പഞ്ചാബിൽ അട്ടിമറി വിജയം നേടി അധികാരസ്ഥാനത്തെത്തിയിക്കുകയാണ് ആംആദ്മി പാർട്ടി. പ്രമുഖരായ നിരവധി രാഷ്ട്രീയക്കാർക്ക് കനത്ത തോൽവിയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. മുഖ്യധാരാ പാർട്ടികളുടെ തെരഞ്ഞെടുപ്പ് മുഖങ്ങളായിരുന്ന രണ്ട് പ്രമുഖ സ്ഥാനാർഥികളെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചിരിക്കയാണ് അമൃത്സർ ഈസ്റ്റിലെ ആംആദ്മി പാർട്ടി സ്ഥാനാർഥിയായ ജീവൻ ജ്യോത് കൗർ.
കോൺഗ്രസിന്റെ നവജ്യോത് സിദ്ദുവിനെയും ശിരോമണി അകാലിദളിന്റെ ബിക്രം സിങ് മജീതിയയെയുമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ജീവൻ ജ്യോത് പരാജയപ്പെടുത്തിയത്. പഞ്ചാബ് കോൺഗ്രസിന്റെ തലവനായ സിദ്ദുവും എസ്.എ.ഡി പാർട്ടി മേധാവിയായ സുഖ്ബീർ ബാദലിന്റെ ഭാര്യ സഹോദരനായ മജീതിയയും താരപ്രഭാവത്തോടെയാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഇറങ്ങിയത്.
തങ്ങളുടെ കരിയറിൽ ഇതുവരെ പരാജയമെന്തന്നറിയാത്ത സിദ്ദുവും മജീതിയയും മുട്ടുമടക്കേണ്ടി വന്നത് ജീവൻ ജ്യോതിയുടെ മുന്നിലാണ്. അപ്പോൾ ആരാണ് ഈ ജീവൻ ജ്യോത് കൗറെന്ന ചോദ്യം സ്വഭാവികം. അറിയാം ജീവൻ ജ്യോതിയെക്കുറിച്ച്:
അമൃത്സറിന്‍റെ 'പാഡ് വുമൺ'
ആംആദ്മി പാർട്ടിയുടെ അമൃത്‌സർ ജില്ലാ പ്രസിഡന്റെന്ന സ്ഥാനത്തിൽ മാത്രം ജീവൻ ജ്യോത് കൗറിനെ നമുക്ക് ഒതുക്കാനാവില്ല. അതിലുപരി അമൃത്‌സറിലെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുകയും ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവൽകരിക്കുകയും ചെയ്യുന്ന ജ്യോതി അമൃത്സറിന്റെ സ്വന്തം 'പാഡ് വുമണാണ്'. സാനിറ്ററി പാഡുകളുടെ അവബോധവും പുനരുപയോഗിക്കാവുന്ന പാഡുകളുടെ വിതരണവും ചെയ്യുന്ന ഷീ സൊസൈറ്റിയുടെ ചെയർപേഴ്‌സൺ കൂടിയാണ് അവർ. സ്ത്രീകൾക്ക് പുനരുപയോഗിക്കാവുന്ന പാഡുകൾ ലഭ്യമാകുന്നതിനായി സ്വിസ് ആസ്ഥാനമായുള്ള ഒരു കമ്പനിയുമായി വരെ കൗർ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
അധസ്ഥിതരുടെ ശബ്ദം
സിദ്ദുവും മജിതിയയും വ്യക്തിപ്രഭാവവും അധികാര സ്വാധീനവും ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശ്രമിച്ചപ്പോൾ പ്രദേശത്തെ അധസ്ഥിതരുടെ ശബ്ദമായി മാറാനാണ് ജീവൻ ജ്യോത് കൗർ ശ്രമിച്ചത്. അമൃത്‌സറിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ, ആരോഗ്യ സംരക്ഷണ പ്രാധാന്യം, ശുചിത്വം, ചേരികളിലെ മോശമായ സാഹചര്യങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ മറികടക്കുന്നതിനെക്കുറിച്ചാണ് ജീവൻ ജ്യോത് പ്രചാരണങ്ങളിൽ ഉടനീളം സംസാരിച്ചത്.
മറ്റ് രണ്ട് സ്ഥാനാർഥികളെ അപേക്ഷിച്ച് സാധാരണക്കാർക്കിടയിൽ നിന്ന് പ്രവർത്തിക്കാന്‍ വന്ന രാഷ്ട്രീയക്കാരിയായാണ് ജീവൻ ജ്യോത് കൗർ സ്വയം അവതരിപ്പിച്ചത്. തെരഞ്ഞടുപ്പ് പ്രചാരണ സമയത്ത് തന്നെ സിദ്ദുവിന് മജീതിയെക്കാൾ വെല്ലുവിളിയുയർത്തുന്നത് ജീവൻ ജ്യോത് ആണെന്ന് മാധ്യമങ്ങൾ വിലയിരുത്തിയിരുന്നു.
രാഷ്ട്രീയ പാരമ്പര്യങ്ങളെക്കാൾ ജനങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്ക് മാത്രമേ അധികാരത്തിൽ നിലനിൽപ്പുണ്ടാകുവെന്ന് ജീവൻ ജ്യോത് കൗറിലൂടെ കാലം ഒന്നുകൂടി തെളിയിക്കുകയാണ്.രാഷ്ട്രീയ പാരമ്പര്യങ്ങളെക്കാൾ ജനങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്ക് മാത്രമേ അധികാരത്തിൽ നിലനിൽപ്പുണ്ടാകുവെന്ന് ജീവൻ ജ്യോത് കൗറിലൂടെ കാലം ഒന്നുകൂടി തെളിയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.