മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ടിൽ ചോർച്ചയുണ്ടായതായി ലീഗിനകത്ത് സംശയം. യു.ഡി.എഫിന് ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകൾ ബി.ജെ.പിയിലേക്ക് മാറി കുത്തിയെന്ന വിലയിരുത്തലിലാണ് പാർട്ടി കേന്ദ്രങ്ങൾ. കോൺഗ്രസ് നേതൃത്വത്തിെൻറ അറിവോടെതന്നെ പ്രവർത്തകർ ബി.ജെ.പിക്ക് വോട്ടുചെയ്തു എന്നാണ് വിലയിരുത്തൽ. കോൺഗ്രസിന് പൊതുവേ സ്വാധീനമുള്ള വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ എന്നീ പഞ്ചായത്തുകളിലാണ് ബി.ജെ.പിക്ക് അനുകൂലമായി വോട്ട് മറിച്ചതെന്നാണ് കരുതുന്നത്. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ളതും, ഭരണം നടത്തുന്നതുമായ എൻമകജെ പഞ്ചായത്തിൽ പക്ഷെ, യു.ഡി.എഫിനുതന്നെ വോട്ട് നൽകിയതായും ലീഗ് നേതൃത്വം പറയുന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 15 വർഷമായി കോൺഗ്രസ് ഭരണം നടത്തിയിരുന്ന മീഞ്ച പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടതിനും ബ്ലോക്ക് പഞ്ചായത്തിൽ മുഴുവൻ അംഗങ്ങളെ നഷ്ടപ്പെടാൻ ഇടയാക്കിയതിനും വോർക്കാടി, പൈവളിഗെ എന്നിവിടങ്ങളിൽ സീറ്റ് നഷ്ടപ്പെടാൻ കാരണമായതിനും പിന്നിൽ ഇത്തവണത്തെ യു.ഡി.എഫ് സ്ഥാനാർഥിയാണെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ ആരോപിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിസ്സഹകരണം ഡി.സി.സി നേതൃത്വത്തെ പ്രാദേശിക ഘടകം മുൻകൂട്ടി അറിയിച്ചിരുന്നു. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിൽ അതിർത്തി മണ്ഡലം എന്ന പ്രത്യേകത കണക്കിലെടുത്ത് കർണാടക കോൺഗ്രസ് നേതൃത്വം പ്രചാരണത്തിന് മുൻകൈ എടുത്തിരുന്നു. കഴിഞ്ഞ തവണ ഒരു പഞ്ചായത്തിന് ഒരു മന്ത്രി എന്ന നിലയിലായിരുന്നു പ്രചാരണ ചുമതല. എന്നാൽ, ഇത്തവണ കർണാടകയിൽനിന്ന് ഒരു നേതാവ് പോലും പ്രചാരണത്തിന് എത്തിയില്ല. ഫീൽഡ് വർക്കിലും പൊതുയോഗങ്ങളിലും കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം ചർച്ചയുമായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരിൽ ഒരാളെ പങ്കെടുപ്പിച്ച് ഒരു പരിപാടി നടത്താൻ മുസ്ലിം ലീഗ് നേതൃത്വം കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടത് പിന്നീട് 'അട്ടിമറി'ക്കപ്പെടുകയായിരുന്നു.
സമ്മർദം ശക്തമായതോടെ കർണാടക പി.സി.സി പ്രസിഡൻറ് ഡി.കെ. ശിവകുമാറിെൻറ റോഡ് ഷോ ആഹ്വാനം നൽകിയെങ്കിലും നടപ്പിലായില്ല. അവസാന 72 മണിക്കൂറിൽ റാലികൾ നിരോധിച്ച കാര്യം അറിഞ്ഞിട്ടും സോഷ്യൽ മീഡിയകളിൽ മാത്രം പരിപാടി ഒതുങ്ങി. സമസ്ത ഉപാധ്യക്ഷെൻറ മരണം ചൂണ്ടിക്കാണിച്ച് നേതാക്കൾ അണികളെ സമാധാനിപ്പിച്ചാണ് പ്രശ്നം ഒതുക്കിയത്. കോൺഗ്രസ് മഞ്ചേശ്വരത്ത് വോട്ട് ബി.ജെ.പിക്ക് അനുകൂലമായി മറിച്ചത് സംസ്ഥാന-ജില്ല നേതാക്കളുടെ അറിവോടെയാണെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. ഇതിന് ഉദുമയിൽ പ്രത്യുപകാരം കോൺഗ്രസിന് ലഭിച്ചിട്ടുണ്ടോയെന്ന സംശയവും ലീഗിനകത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.