കപൂർത്തലയിൽനിന്ന് കുടുംബസമേതം സുവർണ ക്ഷേത്രത്തിൽ തീർഥാടനത്തിനു വന്ന ഹർപ്രീത് സിങ്ങിനോട് ആർക്കാണ് വോട്ട് എന്നുചോദിച്ചപ്പോൾ മാറ്റത്തിനാണ് ഇക്കുറി വോട്ട് എന്നാണ് മറുപടി. കോൺഗ്രസിനെയും അകാലിദളിനെയും ജനത്തിന് മടുത്തതാണ് പ്രധാന കാരണം. കഴിഞ്ഞതവണ ആർക്കും വോട്ടുചെയ്യാതിരുന്ന താൻ ഇത്തവണ മാറ്റമുണ്ടാകുമെന്ന് കരുതിയാണ് ആപ്പിന് വോട്ടുചെയ്യാൻ പോകുന്നതെന്നും സർക്കാർ ജീവനക്കാരനായ ഹർപ്രീത് പറഞ്ഞു. മയക്കുമരുന്ന് പഞ്ചാബിന്റെ വലിയ പ്രശ്നമായിട്ടും ചർച്ചയാക്കാൻപോലും ഇരുകൂട്ടരും തയാറാകാത്തതിനെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടു.
അമൃത്സറിൽനിന്ന് 20 കി.മീറ്റർ അകലെ പാക് അതിർത്തിയിൽ നിന്നുള്ള സുഖ്ബീർ സിങ് പറയുന്നത് തങ്ങളുടെ ഗ്രാമവും മാറ്റത്തിനാണ് വോട്ട് എന്നാണ്. പരമ്പരാഗതമായി അകാലിദളിന് വോട്ടുചെയ്തുവന്നിരുന്ന ഗ്രാമമാണ്. പഞ്ചാബിൽ ദലിതുകളുടെ വോട്ട് ആം ആദ്മി പാർട്ടിക്ക് കിട്ടുന്നതുകൊണ്ടാണ് അവർക്ക് ജയസാധ്യത കാണുന്നതെന്നും സുഖ്ബീർ കൂട്ടിച്ചേർത്തു.
ചരൺജിത് ചന്നി എന്ന ദലിത് സിഖ് നേതാവ് പഞ്ചാബ് മുഖ്യമന്ത്രി ആയതോടെയാണ് പഞ്ചാബിൽ ഇത്രയും കാലമായി ആരും ഗൗനിക്കാതിരുന്ന ദലിത് വോട്ടുബാങ്ക് ഈ തെരഞ്ഞെടുപ്പിലെ ചർച്ചയായി മാറിയത്. ജാട്ട് സിഖ് നേതാക്കൾ ആധിപത്യം സ്ഥാപിച്ച പഞ്ചാബ് രാഷ്ട്രീയത്തിൽ ദലിത് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ഒരു വർഷം മുമ്പുവരെ ആരും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിക്കസേരയിൽ കണ്ണുവെച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ കലാപക്കൊടി ഉയർത്തിയ നവ്ജോത് സിങ് സിദ്ദു പോലും ചന്നി തന്റെ രാഷ്ട്രീയഭാവിക്കുതന്നെ ഭീഷണിയാകുമെന്നും കരുതിയിരുന്നില്ല.
രാജ്യത്തുതന്നെ ദലിതുകൾ ഏറ്റവും കുടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബെങ്കിലും ആരും അവരെ ഗൗനിച്ചിരുന്നില്ല.
ചന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ കോൺഗ്രസ് കണ്ണുവെച്ചത് ആ ദലിത് വോട്ടുബാങ്കിലാണ്. എന്നാൽ, മാറ്റത്തിനുള്ള ദലിത് സിഖുകാരുടെ ആവശ്യത്തിൽ ആപ്പിന് പകരം ചന്നി എന്ന് പറയാവുന്ന തരത്തിൽ തരംഗമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നാണ് സുഖ്ബീറിന്റെ പക്ഷം. മാറ്റത്തിനായി സംസാരിക്കുന്ന വോട്ടർമാർ ആപ്പിന്റെ കാര്യത്തിൽ കാണിക്കുന്നപോലൊരു ആവേശം ദലിത് മുഖ്യമന്ത്രിയായ ചന്നിയെ കുറിച്ച് പറയുമ്പോഴില്ല.
ഇതുപോലെ 'ആപ് തരംഗ'ത്തെ അതിജയിച്ചാണ് കഴിഞ്ഞ തവണയും കോൺഗ്രസ് അധികാരത്തിൽ വന്നതെന്നും ഒരാഴ്ച മുമ്പുവരെ പ്രചാരണത്തിൽ ആപ്പിനുണ്ടായിരുന്ന മേൽക്കൈ ഇപ്പോൾ തങ്ങൾ തിരിച്ചുപിടിച്ചിട്ടുണ്ടെന്നുമാണ് മലയാളിയായ പഞ്ചാബ് പ്രദേശ് കോൺഗ്രസ് സെക്രട്ടറി അലക്സ് 'മാധ്യമ'ത്തോടു പറഞ്ഞത്. ചന്നി ദലിത് നേതാവായതു കൊണ്ട് ആപ്പിന് പോകുന്ന വലിയൊരു വിഭാഗം ദലിത് വോട്ടുകൾ തടഞ്ഞുനിർത്താൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.
ദലിതുകൾക്കു പുറമെ സ്ത്രീവോട്ടർമാരെയും ഉന്നമിടുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെയും കണ്ട് പ്രിയങ്ക ഗാന്ധി ജനസമ്പർക്ക പരിപാടികളുമായി ഇറങ്ങിയതിന്റെ ഫലം കാണാനുണ്ടെന്നും പ്രിയങ്കക്ക് പുറമെ തിങ്കളാഴ്ച രാഹുൽ ഗാന്ധിയും വന്ന് ഹോഷിയാർ പൂരിലും ഗുരുദാസ്പൂരിലും റാലികൾ നടത്തിയത് പഴുതടച്ച പ്രചാരണത്തിനാണെന്നും അലക്സ് പറഞ്ഞു. ഏതായാലും പ്രചാരണത്തിന്റെ ഇൗ അവസാാന ആഴ്ച കോൺഗ്രസിനും ആപ്പിനും ഏറെ നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.