കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫ് വോട്ടിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന് നിയുക്ത എം.എൽ.എയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി. ഗോവിന്ദൻ മാസ്റ്റർ. ഫലപ്രഖ്യാപന ദിവസം മണ്ഡലത്തിലെ എൽ.ഡി.എഫ് ലീഡ് സംബന്ധിച്ച അവ്യക്തത തെരഞ്ഞെടുപ്പ് കമീഷെൻറ പിടിപ്പുകേടുമൂലം ഉണ്ടായതാണ്.
ഇതു മുതലെടുത്ത് ചില ദൃശ്യമാധ്യമങ്ങൾ വോട്ടുചോർച്ചയെന്നും തിരിച്ചടിയെന്നും പ്രചരിപ്പിക്കുകയും ചർച്ചചെയ്യുകയുമായിരുന്നു. സാധാരണഗതിയിൽ ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും വോട്ടുകണക്കുകൾ തെരഞ്ഞെടുപ്പ് സോഫ്റ്റ് വെയറിൽ അപ്ലോഡ് ചെയ്യണം.
തളിപ്പറമ്പിൽ രാവിലെ 11വരെ മാത്രമേ ഇത്തരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. അപ്പോൾ 2000ൽപരം വോട്ടിെൻറ ലീഡുണ്ടായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ തളിപ്പറമ്പിൽ എൽ.ഡി.എഫ് വോട്ട് ഒഴുകിപ്പോയി, പാർട്ടിക്കകത്തെ തർക്കപ്രശ്നമാണ് കാരണം എന്നനിലയിൽ ചില ചാനലുകൾ നുണപ്രചാരണവും ചർച്ചയും നടത്തി. എന്നാൽ, യഥാർഥത്തിൽ 22,689 വോട്ടിെൻറ ഭൂരിപക്ഷമുണ്ട്. ആന്തൂരിൽ മാത്രം 12,511 വോട്ടിെൻറ ലീഡുണ്ട്.
ചിലർ കൊണ്ടുപിടിച്ചുനടത്തുന്ന പ്രചാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 40,000ത്തിൽപരം വോട്ടിെൻറ ഭൂരിപക്ഷം ഇത്തവണയുണ്ടായില്ലെന്നാണ്. 2016ൽ യു.ഡി.എഫ് സ്ഥാനാർഥി സമുദായസംഘടനയായ നമ്പ്യാർ മഹാസഭയുടെ പ്രതിനിധിയായിരുന്നു.
യു.ഡി.എഫ് വോട്ടർമാരിൽ മൂന്നിലൊരുഭാഗം വോട്ടുചെയ്യാൻപോലും പോയില്ല. ഈ തെരഞ്ഞെടുപ്പിലാകട്ടെ കടുത്ത രാഷ്ട്രീയപോരാട്ടമാണ് നടന്നത്. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന രീതിയിലായിരുന്നു യു.ഡി.എഫ് പ്രവർത്തനം.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ എണ്ണൂറോളം വോട്ടുകൾക്ക് പിന്നിൽപോയ മണ്ഡലത്തിൽ 22,689 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിച്ചു. ഇത്തവണ ലഭിച്ച 92,870 വോട്ട് എക്കാലത്തെയും മികച്ചതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.