ഛണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മോഗ നിയമസഭ മണ്ഡലത്തിൽ നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് സീറ്റ് നൽകിയതിന് പിന്നാലെ കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിലേക്ക് ചേക്കേറി സിറ്റിങ് എം.എൽ.എ. മോഗയിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് എം.എൽ.എയായ ഹർജോത് കമലാണ് ബി.ജെ.പിയിൽ ചേർന്നത്.
കേന്ദ്രമന്ത്രി ഗിരിരാജ് ശെഖാവത്തിൻറെ സാന്നിധ്യത്തിലാണ് കമലിന്റെ ബി.ജെ.പി പ്രവേശനം. കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് സംഭവ വികാസങ്ങൾ. 86 സീറ്റുകളിലേക്കായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. കമൽ ഉൾപ്പെടെ നാലു സിറ്റിങ് എം.എൽ.എമാർക്ക് ആദ്യഘട്ട പട്ടികയിൽ സീറ്റ് നിഷേധിച്ചു.
തനിക്ക് മോഗയിൽ സീറ്റ് നിഷേധിച്ചതിലൂടെ കോൺഗ്രസ് തന്നെ അപമാനിച്ചുവെന്നായിരുന്നു കമലിന്റെ ആദ്യ പ്രതികരണം. മറ്റൊരു മണ്ഡലത്തിൽ തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടെന്നും അപമാനം തോന്നിയതിനാൽ കോൺഗ്രസിന്റെ സീറ്റ് വാഗ്ദാനം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സോനു സൂദിന്റെ സഹോദരി മാളവിക സൂദിനെ മത്സരിപ്പിക്കുന്നതിൽ യാതൊരു എതിർപ്പുമില്ല. സോനു സൂദിനെയും മത്സരിപ്പിക്കാം. എന്നാൽ മോഗയിൽ കോൺഗ്രസ് എനിക്ക് സീറ്റ് നൽകിയില്ല എന്നതാണ് പ്രശ്നം. മാളവിക സൂദ് സഹോദരിയെപ്പോലെയാണ്. സോനു സൂദിന്റെ സഹോദരി എന്നതിൽ കവിഞ്ഞ് യാതൊരു രാഷ്ട്രീയ യോഗ്യതയും അവർക്കില്ല -കമൽ പറഞ്ഞു.
കോൺഗ്രസിന് വേണ്ടി 21 വർഷം പ്രവർത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായായിരുന്നു തുടക്കം. കോൺഗ്രസ് ഇല്ലാത്ത പ്രദേശമായിരുന്നു മോഗ. ശിരോമണി അകാലിദളിനെ തകർത്ത് മോഗയിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ ഞാൻ കഠിനമായി പ്രവർത്തിച്ചിരുന്നു -കമൽ കൂട്ടിച്ചേർത്തു.
ജനുവരി പത്തിനായിരുന്നു മാളവിക് സൂദിന്റെ കോൺഗ്രസ് പ്രവേശനം. തുടർന്ന് മോഗയിൽനിന്നുള്ള കോൺഗ്രസിന്റെ സ്ഥാനാർഥിയായും പ്രഖ്യാപിച്ചു. ഫെബ്രുവരി പത്തിനാണ് പഞ്ചാബ് തെരഞ്ഞെടുപ്പ്. മാർച്ച് 10ന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.