സുൽത്താൻ ബത്തേരി: മണ്ഡലത്തിൽ വലിയ തോതിൽ വോട്ടു കുറഞ്ഞതുമായി ബന്ധപ്പെട്ട് എൻ.ഡി.എയിൽ കണക്കടുപ്പ് നീളുന്നു. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ബി.ജെ.പി നേതാക്കളോട് ഇതുസംബന്ധിച്ച് കാരണം തിരക്കുമെന്ന് സ്ഥാനാർഥിയായിരുന്ന സി.കെ. ജാനു പറഞ്ഞു.
അതേസമയം, ബുധനാഴ്ച കൽപറ്റയിൽ ചേരാനിരുന്ന യോഗം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബി.ജെ.പി ജില്ല നേതൃത്വം പറഞ്ഞു.തെരഞ്ഞെടുപ്പിനുമുമ്പ് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന സി.കെ. ജാനു വോട്ടു കുറഞ്ഞതോടെ നിരാശയിലാണ്.
പ്രചാരണത്തിൽ ബി.ജെ.പി വീഴ്ച വരുത്തിയതായി ആരോപിച്ച് ജാനുവിെൻറ ജനാധിപത്യ രാഷ്ട്രീയ പാർട്ടി സെക്രട്ടറി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി തെൻറ അറിവോടെയല്ലെന്നും അവലോകന യോഗത്തിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നുമുള്ള നിലപാടിലാണ് ജാനു ഇപ്പോഴുള്ളത്.
ജാനുവിനെ സ്ഥാനാർഥിയാക്കുന്നതിനുമുമ്പ് സുൽത്താൻ ബത്തേരിയിൽ മത്സരിപ്പിക്കാൻ ബി.ജെ.പി ഏതാനും പേരെ കണ്ടുവെച്ചിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കാതെ സംസ്ഥാന നേതൃത്വം ജെ.ആർ.പിയുമായി സഖ്യത്തിലാവുകയും ജാനുവിനെ സ്ഥാനാർഥിയാക്കുകയും ചെയ്തു. തുടർന്നുണ്ടായ പ്രതിഷേധ ശബ്ദങ്ങൾ നേതൃത്വം ഇടപെട്ട് ഒതുക്കിയെങ്കിലും വോട്ടെടുപ്പിൽ തിരിച്ചടിയാവുകയായിരുന്നു.
12722 വോട്ടുകളാണ് 2016നെ അപേക്ഷിച്ച് ഇത്തവണ എൻ.ഡി.എക്ക് കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.