ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി പ്രഫ. ആര്. ബിന്ദു യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി അഡ്വ. തോമസ് ഉണ്ണിയാടനെ 5949 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. 2016ല്‍ നടന്ന തെരെഞ്ഞടുപ്പില്‍ പ്രഫ. കെ.യു. അരുണന് 2711 വോട്ടുകള്‍ക്ക് അഡ്വ. തോമസ് ഉണ്ണിയാടനെ തോൽപിച്ച അട്ടിമറി വിജയം ആവർത്തിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിെൻറ ആദ്യവനിത എം.എല്‍.എയാകാനും ആര്. ബിന്ദുവിനായി. ആകെ പോള്‍ ചെയ്ത 1,55,179 വോട്ടുകളിൽ ആര്. ബിന്ദുവിന് 62,493ഉം യു.ഡി.എഫിലെ തോമസ് ഉണ്ണിയാടന് 56,544ഉം എൻ.ഡി.എയുടെ ഡോ. ജേക്കബ് തോമസിന് 34,329 വോട്ടുകളും ലഭിച്ചു. അപരരായ വി. ബിന്ദു 220, എം. ബിന്ദു 162 വോട്ടുകളും നേടി. നോട്ട 590.
തെരെഞ്ഞടുപ്പിെൻറ ആദ്യഘട്ടം മുതല്‍ അവസാന ഘട്ടം വരെ പ്രചാരണ രംഗത്ത് മുന്‍പന്തിയിലായിരുന്നു പ്രഫ. ആര്. ബിന്ദു. രണ്ട് അപര സ്ഥാനാർഥികള്‍ ഇവർക്ക് എതിരെ ഉണ്ടായിരുന്നെങ്കിലും അതൊന്നും വിലപ്പോയില്ല.
ഇരിങ്ങാലക്കുടയുടെ സ്വന്തം സ്ഥാനാർഥി എന്ന മികവ് ബിന്ദുവിന് അനുകൂലമായ ഘടകം തന്നെയായിരുന്നു. മുന്‍കാലങ്ങളില്‍ സ്വന്തം നാട്ടുകാരെ പരാജയപ്പെടുത്തുകയും അതിഥികളായി വരുന്നവരെ സ്വീകരിക്കുകയും ചെയ്യുന്ന സംസ്കാരത്തിന് ഒരു മാറ്റവും കൂടിയാണിത്.
കഴിഞ്ഞ തദ്ദേശ തെരെഞ്ഞടുപ്പില്‍ നഗരസഭയൊഴികെ മുഴുവന്‍ പഞ്ചായത്തുകളും എല്‍.ഡി.എഫിനാണ് ലഭിച്ചത്. നഗരസഭയില്‍ ഒരു വോട്ടിെൻറ വ്യത്യാസത്തിലാണ് യു.ഡി.എഫ് ഭരിക്കുന്നത്.
സ്ഥാനാർഥി നിർണയത്തിന് മുമ്പുതന്നെ യു.ഡി.എഫില്‍ കലഹം ആരംഭിച്ചിരുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിതന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിെൻറ രണ്ട്് ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും ആവശ്യപ്പെട്ട് രംഗത്ത് വരുകയും സ്ഥാനാർഥി നിര്‍ണയവും തെരെഞ്ഞടുപ്പ് പ്രചാരണവും വൈകിയത് യു.ഡി.എഫിന് കനത്ത വീഴ്ചതന്നെയായിരുന്നു.
4758 പോസ്റ്റല്‍ വോട്ടുകളാണ് ഇത്തവണ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ എന്‍.ഡി.എ സ്ഥാനാർഥി ജേക്കബ് തോമസ് 644 വോട്ടുകളും എല്‍.ഡി.എഫ് സ്ഥാനാർഥി ആര്. ബിന്ദു 1650 വോട്ടുകളും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. തോമസ് ഉണ്ണിയാടന് 1693 വോട്ടുകളും നേടി.
എല്‍.ഡി.എഫ് സര്‍ക്കാറിെൻറ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്നും തുടര്‍ന്നും അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആര്. ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.