തോറ്റ ക്യാപ്റ്റൻ, ജനം കൈയൊഴിഞ്ഞു രാജാവിനെ...

ഛണ്ഡിഗഡ്: രാജഭരണം തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ പഞ്ചാബിലെ രാജാവായി വാഴേണ്ട ആളായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിങ്. പട്യാല രാജകുടുംബാംഗമായ അമരീന്ദറിന്റെ രാഷ്ട്രീയ ജീവിതം ഏറെ തിളക്കമുള്ളതായിരുന്നു; 2021 അവസാനത്തോടെ കോൺഗ്രസ് വിടുന്നതുവരെ. ആദ്യകാല രാഷ്ട്രീയ ജീവിതത്തിൽ കൂടി കടന്നുപോകു​മ്പോൾ കാണാനാകുക കൂടുവിട്ട് കൂടുമാറുന്ന അമരീന്ദറിനെയാണ്. കോൺഗ്രസിലും അകാലിദളിലും വീണ്ടും കോ​ൺഗ്രസിലും പ്രവർത്തിച്ച അദ്ദേഹം അവസാനം സ്വന്തം പാർട്ടി രൂപവത്കരിച്ചും തെ​രഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ, വർഷങ്ങളോളം പഞ്ചാബിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ അനിഷേധ്യ സാന്നിധ്യമായിരുന്ന ഈ 79 കാരനെ ജനം പൂർണമായും​ കൈവിടുന്ന കാഴ്ചയാണ് കണ്ടത്.

1942ൽ ജനിച്ച അമരീന്ദർ, യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യയിലെ അപൂർവ രാഷ്ട്രീയക്കാരിൽ ഒരാളാണ്. 1965ൽ പാകിസ്താനുമായി യുദ്ധം തുടങ്ങിയപ്പോൾ ഇന്ത്യൻ ആർമിയുടെ സിഖ് റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, പ്രത്യേകിച്ച് പാകിസ്താനുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ശക്തമായ പ്രസ്താവനകളിൽ അമരീന്ദറിലെ രാജ്യസ്നേഹിയെ കാണാനാകും. സ്കൂൾ പഠനകാലത്ത് രാജീവ് ഗാന്ധിയുടെ സുഹൃത്തായിരുന്ന അമരീന്ദർ 1980ൽ കോൺഗ്രസിൽ ചേർന്നു. ആ വർഷം ലോക്സഭയിലെത്തി.

എന്നാൽ, സിഖുകാരുടെ പുണ്യസ്ഥലമായ സുവർണക്ഷേത്രത്തിൽ നടന്ന 1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈനിക നടപടിയെ തുടർന്ന് അദ്ദേഹം കോൺഗ്രസ് വിട്ടു. എതിർപാർട്ടിയായ ശിരോമണി അകാലിദളിൽ (എസ്.എ.ഡി) ചേർന്നു. 1984ൽ തൽവണ്ടി സബോ മണ്ഡലത്തിൽനിന്നും എസ്.എ.ഡി എം.എൽ.എയും പിന്നീട് മന്ത്രിയുമായി. 1992ൽ എസ്.എ.ഡി വിട്ട അദ്ദേഹം ശിരോമണി അകാലിദൾ (പാന്തിക്) പാർട്ടി രൂപവത്കരിച്ചു. 1998ലെ തെരഞ്ഞെടുപ്പിൽ 856 വോട്ട്മാത്രം കിട്ടി വൻ തോൽവി ഏറ്റുവാങ്ങിയതോടെ അദ്ദേഹം തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു.

1999-2002, 2010-2013 വരെ രണ്ടു ടേമിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി. 2002ലാണ് പഞ്ചാബിൽ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. പിന്നീട് 2017 മാർച്ച് 16ന് വീണ്ടും മുഖ്യമന്ത്രിക്കസേരിയിൽ എത്തി. എന്നാൽ, ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയ സിദ്ദുവിന്റെ കരുനീക്കങ്ങൾക്ക് മുന്നിൽ ആ പഴയ പടക്കുതിരയുടെ പ്രഭാവം വിലപ്പോയില്ല.

കേ​ന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട സംസ്ഥാനമായിരുന്നു പഞ്ചാബ്. പുകയുന്ന കർഷക പ്രക്ഷോഭം അദ്ദേഹത്തെ തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയാക്കുമെന്ന് ധാരണ ലഭിച്ചപ്പോൾ തന്നെ, പഞ്ചാബ് കോൺഗ്രസിൽ വിഭാഗീയതയും രൂക്ഷമായിരുന്നു. സംസ്ഥാനത്തെ പാർട്ടിയിലെ ഒരു വിഭാഗത്തെ മുൻനിർത്തി സിദ്ദു മുന്നിട്ടിറങ്ങി​യപ്പോൾ കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിന് പുറത്തേക്കുള്ള വഴിതുറന്നുവെച്ചു.

2021 സെപ്റ്റംബർ 18ന് മുഖ്യമന്ത്രി കുപ്പായം അഴിച്ചുവെച്ചു. അധികം വൈകാതെ കോൺഗ്രസിനോടും വിടപറഞ്ഞു. നവംബറിൽ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി രൂപവത്കരിച്ച അമരീന്ദർ, പക്ഷേ ബി.ജെ.പിയോട് അടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബി.ജെ.പിക്കൊപ്പം ചേർന്ന് മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും സ്വന്തം ജയം ഉറപ്പിക്കാനായില്ലെന്ന് മാത്രമല്ല, വൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു ക്യാപ്റ്റന്റെ വിധി. 

Tags:    
News Summary - Amarinder Singh the lost captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.