അമൃത്സർ: വ്യവസായി സുഹൃത്തുക്കൾക്ക് നേട്ടമുണ്ടാക്കുന്നതിനാൽ ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രി മോദിക്ക് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ ഗുരുദാസ്പൂരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
'രാജ്യാന്തര വിപണിയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കുറഞ്ഞു. ഞങ്ങൾ ഭരിക്കുന്ന കാലത്ത് ഇന്ധനത്തിന്റെ അന്താരാഷ്ട്ര വില ബാരലിന് 140 ഡോളറായിരുന്നു. ഇന്ന് ബാരലിന് 90 ഡോളറാണ്. ഇതൊക്കെയാണെങ്കിലും നമ്മുടെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. രണ്ട്-മൂന്ന് വ്യവസായി സുഹൃത്തുക്കൾക്ക് നേട്ടമുണ്ടാക്കുന്നതിനാൽ ഇന്ധനവില കുറയ്ക്കാൻ പ്രധാനമന്ത്രി മോദിക്ക് കഴിയില്ല' -രാഹുൽ കൂട്ടിച്ചേർത്തു.
നോട്ടുനിരോധനം, തൊഴിലില്ലായ്മ എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ചു. യുവാക്കൾക്ക് മോദി രണ്ടു കോടി ജോലി വാഗ്ദാനം ചെയ്തിരുന്നതായും ആർക്കെങ്കിലും അത് കിട്ടിയോ എന്നും രാഹുൽ ചോദിച്ചു. കർഷക സമരക്കാരെ അഭിനന്ദിച്ച രാഹുൽ പ്രക്ഷോഭ സമയത്ത് തന്റെ പാർട്ടി സമരക്കാർക്കൊപ്പം നിലകൊണ്ടതായി ഓർമിപ്പിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു, ദാരിദ്ര്യം മനസിലാക്കുന്ന പാവപ്പെട്ടവയാടെ മകനാണ് ചന്നിയെന്ന് രാഹുൽ പറഞ്ഞു. ചന്നിയാണെങ്കിൽ ശതകോടീശ്വരന്മാരുടെ അല്ല മറിച്ച് പാവപ്പെട്ട ജനങ്ങൾ, കർഷകർ, തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ സർക്കാറിനെയാകും അദ്ദേഹം നയിക്കുകയെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.