നെന്മാറ: ചിറ്റൂർ താലൂക്കിലെ തിരുവഴിയാട് വില്ലേജിൽ 2000ത്തിൽ നടന്ന റവന്യു പുറമ്പോക്കിലെ വിവാദ മരം മുറിയിൽ വകുപ്പുതല നടപടിക്ക് ഇറക്കിയത് മൂന്ന് ഉത്തരവുകളെന്ന് രേഖകൾ. നഷ്ടപ്പെട്ട മരത്തിന്റെ മൂല്യം അന്ന് സേവനമനുഷ്ടിച്ചിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കാനായിരുന്നു അന്വേഷണം നടത്തിയ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി തലത്തിലുള്ള തീരുമാനം.
ആദ്യം മരംമുറി നടന്ന സമയത്ത് തിരുവഴിയാട് വില്ലേജ് ഓഫിസറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് നഷ്ടത്തിനുത്തരവാദിയെന്ന് സൂചിപ്പിക്കുന്ന ഉത്തരവായിരുന്നു 2010 ൽ പുറത്തുവന്നത്. എന്നാൽ, താൻ ഉത്തരവാദിയല്ലെന്നും ലേലം ചെയ്യാതെ താലൂക്ക് മേലധികാരി വൈകിപ്പിച്ചതിനാലാണ് നഷ്ടമുണ്ടായതെന്നും രേഖകൾ സഹിതം ഇദ്ദേഹം വിശദീകരണം നൽകിയതോടെ മരം നഷ്ടപ്പെട്ട സമയത്തെ വില്ലേജ് ഉദ്യോഗസ്ഥനെയും താലൂക്ക് മേലധികാരിയെയും ഉത്തരവാദികളാക്കി അവരിൽനിന്ന് നഷ്ടം ഈടാക്കാൻ മൂന്നുവർഷം കഴിഞ്ഞ് പുതിയ ഉത്തരവിറക്കി.
ഭരണപക്ഷ സർവിസ് സംഘടനയിൽ സജീവമായിരുന്ന താലൂക്ക് മേലധികാരിയെ ഒഴിവാക്കി 2022ൽ തിരുത്തിയ ഉത്തരവു വന്നതോടെയാണ് ഇതുമായി ബന്ധമില്ലാത്ത അവിടെ വിവിധ കാലങ്ങളിൽ സേവനമനുഷ്ഠിച്ച വില്ലേജ് ഉദ്യോഗസ്ഥർക്ക് വകുപ്പുതല നടപടി നേരിടേണ്ടി വന്നത്. തുടർന്ന് വിരമിച്ച് ഒന്നര പതിറ്റാണ്ടു കഴിഞ്ഞ് ജപ്തിഭീഷണി നേരിടുകയാണ് അന്നത്തെ ഉദ്യോഗസ്ഥരിപ്പോൾ. സർവിസ് ചട്ടം പോലും ലംഘിച്ചാണ് തങ്ങൾക്ക് നേരെയുള്ള നടപടിയെന്നും വ്യക്തമായ രേഖകൾ നൽകിയിട്ടും തങ്ങളുടെ ഭാഗം കേൾക്കാതെ ഉത്തരവിറക്കുകയാണുണ്ടായതെന്നും നടപടി നേരിട്ടവർ പറയുന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ നിയമവഴിയിലേക്ക് പോകാനൊരുങ്ങുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.