അമൃത്സർ: ഫെബ്രുവരി 20ന് നടക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ കണ്ണുകളും അമൃത്സർ ഈസ്റ്റിലേക്ക്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്ജോത് സിങ് സിദ്ദുവും ശിരോമണി അകാലിദൾ (എസ്.എ.ഡി) നേതാവ് ബിക്രം സിങ് മജീതിയയുമാണ് നഗരപ്രദേശ മണ്ഡലമായ ഇവിടെ ഏറ്റുമുട്ടുന്നത്.
എസ്.എ.ഡി മേധാവി സുഖ്ബീർ സിങ് ബാദലിന്റെ അടുത്ത ബന്ധുവാണ് മുൻ മന്ത്രി കൂടിയായ മജീതിയ. മുൻ ഐ.എ.എസ് ഓഫിസർ ജഗ്മോഹൻ സിങ് രാജുവാണ് ബി.ജെ.പി സ്ഥാനാർഥി. രാജു തമിഴ്നാട്ടിൽ 35 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജീവൻജോത് കൗർ ആണ് ആം ആദ്മി പാർട്ടി സ്ഥാനാർഥി. സിദ്ദുവും മജീതിയയും തമ്മിലാണ് പ്രധാന ഏറ്റുമുട്ടൽ.
മണ്ഡലത്തിൽ സിദ്ദു- മജീതിയ പക്ഷം തമ്മിലുള്ള വാക്പ്പോര് മൂർധന്യത്തിലാണ്. ഇത് ധർമയുദ്ധമാണെന്നും എവിടെ ധർമമുണ്ടോ അവിടെ വിജയം ഉറപ്പാണെന്നുമാണ് സിദ്ദു പറയുന്നത്. എം.പിയും പിന്നീട് കോൺഗ്രസ് സർക്കാറിൽ മന്ത്രിയുമായിട്ടും അമൃത്സർ ഈസ്റ്റിൽ വികസനമെത്താതിരുന്നതെന്തേ എന്നാണ് മജീതിയ സിദ്ദുവിന് നേർക്ക് എറിയുന്ന ചോദ്യം. മജീതിയയുടെ ഭാര്യ ഗനിയേവ് കൗർ അമൃത്സറിലെ മജീദിയ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നുണ്ട്. 2007 മുതൽ ഈ മണ്ഡലത്തിൽ നിന്ന് മൂന്നു തവണ ജയിച്ചത് മജീതിയ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.