പഞ്ചാബിലെ ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ആം ആദ്മി പാർട്ടി തരംഗം സൃഷ്ടിച്ചേക്കുമെന്നാണ് സുചന. ബുധനാഴ്ച ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് അശ്വനി ശർമ മത്സരിക്കുന്ന പത്താൻകോട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ പ്രചാരണത്തിനെത്തി. സിറ്റിങ് എം.എൽ.എ അമിത് വിജിനെതിരെയാണ് അശ്വനി ശർമയുടെ മത്സരം.
ആപുമായുള്ള മത്സരത്തിൽ കോൺഗ്രസ് കൂടുതൽ പിറകിലേക്ക് പോയതോടെ തങ്ങളുടെ ശക്തികേന്ദ്രങ്ങളായ പത്താൻകോട്ടിലെ മൂന്ന് നിയമസഭ മണ്ഡലങ്ങൾ പിടിക്കാൻ പ്രവർത്തകർക്ക് ആവേശമായെന്ന പ്രതീക്ഷയിലാണ് റാലിക്കെത്തിയ മൂന്നു മണ്ഡലങ്ങളിലെയും പ്രവർത്തകർ. മൂന്നും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലായതിനാൽ കാലങ്ങളായി ബി.ജെ.പിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരമെന്ന് റാലിക്കെത്തിയ ഷുർജാപൂർ മണ്ഡലം ബി.ജെ.പി സെക്രട്ടറി വിക്രം ജ്യോതി പറഞ്ഞു. ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എയുള്ള ഷുർജാപൂർ പാർട്ടി ജയം ഉറപ്പിച്ച സീറ്റുകളിലൊന്നാണ്. മോദിയുടെ റാലിയോടെ മൂന്ന് സീറ്റുകളും ബി.ജെ.പി ജയിക്കുമെന്നാണ് വിക്രമിന്റെ അവകാശവാദം. ഇത്തവണ ആം ആദ്മി പാർട്ടിയും കൂടി സജീവമായതോടെ ത്രികോണമത്സരമാണെങ്കിലും പ്രധാന മത്സരം ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, വിക്രം ഈ പറയുന്നത് പോലെയല്ല പത്താൻകോട്ടിലെ കാര്യമെന്നാണ് ബി.ജെ.പി പ്രവർത്തകൻ അശോക് കുമാർ സിങ് പറയുന്നത്. തന്റെ ഗ്രാമത്തിലെ കോൺഗ്രസിനും ബി.ജെ.പിക്കും വോട്ടുചെയ്തവരിൽ നല്ലൊരു ഭാഗവും ഇക്കുറി ആപിനാണ് വോട്ടുചെയ്യുകയെന്ന് അശോക്കുമാർ പറഞ്ഞു. മോദിയുടെ റാലിക്ക് ശേഷവും അത്ഭുതമൊന്നും സംഭവിക്കില്ലെന്നും ജനങ്ങൾ തീരുമാനമെടുത്തുകഴിെഞ്ഞന്നും അശോക് കൂട്ടിച്ചേർത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആപിന് ഇളക്കമില്ലാതിരുന്ന മണ്ഡലങ്ങളിലാണ് മാറ്റത്തിനായി തങ്ങൾ ചൂലിന് വോട്ടുചെയ്യുമെന്ന് ഗ്രാമീണർ പറയുന്നതെന്ന് അശോക് കുമാർ മനസ്സു തുറന്നു. അതിനാൽ പത്താൻകോട്ടിൽ ബി.ജെ.പിക്ക് ജയം എളുപ്പമാകില്ല. പത്താൻ കോട്ടിലെ ടക്കി ഗ്രാമത്തിലുള്ളവർക്കും പറയാനുള്ളത് ഇക്കുറി മാറ്റത്തിനാണ് വോട്ട് എന്നാണ്. പഞ്ചാബ് ഭരിച്ച ഇരുപാർട്ടികളും അതിനു മാത്രം തങ്ങളെ മടുപ്പിച്ചിരിക്കുെന്നന്നും ഇത്തവണ ചൂലിന് വോട്ടുചെയ്യുമെന്നും ഗ്രാമീണനായ സുഭാഷ് വ്യക്തമാക്കി. നിലവിൽ എം.എൽ.എയായ അമിത് വിജിനോടുള്ള ഭരണവിരുദ്ധവികാരം പ്രതിഫലിപ്പിക്കുന്നതാണ് മണ്ഡലത്തിലെ ഓരോ ഗ്രാമവും. കോൺഗ്രസ് സർക്കാറിന് കീഴിലുള്ള പത്താൻകോട്ട് ഇംപ്രൂവ്മെന്റ് ട്രസ്റ്റ് ചെയർമാനായിരുന്ന വിഭൂതി ശർമയും ഭാര്യയും കോൺഗ്രസിന്റെ മുനിസിപ്പൽ കൗൺസിലറായിരുന്നു.
മദ്യം ഒഴുക്കി വോട്ടുപിടിച്ച് ശർമയും ഭാര്യയും കോൺഗ്രസിന്റെ കൗൺസിലർമാരായ ശേഷമാണ് ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥിയായതെന്ന് പീപൽവാല മൊഹല്ലയിലെ അയാളുടെ അയൽക്കാരൻ ശേഖറായി പറയുന്നു. ആറേഴ് കോടി രൂപയെങ്കിലും സമ്പാദിച്ച ശേഷമാണ് ആപിലേക്കുള്ള വരവ്. 30 വർഷം ഇരുന്നാലും എം.എൽ.എ ആകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ശർമ ആപ് ആയത്. വോട്ടർമാർ അതൊന്നും നോക്കുന്നില്ലെന്നും തന്റെ വോട്ട് ബി.ജെ.പിക്കായിരിക്കുമെന്നും ശേഖറായി പറഞ്ഞു. കോൺഗ്രസിനും ആപിനുമുള്ള വോട്ട് ബാങ്ക് ഒന്നായതിനാൽ ഭരണവിരുദ്ധ വികാരത്തിൽ ബി.ജെ.പി ജയിച്ചുകയറുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.