നിലമ്പൂർ നിലനിർത്തി അൻവർ; ഭൂരിപക്ഷത്തിൽ വൻ ഇടിവ്​

നിലമ്പൂർ: യു.ഡി.എഫ് സ്​ഥാനാർഥി വി.വി. പ്രകാശിന്‍റെ അകാലവിയോഗം സൃഷ്​ടിച്ച മൂകതയ്​ക്കുപിന്നാലെ തോൽവിയുടെ പ്രഹരവും ഏറ്റുവാങ്ങി ആര്യാടന്‍റെ തട്ടകം. ഫലമറിയുന്നതിന്​ മൂന്നുദിവസം മുമ്പായിരുന്നു സ്​ഥാനാർഥിയുടെ മരണം.

കോൺഗ്രസ്​ മണ്ഡലമായ നിലമ്പൂരിൽ രണ്ടാംതവണയും എൽ.ഡി.എഫ് സ്വതന്ത്രൻ പി.വി. അൻവർ വെന്നിക്കൊടിപാറിച്ചു. എന്നാൽ, 2016ൽ നേടിയ 11504 എന്ന തിളക്കമാർന്ന ഭൂരിപക്ഷത്തിന്​ ഇത്തവണ വൻ ഇടിവ്​ നേരിട്ടു. 2794 വോട്ടിനാണ്​ അൻവർ ജയിച്ചത്​.

അതേസമയം, 2019 ൽ നടന്ന വയനാട് ലോക്​സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ വൻ ഭുരിപക്ഷം സമ്മാനിച്ച മണ്ഡലമാണിത്​. നിലമ്പൂരിൽനിന്ന്​ മാത്രം 62,666 വോട്ടിന്‍റെ ഭൂരിപക്ഷമാണ്​ രാഹുൽഗാന്ധിക്ക്​ ലഭിച്ചത്​. ഈ ആത്മവിശ്വാസത്തോടെയായിരുന്നു യു.ഡി.എഫ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. എന്നാൽ, തൊഴുത്തിൽകുത്തും കാലുവാരലും പരാജയത്തിൽ കലാശിക്കുകയായിരുന്നു.

സ്ഥാനാർഥി പ്രഖ‍്യാപനത്തിലെ കാലതാമസം യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന്​ പാർട്ടിയിലെ നിഷ്​പക്ഷർ തുടക്കത്തിൽതന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ആര‍്യാടൻ ഷൗക്കത്തിന് സീറ്റ് നിഷേധിച്ചതും യു.ഡി.എഫ് പാളയത്തിൽ വിള്ളലുണ്ടാക്കി. ഈ സാഹചര്യം മുതലെടുത്താണ്​ ഇടതു സ്വതന്ത്രനായ പി.വി.അൻവറിലൂടെ എൽ.ഡി.എഫ്​ വീണ്ടും അനായാസ വിജയം നേടിയത്​.

രാഷ്​ട്രീയ സംശുദ്ധിയും സൗമ‍്യഭാവവുമുള്ള പ്രകാശിന്​ രാഷ്​ട്രീയ ചിന്തകൾക്കതീതമായുള്ള നിഷ്പക്ഷ വോട്ടുകൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു യുഡി.എഫ്​. എന്നാൽ, സംസ്ഥാന സർക്കാരിന്‍റെ ഭരണനേട്ടവും എം.എൽ.എയുടെ വികസന പ്രവർത്തനവും ഉയർത്തികാട്ടിയായിരുന്നു അൻവറിന്‍റെ വോട്ട് പിടിത്തം. നിലമ്പൂർ നഗരസഭയും വഴിക്കടവ്, എടക്കര, ചുങ്കത്തറ, പോത്തുകല്ല്, കരുളായി, അമരമ്പലം ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. ഒരു സ്വതന്ത്രനുൾപ്പടെ ആറ് സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രനായ പി.വി.അൻവർ 77858 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്തിന് 66354 വോട്ടും എൻ.ഡി.എ സ്ഥാനാർഥി ഗിരീഷ് മേക്കാട്ട് 12284 വോട്ടും എസ്.ഡി.പി.ഐ സ്ഥാനാർഥി കെ.ബാബുമണിക്ക് 4751 വോട്ടുമാണ് ലഭിച്ചത്. അൻവറിന് 11504 വോട്ടിന്‍റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്.

1965 മുതല്‍ ആര്യാടന്‍ മുഹമ്മദ് സ്ഥാനാര്‍ഥിയായി രംഗത്തുണ്ടായിരുന്ന മണ്ഡലമാണ്​ നിലമ്പൂർ. 65ലും 67ലും സി.പി.എമ്മിലെ കുഞ്ഞാലിയോട് പരാജയപ്പെട്ട ആര്യാടന്‍ 69ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടതോടെ മല്‍സര രംഗത്തു നിന്നും മാറി നിന്നു. എന്നാൽ 87ല്‍ 10333 വോട്ടി​െൻറ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ ദേവദാസ് പൊറ്റക്കാടിനെ തോൽപിച്ച്​ ആര്യാടൻ തിരിച്ചു വന്നു. 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളിൽ ആര്യാടൻ മുഹമ്മദിന് മണ്ഡലം തുടർച്ചയായ വിജയം സമ്മാനിച്ചു.

2016ൽ അദ്ദേഹം പിൻമാറി മകൻ ആര്യാടൻ ഷൗക്കത്ത് മത്സരരംഗത്തിറങ്ങുകയായിരുന്നു. ഇടതു സ്വതന്ത്രനായി വന്ന പി.വി അൻവറിലൂടെ എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ, കരുളായി എന്നീ അഞ്ചു പഞ്ചായത്തുകളിലാണ്​ യു.ഡി.എഫ് നേടിയത്​.

Tags:    
News Summary - pv Anvar second term victory in Nilambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.