നിറഞ്ഞ പുഞ്ചിരിയാണ് ഇടത് സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ.ടി. ജലീലിെൻറ സവിശേഷത. വയോജനങ്ങളോട് വാത്സല്യം പ്രകടിപ്പിച്ചും കുട്ടികളെ താലോലിച്ചുമെല്ലാം അദ്ദേഹം പ്രചാരണത്തിൽ മുന്നേറുന്നു. ഞായറാഴ്ച തീരദേശ മേഖലയിലാണ് രണ്ടാംഘട്ട പര്യടനം നടത്തിയത്.
രാവിലെ പുറത്തൂർ ഗോമുഖത്ത് നിന്നായിരുന്നു തുടക്കം. തുടർന്ന് ബൈക്കുകളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. കടന്നുപോകുന്ന വഴിയിൽ വോട്ടർമാരെ കൈവീശി കാണിച്ചും ചിലപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയുമെല്ലാം വോട്ടഭ്യർഥന. മംഗലം പഞ്ചായത്തിലെ ഇസ്മയിൽ നഗർ, തെക്കെ കൂട്ടായി, മൂന്നാംകുറ്റി, ഫിഷറീസ് കോളനി, ആശാൻപടി എന്നിവിടങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി.
എല്ലായിടത്തും കൊന്നപ്പൂക്കൾ നൽകിയാണ് പ്രവർത്തകർ സ്ഥാനാർഥിയെ എതിരേൽക്കുന്നത്. നടപ്പാക്കിയ വികസന പദ്ധതികൾ ഒരോന്നും അക്കമിട്ട് നിരത്തിയാണ് സ്വീകരണ കേന്ദ്രങ്ങളിലെ ഡോ. ജലീലിെൻറ സംസാരം. ഉച്ചക്ക് ശേഷം പുറത്തൂർ കയർ സൊസൈറ്റിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് പാലംപടി, ഉണ്ടപടി മിച്ചഭൂമി, മുല്ലവളപ്പ് എന്നിവിടങ്ങളിലെ സ്വീകരണശേഷം മഠത്തിൽപടിയിൽ സമാപിച്ചു.
ഫേസ്ബുക്ക് ലൈവിലെ പതിവ് സംഭാഷണം പോലെ 'ഞാൻ ഫിറോസ് കുന്നംപറമ്പിലാണ്' എന്ന് അഭിസംബോധനം ചെയ്താണ് യു.ഡി.എഫ് സ്ഥാനാർഥി മിക്ക വേദികളിലും പ്രസംഗം ആരംഭിക്കുന്നത്. ഞായറാഴ്ച എടപ്പാൾ പഞ്ചായത്തിലെ വലിയ പാലത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഗായകൻ എടപ്പാൾ ബാപ്പു, നാട്ടുവൈദ്യൻ വേലു വൈദ്യർ എന്നിവരെ സന്ദർശിച്ച ശേഷം ശബരിമല മുൻ മാളികപ്പുറം മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരിയുടെ പൊൽപ്പാക്കരയിലെ വീട്ടിൽ എത്തി അനുഗ്രഹം വാങ്ങി.
പെരുമ്പറമ്പ് മേഖലയിലെ രോഗബാധിതരായ ആളുകളെ സന്ദർശിച്ചു. ഉച്ചക്ക് ശേഷം വെങ്ങിനിക്കര, വൈദ്യർമൂല പൂക്കരത്തറ, അയിലക്കാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. എം.എൽ.എ ആയാൽ കിട്ടുന്ന ശമ്പളം അർബുദ രോഗികൾക്കായി മാറ്റിവെക്കുമെന്ന് കുടുംബയോഗത്തിൽ പറഞ്ഞു. അയിലക്കാട്ട് മരണവീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
കോലത്താണ് പര്യടനം സമാപിച്ചത്. കുടുംബയോഗങ്ങളിൽ ഡി.സി.സി പ്രസിഡൻറ് ആര്യാടൻ ഷൗക്കത്തിെൻറ സാന്നിധ്യവുമുണ്ടായിരുന്നു. എൻ.ഡി.എ സ്ഥാനാർഥി രമേശ്, എസ്.ഡി.പി.ഐ ടിക്കറ്റിൽ മത്സരിക്കുന്ന ഹസൻ ചിയ്യാനൂർ എന്നിവരും മണ്ഡലത്തിലെ വിവിധ മേഖലകളിൽ പ്രചാരണ പ്രവർത്തനങ്ങളുമായി സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.