കൊല്ലങ്കോട്: നെന്മാറ മണ്ഡലത്തിലെ ഗ്രാമീണപാതകളിലൂടെ പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. കെ. ബാബുവിന് ഒരു അവസരംകൂടി നൽകണമെന്ന് ഉച്ചഭാഷിണിയിലൂടെ അഭ്യർഥിച്ചുകൊണ്ടിരിക്കുന്നു. കൺെവൻഷനുകൾ യോഗങ്ങൾ എന്നിവ പൂർത്തിയാക്കി കഴിഞ്ഞ മൂന്ന് ദിവസമായി എൽ.ഡി.എഫ് സ്ഥാനാർഥി വാഹന പര്യടനത്തിലാണ്.
കൊടുവായൂർ പഞ്ചായത്തിലാണ് ഞായറാഴ്ച രാവിലെ ഏഴരക്ക് വാഹന പര്യടനം ആരംഭിച്ചത്. ഞായറോടുനിന്ന് ആരംഭിച്ച വാഹനജാഥ രാത്രി ഏഴരക്ക് പേഴുംകാടിലാണ് സമാപിച്ചത്. കൊടുവായൂർ ബൈപാസിന് 30 കോടിയുടെ തുക വകയിരുത്തിയതും കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ആറുകോടി വകയിരുത്തി നിർമാണം ആരംഭിച്ചതും പ്രാദേശിക വികസന വിഷയങ്ങളാക്കിയാണ് കെ. ബാബു പ്രചാരണമാരംഭിച്ചത്. കുന്നുംപുറം, പുന്നക്കോട്, കല്ലോട്ടുകുളം, മീഞ്ചിറക്കാട് എന്നീ എത്തന്നൂർ ലോക്കൽ കമ്മിറ്റിയിലെ 19 കേന്ദ്രങ്ങളിലാണ് ഉച്ചവരെ വാഹന റാലി നടത്തിയത്.
തുടർന്ന് കൊടുവായൂർ ലോക്കൽ കമ്മിറ്റി ഏരിയയിലെ മൈലാറോട്ടിൽനിന്ന് ആരംഭിച്ച റാലി രാത്രി ഏഴരയോടെ പേഴുംകാട്ടിൽ സ്ഥാപിച്ചു.
യു.ഡി.എഫ് ഘടകകക്ഷിയായ സി.എം.പിയുടെ നേതാവായ സി.എൻ. വിജയകൃഷ്ണൻ എം.വി. രാഘവൻ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഊർജിത പരിശ്രമത്തിലാണ്. പല്ലശ്ശന, നെല്ലിയാമ്പതി പഞ്ചായത്തുകളാണ് കഴിഞ്ഞ രണ്ട് ദിവസമായി വിജയകൃഷ്ണെൻറ പര്യടനം. കഴിഞ്ഞ പാർലമെൻറ്, തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിനുള്ള ശക്തി വീണ്ടും വർധിപ്പിച്ച് വിജയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് പ്രവർത്തകർ.
പല്ലശ്ശന പഞ്ചായത്തിൽ വടശ്ശേരിയിൽനിന്നാണ് പര്യടനം ആരംഭിച്ചത്. കോൺഗ്രസ് കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡൻറ് കെ.എസ്. സക്കീർ ഹുസൈനാണ് പര്യടനത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത്. തോട്ടങ്കരകളം പാറക്കളം, താമരപാടം, ഒഴിവുപാറ, കൂടല്ലൂർ, കുമാരൻപുത്തൂർ തുടങ്ങിയ സ്വീകരണങ്ങൾക്കുശേഷം ചിറാക്കോട്ടിൽ സമാപിച്ചു.
തുടർന്ന് നെല്ലിയാമ്പതി മല കയറി പാടികളിലും തേയിലത്തോട്ടങ്ങളിലുമുള്ള തൊഴിലാളികളുടെ അടുത്ത് സ്ഥാനാർഥിയെത്തി. നെന്മാറ മണ്ഡലത്തിൽ പ്രഫഷനൽ കോളജ് ഇല്ലാത്തതും കൊല്ലങ്കോട്, കൊടുവായൂർ ടൗണുകളിലെ ഗതാഗതക്കുരുക്കുകൾക്ക് ശാശ്വത പരിഹാരത്തിനുള്ള ബൈപാസ് സംവിധാനം നടപ്പാക്കാത്തതുമാണ് യു.ഡി.എഫിെൻറ പ്രധാന പ്രചാരണ വിഷയങ്ങൾ.
ഓരോ വോട്ടും ഹെൽമറ്റ് ചിഹ്നത്തിലെന്ന അഭ്യർഥനയുമായാണ് എൻ.ഡി.എ സ്ഥാനാർഥി എ.എൻ. അനുരാഗ് അണികളോടൊപ്പം ഞായറാഴ്ച രാവിലെ പുതുനഗരം പഞ്ചായത്തിൽ പര്യടനം ആരംഭിച്ചത്.
കൃഷിയാവശ്യത്തിനുള്ള ജലസേചനവും കുടിവെള്ള ക്ഷാമവും പൂർണമായും പരിഹാരമുണ്ടാക്കാൻ വോട്ട് തനിക്കുവേണമെന്ന അഭ്യർഥനയാണ് വീട്ടമ്മമാരോട് അനുരാഗിനുള്ളത്. എൻ.ഡി.എക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് ലഭിച്ച പ്രദേശങ്ങളെ നന്നായി അറിയുന്ന അനുരാഗ് അത്തരം പ്രദേശങ്ങളിൽ അണികൾക്കൊപ്പം എത്തിയാണ് ബി.ഡി.ജെ.എസിനായി വോട്ടഭ്യർഥിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.