ചണ്ഡിഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന് പ്രായം 94 കഴിഞ്ഞു. അഞ്ചു തവണ മുഖ്യമന്ത്രിയായി. ഇത്തവണയും നിയമസഭയിലേക്ക് പത്രിക സമർപ്പിച്ചു കഴിഞ്ഞു ശിരോമണി അകാലിദളിന്റെ കുലപതി. പക്ഷേ, ഇക്കുറി ലാംബിയിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സ്ഥാനാർഥിയായി മാറി അദ്ദേഹം.
മുക്ത്സർ ജില്ലയിലെ മാലൂട്ടിൽ റിട്ടേണിങ് ഓഫിസർ മുമ്പാകെ പത്രിക സമർപ്പിച്ചപ്പോൾ പഴങ്കഥയായത് കേരളത്തിലെ പ്രിയനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേരിലെ റെക്കോഡാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 92 വയസ്സായിരുന്നു വി.എസിന്. 11 തവണ എം.എൽ.എയായ പ്രകാശ് സിങ് ബാദൽ 1997 മുതൽ ലാംബിയിൽനിന്ന് തോൽവിയറിയാതെ മുന്നേറുകയാണ്.
കോൺഗ്രസ്വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും പാട്യാല അർബൻ അസംബ്ലി മണ്ഡലത്തിൽനിന്ന് പത്രിക സമർപ്പിച്ചു. ബി.ജെ.പിയുടെ പഞ്ചാബ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഗജേന്ദ്ര സിങ് ശെഖാവത്തിനൊപ്പമെത്തിയാണ് പത്രിക നൽകിയത്.
2002 മുതൽ പാട്യാലയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചുവരുന്ന അമരീന്ദർ ഇക്കുറി അദ്ദേഹം രൂപവത്കരിച്ച പഞ്ചാബ് ലോക് കോൺഗ്രസിനെ പ്രതിനിധാനം ചെയ്താണ് മത്സരിക്കുക. പഞ്ചാബിലെ 117 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 20നും വോട്ടെണ്ണൽ മാർച്ച് 10നും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.