മൂവാറ്റുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഒരുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും നടപ്പായില്ല. അനധികൃത പാർക്കിങ് അടക്കമുള്ള ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളാണ് കടലാസിൽ ഒതുങ്ങിയത്. നഗരസഭ ചെയർമാൻ പി.പി. എൽദോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊലീസ്, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, നാഷനൽ ഹൈവേ റോഡ്സ് വിഭാഗം ഉദ്യോഗസ്ഥരുടെ യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തു പിരിഞ്ഞിട്ട് വർഷം ഒന്ന് പിന്നിട്ടു.
നഗരത്തിലെ റോഡ്, നടപ്പാത കൈയേറ്റങ്ങൾ നോട്ടീസ് നൽകി ഉടൻ ഒഴിപ്പിക്കുമെന്നും പ്രധാന ബൈപാസുകളില്‍ ഒന്നായ ഇ.ഇ.സി മാർക്കറ്റ് റോഡിൽ വലിയ വാഹനങ്ങളുടെ പാർക്കിങ് പൂർണമായും നിരോധിക്കുമെന്നും മാർക്കറ്റിൽ ലോഡിറക്കിയശേഷം അന്തർ സംസ്ഥാന ലോറികൾ അടക്കമുള്ളവ എവറസ്റ്റ് ജങ്ഷനിലെ ലോറി-വാന്‍ സ്റ്റാൻഡില്‍ പാർക്ക് ചെയ്യണമെന്നും മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് നഗരസഭ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ കയറ്റിയിടുന്നത് നിരോധിക്കുമെന്നും പറഞ്ഞിരുന്നു.
റോഡരികുകളില്‍ വഴിയോരക്കച്ചവടത്തിന് സ്ഥാപിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത ഷെഡുകള്‍, ബങ്കുകൾ അടക്കമുള്ളവ നീക്കുമെന്നും കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും നടപ്പാത കൈയേറി വ്യാപാരസ്ഥാപനങ്ങളിലെ വസ്തുക്കൾ ഇറക്കിവെക്കുന്നതും കച്ചവടം നടത്തുന്നതും തടയുമെന്നും അനധികൃത വഴിവാണിഭം അവസാനിപ്പിക്കുമെന്നും പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു.
വാഹനയാത്രക്കാർക്ക് കുരുക്കാകുന്ന തരത്തിൽ പോസ്റ്റുകളിലും മറ്റും തൂങ്ങിക്കിടക്കുന്ന കേബിളുകൾ നീക്കാനും നഗരത്തിലെ മുഴുവൻ മീഡിയനുകളിലും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റിഫ്ലക്ടർ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
പ്രവർത്തനരഹിതമായ നിരീക്ഷണ കാമറകൾ ഉപയോഗപ്രദമാക്കാനും പാർക്കിങ് പ്രശ്നം പരിഹരിക്കാൻ നഗരത്തോട് ചേർന്നുള്ള ഉപയോഗിക്കാത്ത സ്ഥലങ്ങളുടെ ഉടമസ്ഥനെ കണ്ടെത്തി അവരുടെ അനുവാദത്തോടെ പാർക്കിങ് കേന്ദ്രമാക്കുന്നതടക്കമുള്ള തീരുമാനങ്ങളും എടുത്തിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ ചില നടപടികൾ എടുത്തെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.