തിരുവനന്തപുരം: നേമം മണ്ഡലത്തെ സംബന്ധിച്ച് താൻ ദേശാടനക്കിളിയല്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻ കുട്ടി. മറ്റു രണ്ട് സ്ഥാനാർഥികൾക്കും മണ്ഡലത്തിലെ ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും നേമത്തിന് ഞാൻ അന്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു വർഷം എം.എൽ.എ ആയിരുന്നപ്പോഴെന്നപോലെ എം.എൽ.എ അല്ലാതിരുന്ന അഞ്ച് വർഷം ഒ. രാജഗോപാലിന്‍റെ വിടവ് നികത്തുന്നതിനും താൻ പരിശ്രമിച്ചിട്ടുണ്ട്. പാവങ്ങളുടെയും സാധാരണക്കാരുടേയും പ്രശ്നങ്ങളിൽ ഇടപെടുകയും ജനങ്ങളോടൊപ്പം നിൽക്കുകയും ചെയ്തിട്ടുണ്ടെന്നും അത് അനുകൂല ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് മുഖ്യ എതിരാളി ബി.ജെ.പിയാണെന്ന് ശിവൻ കുട്ടി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരൻ സംസ്ഥാന മന്ത്രിയായിരുന്നപ്പോൾ മത്സരിച്ച് തോറ്റിട്ടുണ്ട്. വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നെങ്കിൽ എം.പി സ്ഥാനം രാജി വെച്ച് മത്സരിക്കുന്നതാണ് മാന്യത. പൗരത്വ നിയമം പോലെ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ വന്നപ്പോൾ മുരളീധരൻ പാർലമെന്‍റിൽ പങ്കെടുത്തിട്ടുപോലുമില്ലെന്നും ജനങ്ങൾ മണ്ടൻമാരല്ലെന്നും ശിവൻ കുട്ടി പറഞ്ഞു.
യു.ഡി.എഫ് -എൽ.ഡി.എഫ് ഒത്തുകളിയുണ്ടെന്ന കുമ്മനം രാജേശഖരന്റെ ആരോപണം രാഷ്ട്രീയത്തെ കുറിച്ച് പഠിക്കുന്ന കൊച്ചു കുഞ്ഞിന് പോലും വിശ്വസിക്കാൻ കഴിയില്ലെന്നും പരാജയ ഭീതിയിൽ നിന്നു വരുന്ന അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.