ചണ്ഡീഗഡ്: സോഫ്റ്റ്വെയർ എൻജിനീയറും അധ്യാപകനായി മാറിയ രാഷ്ട്രീയക്കാരനും പ്രശസ്ത സർവകലാശാല ബിരുദക്കാരും രാഷ്ട്രീയ കുടുംബങ്ങളിൽനിന്നുള്ളവരും...പഞ്ചാബിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി മത്സരിക്കുന്നവർക്ക് മാറ്റേറെ. പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ജാഖറിന്റെ അനന്തിരവൻ സന്ദീപ് ജാഖർ (45) അജ്മീർ യൂനിവേഴ്സിറ്റി, ഫ്ലോറിഡ ഇന്റർനാഷനൽ യൂനിവേഴ്സിറ്റിയിലെ മയോ കോളജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയും യൂത്ത് കോൺഗ്രസ് മുൻ നേതാവുമാണ്. ജാഖർ കുടുംബത്തിന്റെ 'സ്വന്തം'മണ്ഡലമായ അബോഹറിൽ നിന്നാണ് ജനവിധി തേടുന്നത്.
നടൻ സോനു സൂദിന്റെ സഹോദരിയും സോഫ്റ്റ്വെയർ എൻജിനീയറുമായ മാളവിക സൂദ് സച്ചാറാണ് (38) മോഗയിലെ സ്ഥാനാർഥി. കോൺഗ്രസ് സിറ്റിങ് എം.എൽ.എ ഹർജോത് കമലിന് ടിക്കറ്റ് നിഷേധിച്ചാണ് പുതുമുഖത്തിന് അവസരം കൊടുത്തത്.
സ്വകാര്യ കോളജ് ലെക്ചററും ഇംഗ്ലീഷിൽ പി.എച്ച്ഡിയുമുള്ള രൺവീർ കൗർ മിയാനാണ്(30) ബുദ്ലധയിലെ മത്സരം കൊഴുപ്പിക്കാൻ ഇറങ്ങുന്നത്. പഞ്ചാബ് മന്ത്രി ബ്രഹ്മ മൊഹീന്ദ്രയുടെ മകനും നിയമ ബിരുദധാരിയും യൂത്ത് കോൺഗ്രസ് നേതാവുമായ മോഹിത് മൊഹീന്ദ്രയാണ് (32) പട്യാല റൂറലിൽ മത്സരിക്കുന്നത്.
യു.കെ കേംബ്രിഡ്ജ് സർവകലാശാല എം.ബി.എ ബിരുദധാരി കാമിൽ അമർ സിങ്ങാണ് (34) റായ്കോട്ടിന്റെ ജനവിധി നിശ്ചയിക്കാൻ ഗോദയിലുള്ളത്.
സംസ്ഥാന കോൺഗ്രസ് വക്താവാണ് കാമിൽ. കാമിലിന്റെ പിതാവ് ഡോ. അമർ സിങ് ഫത്തേഗഡ് സാഹിബിൽ നിന്നുള്ള കോൺഗ്രസ് എം.പിയാണ്. പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ ശക്തികേന്ദ്രമായ ലംബിയിൽനിന്ന് രണ്ടാം തലമുറ രാഷ്ട്രീയക്കാരനായ ജഗ്പാൽ സിങ് അബുൽ ഖുറാന മത്സരരംഗത്തുണ്ട്. ജഗ്പാലിന്റെ പിതാവ് ഗുർനാം സിങ് അബുൽ ഖുറാന 1990 കളിൽ മന്ത്രിയായിരുന്നു.
അധ്യാപികയും രാഷ്ട്രീയ പ്രവർത്തകയുമായ രജീന്ദർ കൗർ ബല്ലുവാനയിൽ നിന്നാണ് മത്സരിക്കുന്നത്.
യുവാക്കളുടെ ആരാധനപാത്രമായ പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല (28) മാൻസയിൽനിന്ന് കന്നിയങ്കത്തിന് കച്ചകെട്ടിക്കഴിഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് അമർപ്രീത് സിങ് ലാലി (39) ഗർശങ്കറിൽ ജനവിധി തേടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.