അകവും പുറവും പൊള്ളുന്ന കൊടുംചൂടിലും വാടിത്തളരാതെയുള്ള ഒാട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബു. സംസ്ഥാനത്തെ പ്രായംകുറഞ്ഞ സ്ഥാനാർഥിയുടെ എല്ലാ പ്രസരിപ്പും വോട്ടിനായുള്ള ഒാട്ടപ്രദക്ഷിണത്തിലും അരിത കാഴ്ചവെക്കുന്നു. ശനിയാഴ്ച രാവിലെ എട്ടിന് കണ്ടല്ലൂർ പഞ്ചായത്തിലെ പേരേത്ത് മുക്കിന് നിശ്ചയിച്ച സ്വീകരണയോഗം തുടങ്ങിയപ്പോൾ ഒന്നര മണിക്കൂറോളം വൈകി. പൈലറ്റ് പ്രസംഗകെൻറ വാക്ധോരണി കത്തിക്കയറുന്നതിനിടെ 9.20 ഒാടെയാണ് അരിത ബാബു എത്തുന്നത്. ഇതോടെ പ്രദേശത്തെ നേതാക്കൾക്ക് ധിറുതി. പറഞ്ഞ സമയത്ത് സ്വീകരണ പോയൻറുകളിൽ എത്തിയില്ലെങ്കിൽ ആകെ കുഴയുമെന്ന മുന്നറിയിപ്പ്.
സ്ഥാനാർഥി വേദിയിലേക്ക് എത്തിയതോടെ ഉദ്ഘാടകനായ കെ.പി.സി.സി സെക്രട്ടറി എൻ. രവി പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് വേലഞ്ചിറ സുകുമാരൻ സ്ഥാനാർഥിയെയും കുടുംബപശ്ചാത്തലവും പരിചയപ്പെടുത്തിയശേഷം സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സഹായ അഭ്യർഥന നടത്തി. കുറച്ചുപേർ കൈവശമുള്ളത് നൽകി സഹകരിച്ചു. മറുപടിയിൽ മണ്ഡലത്തിലെ വികസന മുരടിപ്പ് അക്കമിട്ട് നിരത്തിയുള്ള രാഷ്ട്രീയ പ്രസംഗമാണ് അരിത കാഴ്ചവെച്ചത്. താലൂക്ക് അട്ടിമറിച്ചത്, ഗവ. െഎ.ടി.െഎക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കുന്നതിൽ സംഭവിച്ച വീഴ്ച, കെ.എസ്.ആർ.ടി.സി നവീകരണം, ഗവ. ആശുപത്രിയുടെ വികസനമില്ലായ്മ എന്നിവയാണ് ചൂണ്ടിക്കാട്ടിയത്.
ഇവക്ക് പരിഹാരം കാണാൻ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥന. സംസ്ഥാനത്തെ പ്രായംകുറഞ്ഞ ജില്ല പഞ്ചായത്ത് അംഗമാക്കിയ യു.ഡി.എഫ് നിയമസഭയിലെ ബേബി സ്ഥാനാർഥിയായും അവസരം നൽകിയിരിക്കുകയാണ്.
പ്രതിപക്ഷക്കാരിയായിരുന്നിട്ടും ജില്ല പഞ്ചായത്ത് ഡിവിഷനിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കാനായത്. രാഷ്ട്രീയമായി നേരിടാൻ കഴിയാത്ത ഇടതുപക്ഷം അധിക്ഷേപവും വ്യക്തിഹത്യയും നടത്തി പ്രവർത്തനത്തെ തടയാൻ ശ്രമിക്കുന്നു. ക്ഷീരകർഷകയെന്ന ഉപജീവന മാർഗത്തെ അധിക്ഷേപിച്ചവർക്കുള്ള മറുപടിയുമായാണ് പ്രസംഗം അവസാനിപ്പിച്ചത്. പ്രവർത്തകൻ കൊണ്ടുവന്ന പ്രഭാതഭക്ഷണം വേദിയുടെ ഒാരത്തിരുന്ന് കഴിക്കുന്നതിനിടെ ഡി.സി.സി വൈസ് പ്രസിഡൻറ് യു. മുഹമ്മദ്, ബ്ലോക്ക് പ്രസിഡൻറ് എ.ജെ. ഷാജഹാൻ എന്നിവരുമായി കൂടിയാലോചന.
