പാലാ: പുതിയ ഇടതുമുന്നണി സർക്കാറിൽ കേരളാ കോൺഗ്രസ്-എമ്മിന് അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ജോസ് കെ. മാണി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയും മുന്നണിയും ചർച്ച ചെയ്യുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള കോൺഗ്രസിന്‍റെ നിലപാടുകൾ കാരണം പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഗൗരവമുള്ള രാഷ്ട്രീയ കാര്യങ്ങളല്ല എതിർ പാർട്ടികൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തത്. പൂർണമായും വ്യക്തിഹത്യയും കള്ളപ്രചാരണങ്ങളുമാണ് നടന്നത്.
അതോടൊപ്പം ബി.ജെ.പിയുമായി യു.ഡി.എഫ് വോട്ടുകച്ചവടം നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏകേദശം 26,000 വോട്ടുകൾ ബി.ജെ.പി നേടിയിരുന്നു. ഇപ്പോൾ ലഭിച്ചത് 11,000ന് അടുത്ത് വോട്ടുകൾ മാത്രമാണ്.
കേരള കോൺഗ്രസ് നിലപാട് ശരിയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. യു.ഡി.എഫിന് സ്വാധീനമുള്ള മേഖലകളിലാണ് പാർട്ടി വിജയിച്ചത്. ഇത് തുടർഭരണം ലഭിക്കാൻ എൽ.ഡി.എഫിനെ സഹായിച്ചു. പാലായിൽ മാത്രമല്ല, ഇടതുപക്ഷം കേരളത്തിൽ ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സി.പി.എം വോട്ട് മറിച്ചെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.