'തോർ' ആയിട്ട്​ ചന്നി, രാഹുൽ 'ഹൾക്ക്'​; പഞ്ചാബിൽ ഹോളിവുഡ്​ യുദ്ധം - വിഡിയോ

ശക്​തമായ പോരാട്ടമാണ്​ പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിലേക്ക്​ നടക്കുന്നത്​. നിലവിലെ ഭരണകക്ഷിയായ കോൺഗ്രസ്​ അധികാരം നിലനിർത്താൻ ശ്രമിക്കുമ്പോൾ, ഏതുവിധേനയും ഭരണത്തിലേറാനുള്ള അങ്കപ്പുറപ്പാടിലാണ്​ ബി.ജെ.പിയും ആം ആദ്​മി പാർട്ടിയുമെല്ലാം.

കോവിഡ്​ കാരണം നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ തെരഞ്ഞെടുപ്പ്​ പ്രചാരണം കൊഴുക്കുന്നത്​ സാമൂഹിക മാധ്യമങ്ങളിലാണ്​. പലവിധ പ്രചാരണങ്ങളാണ്​ ഓരോ പാർട്ടിയും നടത്തുന്നത്​. ഇതിൽ അവസാനത്തേതാണ്​ കോൺഗ്രസ്​ പുറത്തിറക്കിയ വിഡിയോ.

മാർവൽ കോമിക്‌സിനെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രമായ തോർ എന്ന സൂപ്പർഹീറോ ആയി മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ അവതരിപ്പിക്കുകയാണ്​ കോൺഗ്രസ്. ഹോളിവുഡ് സൂപ്പർഹീറോ സിനിമയായ 'അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്​. നോർസ് പുരാണത്തിലെ ഇടിമിന്നലിന്‍റെ ദൈവത്തെ അടിസ്ഥാനമാക്കിയുള്ള കഥാപാത്രമാണ്​ തോർ.

സിനിമയിലെ പ്രശസ്തമായ യുദ്ധരംഗം ഉപയോഗിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഹൾക്ക് ആയി ചിത്രീകരിച്ചിരിക്കുന്നു. നവജ്യോത് സിംഗ് സിദ്ധുവിനെ ക്യാപ്റ്റൻ അമേരിക്കയോട് ഉപമിച്ചിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്‍റെയും മുഖങ്ങൾ ശത്രുക്കളായ അന്യഗ്രഹജീവി കഥാപാത്രങ്ങൾക്ക്​ നൽകിയിരിക്കുന്നു. പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ശിരോമണി അകാലിദൾ തലവൻ സുഖ്ബീർ സിംഗ് ബാദൽ എന്നിവരെയും വില്ലൻമാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

മഴു ആകൃതിയിലുള്ള ആയുധമായ 'സ്റ്റോംബ്രേക്കർ' ഉപയോഗിച്ച് നിരവധി അന്യഗ്രഹജീവികളുടെ കഴുത്തറുക്കുന്ന മിസ്റ്റർ ചന്നിയുടെ പ്രവേശനത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന്​ തന്‍റെ സഹപ്രവർത്തകരായ സിദ്ധുവടക്കമുള്ളവരെ അദ്ദേഹം രക്ഷിക്കുകയാണ്​.


'പഞ്ചാബിന്‍റെയും അവിടത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ദുഷ്ടശക്തികളുടെ പിടിയിൽനിന്ന് നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനത്തെ വീണ്ടെടുക്കാൻ ഞങ്ങൾ എന്തും ചെയ്യും' എന്ന വാചകത്തോടെയാണ്​ വിഡിയോ പഞ്ചാബ്​ കോൺഗ്രസിന്‍റെ പേജിൽ പങ്കുവെച്ചിരിക്കുന്നത്​. അവഞ്ചേഴ്‌സ് ഫ്രാഞ്ചൈസിക്കും മാർവൽ സിനിമാറ്റിക് യൂനിവേഴ്‌സിനും ഇന്ത്യയിൽ വൻ ജനപ്രീതിയാണുള്ളത്​, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ. ഇവരെ ലക്ഷ്യമിട്ടാണ്​ വിഡിയോ തയാറാക്കിയിരിക്കുന്നത്​.

അടുത്തിടെ ആം ആദ്മി പാർട്ടി 'മസ്ത് കലന്ദർ' എന്ന ബോളിവുഡ് ഗാനത്തിൽനിന്ന് എഡിറ്റ് ചെയ്ത ഒരു വിഡിയോ പങ്കുവെച്ചിരുന്നു. വിഡിയോയിൽ നായകനായി ആപ്പ്​ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത്​ മന്നാണുള്ളത്​. അരവിന്ദ്​ കെജ്​രിവാൾ, രാഹുൽ ഗാന്ധി, ചന്നി, സിദ്ധു എന്നിവരുടെ മുഖവും വിഡിയോയിലുണ്ട്​. ഫെബ്രുവരി 20ന് ഒറ്റഘട്ടമായിട്ടാണ്​ പഞ്ചാബിൽ വോട്ടെടുപ്പ്. മാർച്ച് 10നാണ്​ വോട്ടെണ്ണൽ.



Tags:    
News Summary - Channi as ‘Thor’, Rahul as ‘Hulk’; Hollywood War in Punjab - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.