യു.ഡി.എഫ് ചെയർമാൻ എ. ഇർഷാദ്, കൺവീനർ ജി. രാധാകൃഷ്ണൻ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിലെ ക്രമീകരണം സജ്ജീകരിക്കാനായി സമ്മതം വാങ്ങി മുേമ്പ പോയി. സമയം വൈകുന്നതായ അറിയിപ്പ് വന്നതോടെ ഭക്ഷണം കഴിക്കൽ അവസാനിപ്പിച്ച് ജീപ്പിലേക്ക്. ആയിരങ്ങൾ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കായംകുളത്തിെൻറ അനിയത്തിക്കുട്ടി ഇതാ കടന്നുവരുന്നുവെന്ന അറിയിപ്പുമായി ൈപലറ്റ് വാഹനം മുന്നോട്ടുനീങ്ങി. ഇരുചക്രവാഹനത്തിലെ അകമ്പടിക്കാരെ നേതാക്കൾ മുന്നിലേക്ക് നീക്കി. ഏറ്റവും പിറകിലായി തുറന്ന ജീപ്പിൽ പാതയോരത്ത് നിന്നവരെ അഭിവാദ്യം ചെയ്ത് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. ഇതിനിടെ, തടഞ്ഞുനിർത്തിയുള്ള സ്വീകരണങ്ങൾ സമയക്രമത്തിെൻറ താളം തെറ്റിച്ചു.
നേതാക്കളുടെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് പ്രവർത്തനങ്ങളുടെ കൈമുതലെന്ന് ഇതിനിടയിൽ 'മാധ്യമ'ത്തോടായി അരിത ബാബു പറഞ്ഞു. ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ മണ്ഡലം തിരികെ പിടിക്കാനാകും. കഴിഞ്ഞകാല വീഴ്ചകൾ തിരിച്ചറിഞ്ഞ പ്രവർത്തനമാണ് യു.ഡി.എഫ് നടത്തുന്നത്. സാമ്പത്തിക പ്രയാസങ്ങൾ പുറമെയുള്ള പ്രചാരണങ്ങളെ ബാധിച്ചിട്ടുണ്ട്. അടിത്തട്ടിലെ പ്രവർത്തനങ്ങളിലൂടെ ഇതിനെ മറികടക്കാനാണ് ശ്രമം. ആരോഗ്യ മേഖലയിലടക്കമുള്ള വികസനങ്ങളിൽ എം.എൽ.എക്ക് സംഭവിച്ച വീഴ്ചകൾ യു.ഡി.എഫിന് സഹായകമാകും. കോവിഡ് കാലത്തെ എം.എൽ.എയുടെ പ്രവർത്തന പോരായ്മകൾ ഡി.വൈ.എഫ്.െഎയാണ് തുറന്നുകാട്ടിയത്. ഒാഫിസ് അടച്ച് മുങ്ങിയത് ശരിയായില്ലെന്നും ഒപ്പമുള്ളവരാണ് പറഞ്ഞത്.
ഇത്തരം വിഷയങ്ങൾ ഉൾക്കൊണ്ടുള്ള ജനങ്ങളുടെ പ്രതികരണം യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അരിത പറഞ്ഞു. 9.15ന് നിശ്ചയിച്ചിരുന്ന മൂന്നാമത്തെ സ്വീകരണകേന്ദ്രമായ അമ്പലത്തുൻ കടയിലെത്തിയപ്പോൾ 11 മണി പിന്നിട്ടിരുന്നു. തള്ളത്തുകാവ്, പറവൂർമുക്ക്, അേമ്പാലി തുടങ്ങി ഉച്ചക്ക് സമാപനം നിശ്ചയിച്ച പ്രിയദർശിനി ജങ്ഷനിൽ എത്തിയപ്പോൾ 2.45. വൈകീട്ട് മൂന്നിനാണ് പതകരിശ്ശേരിൽ സിന്ധുവിെൻറ വീട്ടിൽ ഉച്ചഭക്ഷണത്തിന് എത്താനായത്. പുല്ലുകുളങ്ങര ചന്തയിൽനിന്ന് തുടങ്ങിയ പത്തിയൂർ പഞ്ചായത്തിലെ പര്യടനം ചെറിയ പത്തിയൂർ ലക്ഷംവീട് കോളനിയിൽ സമാപിക്കുേമ്പാൾ രാത്രി ഏറെ വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.