മൊഹാലി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ ഭഗവന്ദ് മൻ നയിക്കും. ഭഗവന്ദ് മന്നിനെ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്.
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്ന അഭിപ്രായം രേഖപ്പെടുത്താൻ പഞ്ചാബിലെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പ്രത്യേക ഫോൺ നമ്പറും പ്രചരിപ്പിച്ചിരുന്നു. ജനഹിത പരിശോധനയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭഗവന്ദ് മാനെ 93.3 ശതമാനം പേർ പിന്തുണച്ചതായി കെജ് രിവാൾ വ്യക്തമാക്കി. നിലവിൽ പഞ്ചാബ് സാങ് രൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭ എം.പിയാണ് ഭഗവന്ദ് മൻ.
ജനപ്രിയ ടെലിവിഷൻ ഷോകളിലും സിനിമകളിലും ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രശസ്തനായ ഭഗവന്ദ് മൻ 2011ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. മൺപ്രീത് സിങ് ബാദൽ നേതൃത്വം നൽകുന്ന പഞ്ചാബ് പീപ്പിൾസ് പാർട്ടിയിലാണ് അംഗമായത്. 2012ൽ ലെഹ് രഗാഗ മണ്ഡലത്തിൽ സ്ഥാനാർഥിയായെങ്കിലും പരാജയപ്പെട്ടു.
2014ൽ ആം ആദ്മി പാർട്ടിയിൽ ചേർന്ന ഭഗവന്ദ്, സാങ് രൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടി. ശിരോമണി അകാലി ദൾ നേതാവ് സുഖ്ദേവ് സിങ് ദിൻസയെയാണ് അന്ന് പരാജയപ്പെടുത്തിയത്. 2019ൽ രണ്ടാമതും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2016ൽ പഞ്ചാബിലെ ഫതേഹ്ഗഡ് സാഹിബില്‍ നടന്ന ആം ആദ്മി റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയെത്തിയ പത്രപ്രവര്‍ത്തകരെ ഭഗവന്ദ് മന്‍ അധിക്ഷേപിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ആവശ്യമില്ലെന്ന് ക്ഷുഭിതനായി പറഞ്ഞ ഭഗവന്ദ് മന്‍, ജേര്‍ണലിസ്റ്റുകളെ പുറത്താക്കാന്‍ പ്രവര്‍ത്തകരോട് ആജ്ഞാപിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയതില്‍ പിന്നീട് മന്‍ ക്ഷമാപണം നടത്തി.
177 അംഗ പഞ്ചാബ് നിയമസഭയിലേക്ക് ഫെബ്രുവരി 20നാണ് വോട്ടെടുപ്പ് നടക്കുക. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.