അടൂര്‍ (പത്തനംതിട്ട): നിയമസഭ സാമാജികപദവി തുടരാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ വിജയം ഉറപ്പാക്കാൻ പ്രചാരണം തുടരുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണനും കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തി എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയായി രംഗത്തുള്ള കെ. പ്രതാപനും അടൂരിലെ അടര്‍ക്കളത്തില്‍ ആവേശമത്സരമൊരുക്കുന്നു. വിപിന്‍ കണിക്കോണത്ത് (ബഹുജന്‍ സമാജ് പാര്‍ട്ടി), രാജന് കുളക്കട (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെൻറ് പാര്‍ട്ടി ഓഫ് ഇന്ത്യ), ശരണ്യരാജ് (എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) എന്നിവരും എം.ജി. കണ്ണെൻറ അപരനായി ആര്.കണ്ണനും (സ്വത.) ഗോദയിലുണ്ട്.
2010ല്‍ നിയമസഭ മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം അടൂര്‍, പന്തളം നഗരസഭകള്‍, പന്തളം തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, പള്ളിക്കല്‍, കടമ്പനാട്, ഏറത്ത്, ഏഴംകുളം ഗ്രാമപഞ്ചായത്തുകള്‍ എന്നിവ കൂടിച്ചേര്‍ന്നതാണ് അടൂര്‍ നിയമസഭ നിയോജകമണ്ഡലം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ തുമ്പമണ്‍ ഒഴികെ മറ്റ് ഗ്രാമപഞ്ചായത്തുകള്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ തുമ്പമണ്ണില്‍ യു.ഡി.എഫ് അധികാരം തുടര്‍ന്നു. അടൂര്‍ നഗരസഭയിലും കൊടുമണ്‍ ഒഴികെ ആറ് ഗ്രാമപഞ്ചായത്തിലും എന്‍.ഡി.എ അക്കൗണ്ട് തുറന്നു.
പന്തളം നഗരസഭ ബി.ജെ.പിയാണ് ഭരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇക്കുറി നിയമസഭ മത്സരം കടുത്തതാകും. സംസ്ഥാന സര്‍ക്കാറിെൻറ വികസനപ്രവര്‍ത്തനങ്ങളും ദുരന്ത മുഖങ്ങളിലെ സത്വര നടപടികളും ചിറ്റയം 10 വര്‍ഷമായി മണ്ഡലത്തില്‍ ചെയ്ത മികവുകളുമാണ് എല്‍.ഡി.എഫ് മുന്നോട്ടു വെക്കുന്നത്. 10 വര്‍ഷം മണ്ഡലത്തില്‍ പറയത്തക്ക ഒരു വികസനവും ചെയ്യാന്‍ ചിറ്റയത്തിന് കഴിഞ്ഞില്ലെന്നും തുടര്‍ച്ചയായ 20 വര്‍ഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇന്നും അടൂരിലുള്ളതെന്നും യു.ഡി.എഫ് വാദിക്കുന്നു.
കോണ്‍ഗ്രസില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ നിരാശനായ അഡ്വ. കെ. പ്രതാപനെ തന്ത്രപരമായി ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സ്ഥാനാര്‍ഥിത്വം നല്കി മത്സരരംഗത്ത് കൊണ്ടുവരാന്‍ കഴിഞ്ഞതിലൂടെ ബി.ജെ.പി ആദ്യമായി അടൂരില്‍ നല്ല വോട്ടുബാങ്ക് തുറക്കുമെന്ന് തീര്‍ച്ചയായി. കോണ്‍ഗ്രസിലെ ഒരുമയില്ലായ്മയും സമൂഹത്തിലെ അടിത്തട്ടിലേക്ക് പ്രചാരണം കാര്യമായി എത്താത്തതും കല്ലുകടിയാണ്.
സഹപ്രവർത്തകർ 10 രൂപ കൂപ്പണുമായി ഒാരോ വീടും കയറിയിറങ്ങി പിരിവെടുത്താണ് പ്രചാരണത്തിന് പണം കണ്ടെത്തുന്നത്. തീർത്തും നിർധന കുടുംബത്തിൽനിന്നുള്ള കണ്ണെൻറ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയ വോട്ടർമാർ കണ്ണനെ കൈവിടില്ലെന്നുതന്നെയാണ് യു.ഡി.എഫിെൻറ വിലയിരുത്തൽ. 2011ല്‍ അടൂര്‍ പട്ടികജാതി സംവരണമണ്ഡലം ആകുകയും ചിറ്റയം ഗോപകുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും പന്തളം സുധാകരന് യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായും തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു.
യു.ഡി.എഫില്‍ അവരുടെ സ്ഥാനാര്‍ഥി പൊതുസമ്മതനല്ലാതിരുന്നതിനാലും വോട്ടുകള്‍ മാറിമറിയുകയും ചെയ്തതാണ് ചിറ്റയത്തിെൻറ വിജയത്തിന് കാരണമായത്. 2016ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ഷാജുവിനും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ പിന്തുണ കിട്ടിയില്ല. 2011ല്‍ 607 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ചിറ്റയം പന്തളം സുധാകരനെ തോല്പിച്ചതെങ്കില് 2016ല്‍ 25,324 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം ആവര്‍ത്തിച്ചത്.
എന്‍.ഡി.എ നില മെച്ചപ്പെടുത്തുകയും ചെയ്തു. 2011ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ശശിക്ക് 6210 വോട്ടുമാത്രമാണ് ലഭിച്ചത്. 2016ല്‍ അഡ്വ. പി. സുധീറിന് 25,948 വോട്ട് ലഭിച്ചതിലൂടെ എന്‍.ഡി.എക്ക് വലിയ പ്രതീക്ഷയാണ് ഇക്കുറി അടൂരില്‍ ഉള്ളത്. ആരായാലും നേരിയ ഭൂരിപക്ഷത്തിലാകും വിജയം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.