ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള താര പ്രചാരക പട്ടികയിൽനിന്ന് മുൻ പ്രതിപക്ഷനേതാവും ലോക്സഭ എം.പിയുമായ ഗുലാം നബി ആസാദിനെയും പ്രമുഖ ഹിന്ദുസമുദായ നേതാവ് മനീഷ് തിവാരിയെയും കോൺഗ്രസ് ഒഴിവാക്കി. വെള്ളിയാഴ്ചയാണ് 30 അംഗ താരപ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്ക, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി) അധ്യക്ഷൻ നവജോത് സിങ് സിദ്ദു എന്നിവർ പട്ടികയിലുണ്ട്. ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള താരപട്ടികയിൽ ആസാദിനെ പാർട്ടി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പഞ്ചാബിൽ ഇദ്ദേഹത്തെ തഴഞ്ഞതിനുള്ള കാരണം വ്യക്തമല്ല. പാർട്ടിയിലെ കുടുംബാധിപത്യത്തെ ചോദ്യംചെയ്ത് രംഗത്തെത്തിയ ജി23 നേതാക്കളിൽ പ്രമുഖനാണ് മുതിർന്ന നേതാവുകൂടിയായ ഗുലാം നബി ആസാദ്.
അതേസമയം, സംസ്ഥാനത്ത് പ്രചാരണരംഗത്ത് സജീവമായി മുന്നോട്ടുപോകുന്ന, പഞ്ചാബിൽനിന്നുള്ള പാർട്ടിയുടെ ഏക സിറ്റിങ് എം.പി കൂടിയായ മനീഷ് തിവാരിയെ താരപ്രചാരക പട്ടികയിൽനിന്ന് ഒഴിവാക്കിയത് പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. പഞ്ചാബിലെ വോട്ടർമാരിൽ ഏകദേശം 40 ശതമാനം പേരും ഹിന്ദു സമുദായത്തിൽ നിന്നുള്ളവരാണെന്നിരിക്കെ ഇവർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായ മനീഷ് തിവാരിയെ പ്രചാരണത്തിൽ നിന്ന് വിലക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന പേടിയിലാണ് ബഹുഭൂരിപക്ഷം പ്രവർത്തകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.