ മരിച്ചതോടെ അന്ത്രുക്കയെ പിന്നെ കണ്ടിട്ടില്ല. വിഷുവാണെന്ന കാര്യം മൂപ്പര്​ മറന്നുപോയിക്കാണുമോ എന്ന്​ പലവട്ടം ചിന്തിച്ചിട്ടുണ്ട്​.

വിഷുക്കാലമെന്നാൽ ഉത്സവകാലം കൂടിയാണ്​. തിരുവങ്ങാട്​ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങുക വിഷുത്തലേന്നാണ്​. ചേമഞ്ചേരി കുഞ്ഞിരാമൻ നായരും സംഘവും അരങ്ങുവാണകാലം. അദ്ദേഹത്തി​െൻറ എല്ലാ കഥകളും ആദ്യം അവതരിപ്പിക്കുക തിരുവങ്ങാടാണ്​. പാണ്ടി, പഞ്ചാരി മേളങ്ങൾ, ഓട്ടന്തുള്ളൽ, കഥകളി ഇവയെല്ലാം ചേർന്നതാണ്​ ഒരാഴ്​ചത്തെ ഉത്സവം. അൽപം വലുതായപ്പോൾ ജോലിതേടി വിദൂരങ്ങളിലേക്ക്​ ചേക്കേറിയവരൊക്കെ ഉത്സവത്തിനാണ്​ അവധിയിലെത്തുക. വാട്ട്​സ് ആപ്പും ഫേസ്​ബുക്കും ഇല്ലാത്ത കാലം സൗഹൃദം പുതുക്കിയിരുന്നത്​ തിരുവങ്ങാ​ട്ടെ മണ്ണിലാണ്​. തിരുവങ്ങാട്​ ക്ഷേത്രോത്സവത്തിന്​ നാട്ടിലെത്താത്ത തലശ്ശേരിക്കാർ കുറവായിരുന്നു.

അന്നൊക്കെ വലിയമാടാവിൽ വീട്ടിൽ വിഷുവിന്​ ധാരാളംപേർ എത്തുമായിരുന്നു. എല്ലാവർക്കും അച്​ഛൻ കൃഷ്​ണമാരാർ കൈനീട്ടം നൽകും. ഞങ്ങൾ മക്കൾക്ക്​ നൽകിയിരുന്ന അതേ മൂല്യത്തിലുള്ള തുക മറ്റുള്ളവർക്കും ലഭിച്ചിരുന്നു. തലശ്ശേരി കോടതി ജീവനക്കാരനായ അദ്ദേഹം കൈനീട്ടത്തിലും തുല്യനീതി സൂക്ഷിച്ചിരിക്കണം. വീടിനടുത്ത്​ നെയ്​ത്തുഗ്രാമമുണ്ടായിരുന്നു. അമ്മ പാർവതിയും അച്​ഛ​െൻറ സഹോദരിയും ഒരേ പേരുകാരും ഒരുപോലെ ദാനശീലരുമായിരുന്നു. വിഷുക്കാലത്തേക്ക്​ ആവശ്യമായ അരിയും പച്ചക്കറികളുമെല്ലാം തെരുവിലുള്ളവർക്ക്​ നൽകും.

ഇന്ന് വിഷുവും ഉത്സവകാലവുമെല്ലാം ഒരുപാടുമാറി. സൗഹൃദവും സ്​നേഹവും പുതുക്കാൻ തിരുവങ്ങാട്​ അമ്പലത്തിലെ ഉത്സവം കൂടാൻ വിദേശത്തുള്ള മക്കൾ സൂര്യക്കും താരക്കും പലപ്പോഴും സാധിക്കാറില്ല. ഭാര്യ രമക്കൊപ്പം കുഞ്ഞുസദ്യയും കണിയുമൊക്കെയായി വിഷു ഒതുങ്ങും. സദ്യ വിളമ്പാറാകു​േമ്പാൾ കർണികാരം കണക്കെ ചിരിപടർത്തി വിഷുക്കാല മാവേലിയായി​ കൈനീട്ടം തരാൻ അന്ത്രുക്കയുടെ തലവെട്ടം കാണുന്നുണ്ടോയെന്ന് അറിയാതെ നോക്കിപ്പോവും.​ സൈബൂസിലെ ഐസ്​ക്രീമിന്​ ഇന്നും വല്ലാത്ത രുചിയാണ്​.

തയാറാക്കിയത്: സന്ദീപ്​ ഗോവിന്ദ്

Tags:    
News Summary - vishu memories- kk marar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-14 09:07 GMT