ചന്നിക്ക് വൻ ബാങ്ക് ബാലൻസ്; തങ്ങളേക്കാൾ സമ്പന്നനെന്ന് സിദ്ദുവിന്റെ ഭാര്യ

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്കെതിരെ വീണ്ടും പ്രസ്താവനയുമായി പഞ്ചാബ് പി.സി.സി അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ. ചന്നി ദരിദ്രനല്ലെന്നും തന്റെ കുടുംബത്തേക്കാൾ കൂടുതൽ പണമുണ്ടെന്നും 'പാവപ്പെട്ടവൻ' എന്നതല്ല മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡമെന്നും അവർ പറഞ്ഞു.

ചന്നിയെ ദരിദ്രനായി കണക്കാക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചിലർ തെറ്റിദ്ധരിപ്പിച്ചതായി കൗർ നേരത്തെ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ചന്നിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട കൗർ തന്റെ ഭർത്താവായിരുന്നു മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ ഏറ്റവും യോഗ്യനെന്നും ആറ് മാസത്തിനുള്ളിൽ അ​ദ്ദേഹം സംസ്ഥാനത്തെ മാറ്റിമറിക്കുമായിരുന്നെന്നും ഊന്നിപ്പറഞ്ഞു.

'രാഹുൽ ഗാന്ധിയെ ചിലർ തെറ്റിദ്ധരിപ്പിച്ചതാണ്. പഞ്ചാബ് മുഖ്യമന്ത്രി ചന്നി വളരെ വലിയ പണക്കാരനാണ്. അദ്ദേഹത്തിന്റെ ആദായനികുതി റിട്ടേണുകളും അത് കാണിക്കുന്നു. അതുകൊണ്ട് ദരിദ്രനെന്ന് മുദ്രകുത്തുന്നത് നല്ലതല്ല. അയാൾക്ക് വലിയ ബാങ്ക് ബാലൻസ് ഉണ്ട്. അത് നമ്മളേക്കാൾ കൂടുതലാണ്' -കൗർ ആരോപിച്ചു.

മൂന്ന് തവണ നിയമസഭാംഗമായ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. അമരീന്ദർ സിങ് രാജിവെച്ച ശേഷം പഞ്ചാബിന്റെ മുഖ്യമന്ത്രിയായി ചന്നിയെയായിരുന്നു ഹൈകമാൻഡ് തെരഞ്ഞെടുത്തത്.

മുഖ്യമന്ത്രി ആരാവണമെന്നതിനെകുറിച്ച് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും നേതാക്കളോടും ചോദിച്ചിട്ടുണ്ടെന്നും പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്ന ഒരാളെയാണ് അവർ ആവശ്യപ്പെട്ടതെന്നും രാഹുൽ ഗാന്ധി പ്രഖ്യാപനത്തിൽ പറഞ്ഞു. ചന്നിക്ക് പാവപ്പെട്ടവരുടെ വേദനകൾ മനസിലാക്കാനും പരിഹരിക്കാനും കഴിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.

Tags:    
News Summary - Channis bank balance more than us he is not poor says Sidhu's wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.