രണ്ടിലൊരാൾ മതി; പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കും -രാഹുൽ ഗാന്ധി

ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് രാഹുൽ ഗാന്ധി. പ്രവർത്തകരുമായി കൂടിയാലോചിച്ചായിരിക്കും തീരുമാനം.

അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി.സി അധ്യക്ഷൻ നവ്ജോത് സിദ്ദുവിന്‍റെയും മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചാന്നിയുടെയും വടംവലി കോൺഗ്രസ് പ്രചാരണത്തിന് വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ്, രണ്ടുപേർക്ക് ഒരുമിച്ച് പാർട്ടിയെ നയിക്കാനാകില്ലെന്നും ഒരാൾ മതിയെന്നുമുള്ള സൂചന രാഹുൽ നൽകുന്നത്. മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിങ്ങളുടെ ആവശ്യം ഞങ്ങൾ എത്രയും വേഗം നിറവേറ്റും. സാധാരണ ഗതിയിൽ ഞങ്ങൾ മുഖ്യമന്ത്രി മുഖമായി ആരെയും നേരത്തെ ഉയർത്തിക്കാട്ടാറില്ല. എന്നാൽ, കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരാളെ തെരഞ്ഞെടുക്കും.

പ്രവർത്തകരുമായി കൂടിയാലോചിച്ചായിരിക്കും പ്രഖ്യാപനമെന്നും രാഹുൽ വ്യക്തമാക്കി. നിയമസഭ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ നടത്തിയ ഒരു ദിവസത്തെ പഞ്ചാബ് സന്ദർശനത്തിന്‍റെ ഭാഗമായി ജലന്തറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനുശേഷം മാത്രമേ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കൂവെന്നാണ് പാർട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. സിദ്ദുവും ചാന്നിയും വേദിയിൽ ഇരിക്കുമ്പോഴാണ് രാഹുലിന്‍റെ പരാമർശം. ഇരുവരും തമ്മിലുള്ള വടംവലി പാർട്ടിക്ക് ദിവസം കഴിയുന്തോറും കൂടുതൽ നാണക്കേടായി മാറുകയാണ്.

രണ്ട് പേർക്ക് നയിക്കാൻ കഴിയില്ല, ഒരാൾക്ക് മാത്രമേ നയിക്കാൻ കഴിയൂ. ഒരാൾ നേതൃത്വം നൽകിയാൽ മറ്റൊരാൾ എല്ലാ പിന്തുണയും നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഹൃദയത്തിൽ കോൺഗ്രസുണ്ടെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - Rahul Gandhi says will declare CM face after consulting Cong workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.