തവനൂർ: ജില്ലയിലെ ഏറ്റവും ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് തവനൂർ. യു.ഡി.എഫ് സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പിലും സിറ്റിങ് എം.എൽ.എ മന്ത്രി ഡോ. കെ.ടി. ജലീലും തമ്മിലാണ് പോരാട്ടം. മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇടത് സ്വതന്ത്രനായ കെ.ടി. ജലീലാണ് വിജയച്ചത്.
ആദ്യതവണ 6854 വോട്ടിെൻറ ഭൂരിപക്ഷം രണ്ടാം തവണ 17,064 ആയി വർധിപ്പിച്ചാണ് മണ്ഡലം നിലനിർത്തിയത്. ജലീലിെൻറ വ്യക്തിപ്രഭാവത്തിൽ യു.ഡി.എഫിലെ വോട്ടുകൾ ഇത്തവണയും സ്വന്തമാക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ് നേതൃത്വം കണക്ക് കുട്ടുന്നു. ഇത്തവണ എന്ത് വില കൊടുത്തും മണ്ഡലം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഫിറോസ് കുന്നംപറമ്പിലിനെ യു.ഡി.എഫ് നേതൃത്വം രംഗത്തിറക്കിയത്. ഇരു മുന്നണികളും രണ്ടാംഘട്ട പര്യടനം ആരംഭിച്ചു. നേരത്തെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് കാരണം പ്രചാരണരംഗത്ത് മുന്നേറാൻ എൽ.ഡി.എഫിന് സാധിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ എന്ന രീതിയിൽ ഫിറോസിനുള്ള താരപരിവേഷം കുടുംബയോഗങ്ങളിൽ സ്ത്രീ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് പറയുന്നു. അതേസമയം, നാല് അപരന്മാരാണ് ഫിറോസ് കുന്നംപറമ്പിലിന് വെല്ലുവിളി ഉയർത്തുന്നത്. കെ.ടി. ജലീലിന് അതേ പേരിലുള്ള അപരനുമുണ്ട്. 2011ൽ കെ.ടി. ജലീലിെൻറ അപരന്മാരായ ടി.എ. ജലീൽ 820ഉം ടി.കെ. ജലീൽ 720ഉം വോട്ട് നേടിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും ലഭിച്ച ഓട്ടോ ചിഹ്നമാണ് ഇത്തവണയും കെ.ടി. ജലീലിന് ലഭിച്ചിരിക്കുന്നത്. അതുകാരണം അപരനെ പ്രതിരോധിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.
വെൽഫെയർ പാർട്ടിക്കും പി.ഡി.പിക്കും ഇത്തവണ സ്ഥാനാർഥികളില്ല. എൻ.ഡി.എ സ്ഥാനാർഥിയായ ബി.ഡി.ജെ.എസ് ജില്ല ജനറൽ സെക്രട്ടറി രമേശ് കോട്ടയപ്പുറത്തിന് ഹെൽമറ്റാണ് ചിഹ്നം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 15,801 വോട്ടാണ് മണ്ഡലത്തിൽ ബി.ജെ.പിക്ക് ലഭിച്ചത്. ഇത് മുഴുവൻ ഇത്തവണയും ലഭിക്കുമോ എന്നത് നിർണായകമാണ്. എസ്.ഡി.പി.ഐയുടെ ഹസ്സൻ ചിയ്യാനൂർ മൂന്നാംഘട്ട പ്രചാരണം ആരംഭിച്ചു. കണക്കുകളിൽ നേരിയ മുൻതൂക്കം കെ.ടി. ജലീലിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.