അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ മാരൂരിൽ സി.പി.എം-ബി.ജെ.പി സംഘർഷം. കോന്നി നിയമസഭ നിയോജക മണ്ഡലത്തിൽപെട്ട ഏനാദിമംഗലം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ബൂത്തിലെ വോട്ടെടുപ്പ് വൈകീട്ട് ഏഴിന് അവസാനിച്ചതിന് പിന്നാലെയാണ് സംഭവങ്ങൾക്കു തുടക്കം.
കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ ബി.ജെ.പി ഏജൻറ് ബൂത്ത് പൊളിച്ച് സാധനങ്ങൾ ഓട്ടോയിൽ കയറ്റുന്നതിനിടെ അവിടേക്കുവന്ന കാർ പാതക്കരികിൽ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിെട ബി.ജെ.പി പ്രവർത്തകൻ മാരൂർ തടാലിൽ അജിക്ക് മർദനമേറ്റു. തുടർന്ന് മാരൂർ ഹൈസ്കൂൾ ജങ്ഷന് സമീപം ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആർ.ബി. രാജീവ് കുമാർ സഞ്ചരിച്ച കാർ ബി.ജെ.പിക്കാർ തടഞ്ഞു.
അജിയെ മർദിക്കാൻ നേതൃത്വം നൽകിയത് രാജീവാണെന്ന് ആരോപിച്ചാണ് കാർ തടഞ്ഞത്. ഇതോടെ ഇരുവിഭാഗവും സംഘടിച്ച് തമ്മിലടിച്ചു. ഇരുകൂട്ടരും പ്രകടനം നടത്തി.
ഗതാഗതവും സ്തംഭിച്ചു. രാത്രി വൈകിയും സംഘർഷാവസ്ഥ തുടരുകയാണ്. അടൂർ ഡിവൈ.എസ്.പി ബി. വിനോദിെൻറ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു.
അടൂർ: പോളിങ് ബൂത്തിന് സമീപത്തുണ്ടായ തർക്കത്തിനിടെ വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന കോൺഗ്രസ് ബൂത്ത് ഏജൻറിന് മർദനമേറ്റു.
കൈതപ്പറമ്പ് വല്യത്ത് വടക്കേതിൽ ഷിജു (46) വിനാണ് മർദനമേറ്റത്. ഇയാളെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകൻ കൈതപറമ്പ് കുന്നിൽ പീസ് കോട്ടേജിൽ ജോൺകുട്ടിയെ (56) ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
സാംസ്കാരിക 200ാം നമ്പർ ബൂത്തിൽ മോക്പോൾ കഴിഞ്ഞ ഉടൻ രാവിലെ ഏഴോടെയാണ് സംഭവം. മോക്പോൾ സമയത്ത് എൽ.ഡി.എഫ് ഏജൻറ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് ആരോപിച്ച് ജോൺകുട്ടി റിട്ടേണിങ് ഓഫിസറുമായി തർക്കിച്ചു. എൽ.ഡി.എഫ് ഏജൻറില്ലാതെ മോക്പോൾ നടത്തിയെന്നായിരുന്നു ആരോപണം.
ഈ സമയം വോട്ട് ചെയ്യാൻ ക്യൂവിൽ നിന്ന ബൂത്ത് ഏജൻറ് കൂടിയായ ഷിജു ഇതിന് മറുപടി പറഞ്ഞതാണ് മർദനത്തിൽ കലാശിച്ചത്. എന്നാൽ, എൽ.ഡി.എഫ് ഏജൻറ് മോക്പോൾ സമയത്ത് സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ജോൺകുട്ടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.