അമൃത്സർ: പഞ്ചാബ് നിയമസഭ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്ത് സന്ദർശിക്കാനെത്തിയ ബോളിവുഡ് നടൻ സോനു സൂദിനെ തടഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരാണ് സോനു സൂദിന്‍റെ വാഹനം തടഞ്ഞത്. മറ്റ് ബൂത്തുകൾ സന്ദർശിക്കാതിരിക്കാൻ സോനുവിന്‍റെ വാഹനം കമീഷന്‍റെ നിർദേശ പ്രകാരം പൊലീസ് പിടിച്ചെടുത്തു.
പഞ്ചാബിലെ മോഗ മണ്ഡലത്തിലാണ് സംഭവം. കോൺഗ്രസ് ടിക്കറ്റിൽ സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ് മത്സരിക്കുന്ന സാഹചര്യത്തിലാണ് സിനിമ താരം വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിൽ സന്ദർശനം നടത്തിയത്. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ നൽകിയ പരാതിയിലാണ് കമീഷന്‍റെ നടപടി.
മോഗ മണ്ഡലത്തിൽ മത്സരിക്കുന്ന മറ്റ് പാർട്ടികൾ പണം കൊടുത്ത് വോട്ട് വാങ്ങുന്നതിനായി ട്വീറ്റിലൂടെ സോനു സൂദ് ആരോപിച്ചു. ഇത് തടയാൻ തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സോനു ആവശ്യപ്പെട്ടു.
പഞ്ചാബിൽ ഒട്ടഘട്ടമായി 117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. കോൺഗ്രസ് അധികാരം നിലനിർത്തുമോ എന്ന ആകാംക്ഷ ഉയർത്തുന്ന പഞ്ചാബിൽ പാർട്ടികളും മുന്നണികളും കടുത്ത ബലാബലത്തിലാണ് മത്സരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.